അൽഉലയിൽ 550 ദശലക്ഷം വർഷം പഴക്കമുള്ള 'മത്സ്യപ്പാറ'
text_fieldsബുറൈദ: വിചിത്രമായ ഭവനനിർമിതികളും പുരാതന ലിഖിതങ്ങളും കൊണ്ട് സന്ദർശകരെ അമ്പരപ്പിക്കുകയും യുനസ്കോ ലോകപൈതൃക പട്ടികയിൽ ഇടം നേടുകയും ചെയ്ത അൽഉല മരുഭൂമിയിൽ ഭീമൻ മത്സ്യത്തിന്റെ ആകൃതിയിലുള്ള പാറ വിസ്‍മയമാകുന്നു. ആകാശത്തുനിന്നുള്ള കാഴ്ചയിൽ സൗദി ഫോട്ടോഗ്രാഫർ ഖാലിദ് അൽ-ഇനാസി പകർത്തിയ പാറയുടെ ചിത്രം വൈറലായി. പ്രഫഷനൽ ഫോട്ടോഗ്രാഫറാണ് ഖാലിദ്. ഏറെ കൗതുകമുണർത്തുന്ന ആകൃതിയിലുള്ള പാറയുടെ ചിത്രം തന്റെ ഡ്രോൺ കാമറ ഉപയോഗിച്ചാണ് അദ്ദേഹം പകർത്തിയത്.
രണ്ട് ലക്ഷം വർഷത്തിലേറെ പഴക്കമുള്ള പൗരാണിക നഗരികതയുടെ അവശേഷിപ്പുകൾ പേറുന്ന 22,000 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന അൽഉല പ്രദേശത്താണ് കുറച്ചുകാലമായി ഖാലിദിന്റെ പ്രവർത്തനം. ഇതിന്റെ ഭാഗമായി രണ്ടാഴ്ച മുമ്പ് തന്റെ ഡ്രോൺ കാമറ ഉപയോഗിച്ചു ചിത്രങ്ങൾ പകർത്തി എഡിറ്റിങ്ങിനായി വീട്ടിലേക്ക് മടങ്ങി. എടുത്ത ചിത്രങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് സമുദ്രത്തിൽ നീന്തുന്ന മത്സ്യത്തിന്റെ ആകൃതിയിൽ ഒരു പാറ ശ്രദ്ധയിൽപെട്ടത്. പെട്ടെന്ന് തന്നെ ആ പ്രദേശത്തേക്ക് പോയി കൂടുതൽ ചിത്രങ്ങൾ പകർത്തുകയായിരുന്നു.
ഖാലിദ് പങ്കുവെച്ച ചിത്രങ്ങളും വിഡിയോയും ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഫോട്ടോഗ്രഫിയിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനായി പൊലീസ് ഓഫിസർ ജോലി ഉപേക്ഷിക്കുകയായിരുന്നു 35 കാരനായ ഖാലിദ് അൽ-ഇനാസി. ഖാലിദിന്റെ കണ്ടെത്തൽ ശാസ്ത്രീയ പ്രധാന്യമുള്ളതാണെന്ന് സൗദി ഭൗമ ശാസ്ത്രജ്ഞൻ താമിർ അൽ-ഹർബി പറഞ്ഞു. കാറ്റ്, മഴ, ഗുരുത്വാകർഷണം, ഭൂമിയുടെ ടെക്ടോണിക് ചലനങ്ങൾ എന്നിവയാൽ കാലാന്തരത്തിൽ രൂപപ്പെട്ടതാണ് അൽഉലയുടെ ആകർഷണീയവും കൗതുകം ഉണർത്തുന്നതുമായ വിവിധ ആകൃതികളിലുള്ള പാറകൾ എന്ന് ഖാലിദ് അൽ-ഇനാസി പറയുന്നു.
പാറകൾ തുരന്ന് ഭവന നിർമാണം നടത്തിയിരുന്ന സാലിഹ് പ്രവാചകന്റെ കരുത്തരായ ജനതയെ സംബന്ധിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ട്. 'മദാഇൻ സാലിഹ്' എന്നറിയപ്പെടുന്ന പ്രദേശം അൽഉലയിലാണ്. ഇതിഹാസ തുല്യമായ ഒരു മരുപ്രദേശത്തിന്റെ അടയാളങ്ങളാണ് അവിടെയുള്ളത്. 2008 ൽ യുനെസ്കോ ലോകപൈതൃക നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ശേഷം സൗദിയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള മദാഇൻ സാലിഹിലേക്ക് സന്ദർശകരുടെ ഒഴുക്കുണ്ടായിരുന്നു.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ താൽപര്യ പ്രകാരം പൈതൃക നഗരത്തെ ടൂറിസ്റ്റ് കേന്ദ്രമായി കൂടി വികസിപ്പിക്കുന്നതിനും വാസ്തു വൈദഗ്‌ധ്യ സംരക്ഷണത്തിനുമായി അൽഉല റോയൽ കമീഷൻ രൂപവത്കരിച്ചു. 2018ൽ ഈ പ്രദേശത്തെ കൊത്തുപണികളും ശിലാചിത്രങ്ങളും ഗുഹാശിൽപങ്ങളും സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്കായി ഫ്രാൻസുമായി കരാറിലേർപ്പെട്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഓപൺ മ്യൂസിയം എന്ന പ്രശസ്തിയിലാണ് ഇപ്പോൾ അൽഉല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.