നേട്ടങ്ങളുടെ നിറവിൽ ഭരണതലപ്പത്ത് ആറ് വർഷം പൂർത്തിയാക്കി സൽമാൻ രാജാവ്
text_fieldsജിദ്ദ: സൗദി അറേബ്യയുടെ ഭരണാധികാരിയായി സൽമാൻ രാജാവ് ഭരണമേറ്റിട്ട് ആറ് വർഷം പൂർത്തിയായി. ഹിജ്റ വർഷം 1436 റബീഉൽ ആഖിർ മൂന്നിന് (23 ജനുവരി 2015) അധികാരമേറ്റ സൽമാൻ രാജാവിെൻറ നേതൃത്വത്തിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ സ്മരിച്ചും അഭിമാനപൂർവം ആശംസകൾ അർപ്പിച്ചും രാജ്യത്തെ പൗരന്മാരും പ്രവാസികളും ആഘോഷിക്കുകയാണ്.
പിന്നിട്ട് ആറ് വർഷത്തിനിടയിൽ രാജ്യത്തിെൻറ എല്ലാ മേഖലകളിലും വകുപ്പുകളിലും വൻ വികസനത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ആറ് വർഷത്തെ ഭരണത്തിനിടയിൽ രാജ്യത്തെ ജനങ്ങൾക്ക് നന്മയും ക്ഷേമവും പ്രദാനം ചെയ്യാൻ സൽമാൻ രാജാവിന് സാധിച്ചു. അധികാരമേറ്റ ശേഷം സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികം, ഗതാഗതം, വ്യവസായം, വൈദ്യുതി, ജലം, കൃഷി എന്നീ മേഖലകളിൽ വിപുലമായ നേട്ടങ്ങളും വികസനവുമാണ് രാജ്യം ആർജ്ജിച്ചത്.
രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും വികസിപ്പിക്കുന്നതിനും സമഗ്രവും സമ്പൂർണവുമായ മികച്ച നേട്ടങ്ങൾ അടയാളപ്പെടുത്തുകയുണ്ടായി. വൻകിട വികസന പദ്ധതികൾക്കാണ് തുടക്കമിട്ടത്. സ്ത്രീശാക്തീകരണ രംഗത്ത് വിപ്ലവകരമായ വലിയ മാറ്റങ്ങൾക്ക് സുപ്രധാന തീരുമാനങ്ങളിടയാക്കി. ലോകത്തെ വികസിത രാജ്യങ്ങൾക്കിടയിൽ മുൻനിരയിലെത്താനും സൗദി അറേബ്യക്ക് സാധിച്ചു. രാജാവിെൻറ ദീർഘ ദൃഷ്ടിയും നയനിലപാടുകളും ഭരണപാടവവും ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നായി സൗദി അറേബ്യയെ മാറ്റാൻ സഹായിച്ചു.
1935 ഡിസംബർ 31നാണ് സൽമാൻ രാജാവിെൻറ ജനനം. സൗദി സ്ഥാപകനായ അബ്ദുൽ അസീസ് രാജാവിെൻറ 25ാമത്തെ മകനാണ്. റിയാദിലെ കൊട്ടാരത്തിൽ സഹോദരന്മാരോടൊപ്പം വളർന്നു. അവിടെ വെച്ച് രാജാക്കന്മാരുമായും ഭരണാധികാരികളുമായുള്ള പിതാവിെൻറ കൂടിക്കാഴ്ചകളിൽ അനുഗമിച്ചു. റിയാദിലെ പ്രിൻസസ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. മതവും ആധുനിക ശാസ്ത്രവും പഠിച്ചു. 10ാം വയസിൽ മസ്ജിദുൽ ഹറാം ഖത്തീബും ഇമാമുമായ അബദുല്ല ഖയ്യാത്തിെൻറ സഹായത്തോടെ ഖുർആൻ പഠനം പൂർത്തിയാക്കി. നിരവധി സർട്ടിഫിക്കറ്റുകളും അക്കാദമിക് അവാർഡുകളും ലഭിച്ചു.
1954 മാർച്ച് 16ന് റിയാദിലെ ആക്ടിങ് ഗവർണറായി നിയമിതനായി. അന്ന് 19 വയസായിരുന്നു പ്രായം. 1955 ഏപ്രിൽ 18ന് റിയാദിെൻറ പൂർണചുമതലയുള്ള ഗവർണറായി മാറി. തലസ്ഥാനമെന്നതിലുപരി ജനസംഖ്യയിലും വലുപ്പത്തിലും രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയാണ് റിയാദ്. അരശതകത്തിലധികം റിയാദ് ഗവർണറായി സൽമാൻ രാജാവ് തുടർന്നു. ലോകത്തെ അതിവേഗം വളരുന്ന തലസ്ഥാനങ്ങളിലൊന്നായി റിയാദിനെ മാറ്റുന്നതിൽ നിർണായ പങ്ക് വഹിച്ചു. വികസന പ്രകിയയക്കൊപ്പം വെല്ലുവിളികളും പ്രയാസങ്ങളും നേരിട്ട കാലമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരമായി റിയാദിനെ മാറ്റി.
നിരവധി വൻകിട പദ്ധതികളാണ് റിയാദ് മേഖലയിൽ സൽമാൻ രാജാവിെൻറ കാലത്ത് നടപ്പാക്കിയത്. എക്സ്പ്രസ് ഹൈവേകൾ, ദേശീയ പാതകൾ, സ്കൂളുകൾ, ആശുപത്രികൾ, മ്യൂസിയങ്ങൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ, വിനോദ നഗരങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾക്ക് സൽമാൻ രാജാവിെൻറ കാലത്ത് റിയാദ് നഗരം സാക്ഷ്യം വഹിച്ചു. റിയാദ് ഗവർണറായിരിക്കെ മറ്റ് നിരവധി ഉത്തരവാദിത്തങ്ങൾ വഹിക്കുകയും പദവികൾ അലങ്കരിക്കുകയും ചെയ്തു.
2011 നവംബറിൽ സൗദി പ്രതിരോധ മന്ത്രിയായി നിയമിച്ചു. ആയുധ നിർമാണത്തിലും പ്രതിരോധ മന്ത്രാലയത്തിെൻറ മുഴുവൻ മേഖലകളുടെ സമഗ്ര വികസനത്തിനും അന്ന് മന്ത്രാലയം സാക്ഷ്യം വഹിച്ചു. പിന്നീട് കീരിടാവകാശിയും ഉപപ്രധാനമന്ത്രിയുമായി. അബ്ദുല്ല രാജാവിെൻറ മരണശേഷം 2015 ജനുവരി 23ന് സൗദി അറേബ്യയുടെ രാജാവായി അധികാരമേറ്റു. ജീവകാരുണ്യ രംഗത്തും സൽമാൻ രാജാവ് ശ്രദ്ധപുലർത്തി. കിങ് സൽമാൻ റിലീഫ് സെൻറർ അദ്ദേഹമാണ് സ്ഥാപിച്ചത്. കിങ് സൽമാൻ സിസെബിലിറ്റി റിസർച്ച് സെൻറർ പ്രസിഡൻറ്, അവയവ മാറ്റത്തിനുള്ള സൗദി സെൻറർ പ്രസിഡൻസി, അമീർ ഫഹദ് ബിൻ സൽമാൻ ചാരിറ്റബിർ സെൻറർ ഫോർ കിഡ്നി പേഷ്യൻറ്സ് പ്രസിഡൻസി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. മാനുഷിക സഹായങ്ങൾക്കും പരിശ്രമങ്ങൾക്കും നിരവധി രാജ്യങ്ങളിൽ നിന്ന് മെഡലുകൾ സൽമാൻ രാജാവിനെ തേടിയെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.