സൗദി ചാരിറ്റി പ്ലാറ്റ്ഫോമായ ‘ഇഹ്സാനി’ലേക്കെത്തിയ സംഭാവന 500 കോടി റിയാൽ കവിഞ്ഞു
text_fieldsയാംബു: ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്കുള്ള സൗദി അറേബ്യയുടെ ധനസമാഹരണ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘ഇഹ്സാനി’ലേക്ക് എത്തിയ സംഭാവന 500 കോടി റിയാൽ കവിഞ്ഞു. സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ 2021 മാർച്ച് മുതൽ കുറഞ്ഞ കാലയളവിനുള്ളിൽ സമാഹരിക്കാനായ സംഭാവനയാണിത്. 10.5 ലക്ഷത്തിലധികം ആളുകളാണ് സംഭാവന നൽകിയത്. ഈ തുക 48 ലക്ഷത്തിലധികം ആളുകൾക്ക് ആശ്വാസമായി മാറി. രാജ്യത്തെ ജീവകാരുണ്യ മേഖല വികസിപ്പിക്കാനും ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനും സുതാര്യതയോടെ പ്രവർത്തനം നടത്തുന്നതും സംഭാവനകൾ നൽകാനുള്ള ജനപ്രിയ ദേശീയ പ്ലാറ്റ്ഫോമായും ഇഹ്സാൻ മാറിക്കഴിഞ്ഞു. ഇഹ്സാൻ പ്ലാറ്റ്ഫോമിന്റെ കാര്യക്ഷമതയും വിശ്വാസ്യതയും ഏറ്റവും അർഹരെ കണ്ടെത്തി സംഭാവനകൾ നൽകുന്നതിലുള്ള ജാഗ്രതയും ഇതിനകം രാജ്യത്തെ നിവാസികൾക്കിടയിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പ്ലാറ്റ് ഫോം വഴി ലഭിക്കുന്ന സംഭാവനകളിൽ 99 ശതമാനവും സൗദി അറേബ്യയിലാണ് ചെലവഴിക്കുന്നത്. ഇതിൽ ഒരു ശതമാനം കെ.എസ് റിലീഫുമായി സഹകരിച്ച് വിദേശ രാജ്യങ്ങളിലും ചെലവഴിക്കുന്നുണ്ട്. സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിക്ക് പുറമെ ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, ആരോഗ്യമന്ത്രാലയം, സൗദി സെൻട്രൽ ബാങ്ക്, വിദ്യാഭ്യാസ മന്ത്രാലയം, മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം, നീതിന്യായ മന്ത്രാലയം തുടങ്ങിയവ ഉൾപ്പെട്ട കമ്മിറ്റിയാണ് ഇഹ്സാൻ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
ആരോഗ്യമേഖലയിലെ 9,52,000 ലധികം ഗുണഭോക്താക്കൾക്കും മതകാര്യ മേഖലയിൽ 20 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്കും നിർധനരായ 63,000-ത്തിലധികം ആളുകൾക്ക് വിവിധ മേഖലകളിൽ സേവനം ചെയ്യാനും ഭക്ഷ്യമേഖലയിൽ 42 ലക്ഷത്തിലധികം പേർക്കും ‘ഇഹ്സാൻ ഫണ്ട്’ ഇതിനകം ചെലവഴിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.