ഹുറൂബ് ആയതും താമസരേഖ കാലഹരണപ്പെട്ടതുമായ 5,992 ഇന്ത്യക്കാരെ ഈ വർഷം നാട്ടിലയച്ചു - ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
text_fieldsജിദ്ദ: സ്പോൺസർമാർ ഒളിച്ചോടിയവരായി (ഹുറൂബ്) പ്രഖ്യാപിക്കപ്പെട്ട 3,092 ഇന്ത്യക്കാരെയും താമസരേഖ (ഇഖാമ) കാലഹരണപ്പെട്ട 2,900 പേരെയും ഈ വർഷം കോൺസുലേറ്റ് ഇടപെട്ട് ഫൈനൽ എക്സിറ്റ് വിസ അടിപ്പിച്ച് നാട്ടിലയച്ചതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇന്ത്യൻ മാധ്യമ പ്രവർത്തകർക്കായി ജിദ്ദ ഷെറാട്ടൺ ഹോട്ടലിൽ കോൺസുലേറ്റ് സംഘടിപ്പിച്ച അത്താഴ വിരുന്നിൽ കോൺസുൽ ജനറലിന് വേണ്ടി വെൽഫെയർ ആൻഡ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം ആണ് ഇക്കാര്യം അറിയിച്ചത്. തൊഴിൽ സംബന്ധമായ 300 ഓളം പ്രശ്നങ്ങൾ വിജയകരമായി പരിഹരിച്ചു. ദുരിതബാധിതരായ 400 ഓളം ഇന്ത്യക്കാർക്ക് പിന്തുണയും സഹായവും നൽകുന്നതിനായി അവരുമായി കോൺസുലേറ്റ് അധികൃതർ ഓൺലൈൻ മീറ്റിങ് നടത്തി.
ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ഏകദേശം 15 ലക്ഷം രൂപ അനുവദിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട 1,200 മരണ കേസുകളിൽ 981 കേസുകൾക്ക് സൗദിയിൽ ഖബറടക്കം നടത്തുന്നതിനും 219 മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോവുന്നതിനും എൻ.ഒ.സി നൽകി. വിവിധ കേസുകളിൽ മരണ നഷ്ടപരിഹാരമായി അഞ്ച് കോടിയിലധികം രൂപയും സേവനാനന്തര ആനുകൂല്യങ്ങളും കുടിശ്ശികയായ ശമ്പളവും ഉൾപ്പെടെ തീർപ്പാകാതെ കിടന്നിരുന്നതും നിയമപരമായി ലഭിക്കേണ്ടതുമായ രണ്ട് കോടിയോളം രൂപയും ഇന്ത്യൻ പ്രവാസികൾക്ക് ലഭ്യമാക്കാൻ കോൺസുലേറ്റ് സഹായിച്ചു. ഈ ശ്രമങ്ങളിൽ പിന്തുണച്ച സൗദി അധികാരികളോട് കോൺസുലേറ്റ് നന്ദി അറിയിച്ചു.
ഇന്ത്യൻ തടവുകാരെ സഹായിക്കുന്നതിനും അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുന്നതിനുമായി കോൺസുലേറ്റ് ജീവനക്കാർ 25 തവണ രാജ്യത്തെ വിവിധ ജയിലുകളിൽ സന്ദർശനം നടത്തി. ഈ വർഷം നവംബർ വരെ മൊത്തം 51,980 പാസ്‌പോർട്ടുകൾ ഇഷ്യൂ ചെയ്തു. 1,296 ജനന രജിസ്‌ട്രേഷൻ രേഖ, 761 വിവിധ സേവനങ്ങൾ, 2,662 പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, 1,404 ജനറൽ എമർജൻസി സർട്ടിഫിക്കറ്റുകൾ, ജയിലിൽ നിന്ന് നാടുകടത്തുന്നതിനുള്ള 2,554 എമർജൻസി സർട്ടിഫിക്കറ്റുകൾ എന്നിവയും ഈ കലയളവിൽ ഇഷ്യൂ ചെയ്തു. കോൺസുലേറ്റിന്റെ അധികാരപരിധിയിലുള്ള പ്രധാന നഗരങ്ങളിൽ പതിവായി കോൺസുലർ ടൂറുകൾ നടത്തി. ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് അവരുടെ പരാതികൾ ജീവനക്കാരെ നേരിട്ട് അറിയിക്കനായി കോൺസുലേറ്റിൽ നിരവധി ഓപ്പൺ ഹൗസ് സെഷനുകൾ സംഘടിപ്പിച്ചു.
സാംസ്കാരിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ സമൂഹവുമായി സഹകരിച്ച് കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ ദീപാവലി, യൂനിറ്റി ഡേ, കളേഴ്‌സ് ഓഫ് ഇന്ത്യ, അനന്തോൽസവം 2023, ദേശീയ വിദ്യാഭ്യാസ ദിനം, ഗുജറാത്തിലെ ഗർബ നൃത്തം തുടങ്ങി വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇന്തോ-സൗദി സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി കോൺസുലേറ്റും ഇന്ത്യൻ കമ്മ്യൂണിറ്റിയും സൗദി ഫ്രണ്ട്സ് ഓഫ് ഇന്ത്യയും ചേർന്ന് ജനുവരി 19 ന് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ 'സൗദി-ഇന്ത്യ ഫെസ്റ്റിവൽ' സംഘടിപ്പിക്കുന്നുമുണ്ട്.
രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ ഇന്ത്യൻ, സൗദി പ്രതിനിധികൾ തമ്മിലുള്ള ബിസിനസ് ടു ബിസിനസ് മീറ്റിങ്ങുകൾ സംഘടിപ്പിച്ചു വരുന്നു. ഉൽപ്പാദനം, വിനോദസഞ്ചാരം, കൃഷി, ഭക്ഷ്യസുരക്ഷ, ഹെൽത്ത് കെയർ ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ഐടി, വിദ്യാഭ്യാസം, പരിശീലനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുകയാണ് ഈ ഇടപെടലുകളിലൂടെ ലക്ഷ്യമിടുന്നത്. ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സുമായി ചേർന്ന് ഒരു ബിസിനസ് മീറ്റും ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘത്തിന് കോൺസുലേറ്റ് ആതിഥേയത്വം നൽകുകയും ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ ഉദ്യോഗസ്ഥരുമായി അവർക്ക് ആശയവിനിമയം നടത്താനുള്ള അവസരമൊരുക്കുകയും ചെയ്തു.
2024ലെ ഹജ്ജ് വേളയിൽ ഇന്ത്യൻ തീർഥാടകർക്ക് കൃത്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഹജ്ജ് തയ്യാറെടുപ്പുകൾ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഹജ്ജ് ഒരുക്കങ്ങൾക്കായുള്ള ഓൺലൈൻ മീറ്റിങ്ങുകൾ നടന്നു. അടുത്ത വർഷവും ഇന്ത്യയിൽ നിന്നും 1,75,025 തീർത്ഥാടകരാണ് ഹജ്ജിനെത്തുന്നത്. കഴിഞ്ഞയാഴ്ച സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിഅ ഇന്ത്യയിൽ ആദ്യത്തെ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. സന്ദർശനത്തിനിടെ ഡൽഹിയിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായും കോൺസുലേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.