കേസ് അവസാനിപ്പിക്കാൻ 6,70,000 റിയാൽ കൈപ്പറ്റി; ജഡ്ജി അറസ്റ്റിൽ
text_fieldsറിയാദ്: ഒരു കേസ് അവസാനിപ്പിക്കാൻ 6,70,000 റിയാൽ കൈപ്പറ്റിയ ജഡ്ജിയെ അഴിമതി വിരുദ്ധ അതോറിറ്റി അറസ്റ്റ് ചെയ്തു. രാജ്യത്തെ ഒരു റീജനൽ കോടതിയിൽ ജോലി ചെയ്തിരുന്ന ജഡ്ജി കേസ് അവസാനിപ്പിക്കാനുള്ള കൈക്കൂലിയായി10 ലക്ഷം റിയാലാണ് ആവശ്യപ്പെട്ടിരുന്നത്. ആദ്യ ഗഡുവായി 6,70,000 റിയാൽ കൈപ്പറ്റവെയാണ് പിടിയിലായത്. 1.9 കോടി റിയാലിന്റെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസ് അവസാനിപ്പിക്കാനുള്ള പ്രതിഫലമായിരുന്നു ഇത്. കോടതിയിൽ കെട്ടിക്കിടന്ന കേസ് അവസാനിപ്പിക്കാൻ കേസിലുൾപ്പെട്ട സ്വദേശി പൗരനാണ് പണം വാഗ്ദാനം ചെയ്തത്. അതേ കോടതിയിലെ മറ്റൊരു ജഡ്ജിയുടെ സഹായത്തോടെ കേസ് അവസാനിപ്പിക്കാൻ പ്രതിയായ ജഡ്ജി നീക്കം നടത്തുകയായിരുന്നു. സഹായിച്ച ജഡ്ജിയെ സസ്പെൻഡ് ചെയ്തതായും അതോറിറ്റി വക്താവ് പറഞ്ഞു.
ഇതുൾപ്പെടെ അഴിമതിയുമായി ബന്ധപ്പെട്ട് അടുത്തിടെ രജിസ്റ്റർ ചെയ്ത14 ക്രിമിനൽ കേസുകൾ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചതായി അതോറിറ്റി വ്യക്തമാക്കി. ഒരു ഗവർണറേറ്റ് പരിധിയിൽ ക്രമരഹിതമായ രീതിയിൽ ഭൂമി ഒഴിപ്പിച്ചതിന് പകരമായി 44,61,500 റിയാൽ കൈക്കൂലിയായി വാങ്ങിയ പബ്ലിക് നോട്ടറി പബ്ലിക്കിനെയും ഒരു പൗരനെയും അറസ്റ്റ് ചെയ്തതാണ് മറ്റൊരു കേസ്.
ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ജയിൽ വകുപ്പിൽ ജോലി ചെയ്യുന്ന മേജർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതാണ് മറ്റൊന്ന്. നാടുകടത്തൽ ജയിലിലെ വിദേശ തടവുകാരിൽ ഒരാളുടെ ഏജന്റിൽനിന്ന് ഒരു ലക്ഷം റിയാലിൽനിന്ന് 60,000 റിയാൽ സ്വീകരിക്കുേമ്പാഴാണ് ഉദ്യോഗസ്ഥൻ പിടിയിലായത്. ജയിൽ മോചിതനാക്കാനും നാടുകടത്താതിരിക്കാനും പകരമായാണ് ഇത്രയും പണം കൈപ്പറ്റിയത്. പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ കേസാണ് മറ്റൊന്ന്. കേസ് സംരക്ഷിക്കുന്നതിനും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യാതിരിക്കാനും പകരമായി താമസക്കാരിൽനിന്ന് ഒരു ലക്ഷം റിയാൽ നേടിയതായും വക്താവ് പറഞ്ഞു.
ഒരു പൗരന്റെ ജാമ്യാപേക്ഷ സാക്ഷ്യപ്പെടുത്താനായി 800 റിയാൽ കൈപ്പറ്റിയ ഡിസ്ട്രിക്ട് കാര്യാലയ ഉദ്യോഗസ്ഥൻ അറസ്റ്റിലായ കേസാണ് ഒന്ന്. സൗദി സ്റ്റാൻഡേഡ്സ് മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനും അറസ്റ്റിലായതിൽ ഉൾപ്പെടും. ക്രമരഹിതമായ രീതിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് പകരമായി 6,000 റിയാൽ കൈക്കൂലിയായി കൈപ്പറ്റുമ്പോഴായിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.