നിക്ഷേപ സാധ്യതകൾ പഠിക്കാൻ 50 മലയാളി സംഘം യു.എ.ഇയിൽനിന്ന് റിയാദിലെത്തി
text_fieldsറിയാദ്: സൗദി അറേബ്യയിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് പഠിക്കാൻ മലയാളി സംരംഭകരുടെ 50 അംഗ സംഘം റിയാദിലെത്തി. യു.എ.ഇ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇൻറർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) ഭാരവാഹികളും അംഗങ്ങളുമാണ് സൗദി നിക്ഷേപ മന്ത്രാലയ പ്രതിനിധികളുമായും ചേംബർ ഓഫ് കോമേഴ്സ് പ്രതിനിധികളുമായും ചർച്ച നടത്തിയത്.
നിക്ഷേപ നിയമങ്ങളെയും സാധ്യതകളെയും കുറിച്ച് കൃത്യമായ വിവരങ്ങളും ആവശ്യമായ സഹായ വാഗ്ദാനവും നൽകിയാണ് മന്ത്രാലയം തങ്ങളെ സൗദി ആതിഥേയത്വത്തിന്റെ ഊഷ്മളതയോടെ സ്വീകരിച്ചതെന്ന് യാത്രാസംഘം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി പ്രത്യേകം ചോദ്യോത്തര സൗകര്യവും മന്ത്രാലയം ഒരുക്കി.
സൗദി വ്യവസായ പ്രമുഖരുമായുള്ള കൂടിക്കാഴ്ചക്ക് റിയാദ് ചേംബർ ഓഫ് കോമേഴ്സ് അവസരമൊരുക്കി. നിധികൾ ഒളിഞ്ഞുകിടക്കുന്ന മരുപ്പാടമാണ് സൗദി അറേബ്യയെന്ന് യാത്ര ബോധ്യപ്പെടുത്തിയെന്നും അതിവേഗം ഇവിടേക്ക് സംരംഭങ്ങളുമായി എത്തുമെന്നും സംഘത്തിലുള്ളവർ പറഞ്ഞു. വരും വർഷങ്ങളിൽ വലിയ ലോകോത്തര ഇവൻറുകൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്ന സൗദി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷ നൽകുന്നതാണ്.
2034ൽ ലോകകപ്പ് ഫുട്ബാൾ സൗദിയിലെത്താനുള്ള സാധ്യതയും രാജ്യത്തെ നിക്ഷേപ സാധ്യത പതിന്മടങ്ങ് വർധിപ്പിക്കുന്നതാണെന്നും സംഘാംഗം അവന്യൂ പ്രഫഷനൽ മാനേജിങ് ഡയറക്ടറുമായ പി.സി. ഷഫീഖ് പറഞ്ഞു. ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടത്തിയ സന്ദർശന പരിപാടിയുടെ സംഘാടകർ അനലറ്റിക്സ് അറേബ്യയാണ്. മാനേജിങ് ഡയറക്ടർ നിഷാദ് അബ്ദുറഹ്മാനാണ് നേതൃത്വം നൽകിയത്. വ്യത്യസ്ത മേഖലയിൽ നിന്നെത്തിയ സംരംഭകർ വിവിധ വകുപ്പുകളുമായി നടത്തിയ ചർച്ചകൾക്കുശേഷം സംശയങ്ങളെല്ലാം തീർത്ത് പുതിയ പ്രതീക്ഷകളുമായാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.