സൗദിയിൽ 155 മലയാളികൾ ഉൾപ്പെടെ 613 ഇന്ത്യക്കാർ കോവിഡ് ബാധിച്ച് മരിച്ചു -അംബാസഡർ
text_fieldsജിദ്ദ: സൗദി അറേബ്യയിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം 613 ആണെന്ന് അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചു. ഇവരിൽ 155 പേർ മലയാളികളാണ്. ഉത്തർ പ്രദേശ് സ്വദേശികൾ 126 ഉം 62 തെലുങ്കാന സംസ്ഥാനക്കാരും മരിച്ചിട്ടുണ്ട്. ബാക്കിയുള്ളവർ വിവിധ സംസ്ഥാനക്കാരാണെന്നും അംബാസഡർ അറിയിച്ചു.
ഇന്ത്യൻ സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സാമൂഹിക പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും ഓൺലൈൻ വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയെ തുടർന്നുള്ള യാത്രാനിരോധത്തിനു ശേഷം ഇതുവരെ സൗദി അറേബ്യയിൽ നിന്നും 87,000 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായും അദ്ദേഹം അറിയിച്ചു.
വന്ദേഭാരത് മിഷനും ചാർട്ടേഡ് വിമാനങ്ങളുമുൾപ്പെടെ 480 സർവിസുകളിലായാണ് ഇത്രയും പേരെ നാട്ടിലെത്തിച്ചത്. നാട്ടിലേക്ക് മടങ്ങാനായി ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരുടെ ആകെ എണ്ണം 1,62,000 ആയിരുന്നെന്നും ഇവരിൽ ഇനി മടങ്ങാനുള്ളത് ഏകദേശം 75,000 പേരാണെന്നും അംബാസഡർ അറിയിച്ചു. മടങ്ങിയവരിൽ 59,000 പേരും ജോലി നഷ്ടപെട്ടവരായിരുന്നു.
താമസ രേഖയുടെ കാലാവധി കഴിഞ്ഞവർക്കും ഹുറൂബ് കേസുകൾക്കും നാട്ടിലേക്ക് മടങ്ങാനായി എംബസിയിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഉപയോഗപ്പെടുത്തിയവരിൽ 3,581 പേർ നാടണഞ്ഞു. ഇവരിൽ 549 പേർ താമസ രേഖയുടെ കാലാവധി കഴിഞ്ഞതിന് ശേഷം എക്‌സിറ്റ് വിസ ലഭിച്ചവരും 3,032 പേർ ഹുറൂബ് കേസിൽ നിന്നും എക്‌സിറ്റ് വിസ അടിച്ചവരുമാണ്.
കോവിഡ് മഹാമാരിക്കാലത്തും ഇന്ത്യൻ സ്കൂളുകളിൽ സി.ബി.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയം നേടിക്കൊടുത്ത അധ്യാപകരെ അംബാസഡർ അഭിനന്ദിച്ചു. സ്‌കൂൾ ഫീ അടക്കാൻ സാധിക്കാത്ത അർഹരായ വിദ്യാർഥികൾക്കേർപ്പെടുത്തിയ സ്‌കോളർഷിപ്പ് പദ്ധതി സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കുമെന്നും അംബാസഡർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.