സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ
text_fieldsറിയാദ്: രണ്ട് മാസത്തോളമായി തുടരുന്ന ആഭ്യന്തരയുദ്ധം കലുഷിതമാക്കിയ സുഡാനിലെ സായുധസേനയുടെയും (എസ്.എ.എഫ്) ദ്രുത പിന്തുണ സേനയുടെയും (ആർ.എസ്.എഫ്) പ്രതിനിധികൾ ഞായറാഴ്ച മുതൽ സുഡാനിലുടനീളം 72 മണിക്കൂർ നേരത്തേക്ക് വെടിനിർത്തലിന് സമ്മതിച്ചു. ഇരുവിഭാഗങ്ങൾക്കുമിടയിൽ നടക്കുന്ന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന സൗദി അറേബ്യയുടെയും അമേരിക്കയുടെയും സംയുക്ത നീക്കത്തിന്റെ ഫലമായാണ് വീണ്ടും ഒരു വെടിനിർത്തലിന് ഇരുകൂട്ടരും തയാറായത്.
വെടിനിർത്തൽ സമയത്ത് സൈനിക നീക്കങ്ങൾ, ആക്രമണങ്ങൾ, വിമാനങ്ങളുടെയും ഡ്രോണുകളുടെയും സൈനിക ഉപയോഗം, പീരങ്കി ആക്രമണങ്ങൾ, സേനയുടെ പുനർവിന്യാസം എന്നിവയിൽനിന്ന് വിട്ടുനിൽക്കുമെന്നും ഈ സമയത്ത് സൈനികനേട്ടങ്ങൾക്ക് ശ്രമിക്കുകയില്ലെന്നും ഇരു കക്ഷികളും സമ്മതിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം തടസ്സമില്ലാത്ത റോഡ് ഗതാഗതത്തിനും ചരക്കുനീക്കത്തിനും മാനുഷിക സഹായ വിതരണത്തിനും അവസരമൊരുക്കാമെന്നും ധാരണയിലെത്തിയിട്ടുണ്ട്. സുഡാനിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് മാനുഷിക സഹായം നൽകിവരുന്ന രാജ്യങ്ങളുടെ മുൻകൈയിൽ തിങ്കളാഴ്ച രാജ്യാന്തര യോഗം ചേരുന്ന സാഹചര്യത്തിൽ സുഡാനീസ് ജനതയുടെ ദുരിതങ്ങൾ പരിഗണിക്കാനും വെടിനിർത്തൽ പൂർണമായും പാലിക്കാനും അക്രമത്തിന്റെയും തീവ്രതയുടെയും മാർഗം കൈവെടിയാനും സൗദിയും യു.എസും സൈനിക വിഭാഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ വെടിനിർത്തൽ പാലിക്കുന്നതിൽ കക്ഷികൾ പരാജയപ്പെട്ടാൽ ജിദ്ദ ചർച്ചകൾ തുടരുന്നത് കൊണ്ട് കാര്യമില്ലെന്നും അവ നിർത്തിവെക്കാൻ പ്രേരിതരാകുമെന്നും സൈനികവിഭാഗങ്ങളെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.