ഈ വർഷത്തെ ഹജ്ജിന് ഇന്ത്യയിൽ നിന്നും 79,237 തീര്‍ഥാടകര്‍ക്ക് അവസരം
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജ് കർമത്തിനായി ഇന്ത്യയിൽ നിന്നും 79,237 തീർത്ഥാടകർക്ക് അവസരമുണ്ടാവുമെന്ന് സൂചന. ഇതുസംബന്ധിച്ച വിവരം സൗദി ഹജ്ജ് മന്ത്രാലയത്തില്‍ നിന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന് ലഭിച്ചതായാണ് വിവരം. എന്നാൽ ഇക്കാര്യം ഇന്ത്യൻ ഹജ്ജ് മിഷൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ഹജ്ജ് കർമത്തിന് സൗദിക്ക് പുറത്തു നിന്നും വിദേശ തീർത്ഥാടകർക്ക് അനുവാദമുണ്ടായിരുന്നില്ല. ഈ വർഷം നിയന്ത്രണങ്ങളോടെ രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി 10 ലക്ഷം തീർത്ഥാടകർക്ക് ഹജ്ജിന് അവസരമുണ്ടാവുമെന്ന് ഹജ്ജ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇവരിൽ എട്ടര ലക്ഷം തീർത്ഥാടകരും വിദേശ രാജ്യങ്ങളിൽ നിന്നായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് ഓരോ രാജ്യങ്ങൾക്കുമുള്ള ക്വാട്ട നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യക്ക് പുറമെ ഏഷ്യൻ രാജ്യങ്ങളായ പാക്കിസ്ഥാനിൽ നിന്നും 81,132, ബംഗ്ളാദേശിൽ നിന്ന് 57,856, അഫ്‌ഗാനിസ്ഥാനിൽ നിന്ന് 13,552, ശ്രീലങ്കയിൽ നിന്ന് 1,585 എണ്ണം തീർത്ഥാടകർക്കാണ് ഈ വർഷം ഹജ്ജിന് അവസരമുണ്ടാവുക. മറ്റു രാജ്യങ്ങളുടെ ക്വാട്ടയും വരും ദിവസങ്ങളിൽ പുറത്തുവരും.
ഇന്ത്യയിൽ ഈ വർഷം ഹജ്ജിനായി അപേക്ഷിക്കാനുള്ള അവസാന തീയതിയായ ഫെബ്രുവരി 15 ന് ഒരു ലക്ഷത്തിൽ താഴെ അപേക്ഷകൾ (97,133) മാത്രമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചിരുന്നത്. സൂക്ഷ്മ പരിശോധനകൾക്ക് ശേഷം ഇവയിൽ നിന്നും 92,381 അപേക്ഷകൾ സ്വീകരിച്ചു. ഇവരിൽ 1,900 സ്ത്രീകൾ മഹ്‌റമില്ലാതെ (പുരുഷ രക്ഷിതാവില്ലാതെ) ഹജ്ജ് നിർവഹിക്കാൻ അപേക്ഷ നൽകിയവരാണ്.
12,746 എണ്ണവുമായി കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത്. ജമ്മു കാശ്മീരിൽ നിന്ന് 11,692 അപേക്ഷകളും ലഭിച്ചു. മഹാരാഷ്ട്ര 9,975, ഉത്തർപ്രദേശ് 9,775, പശ്ചിമ ബംഗാൾ 7,460, തെലങ്കാന 4,374, മധ്യപ്രദേശ് 3,620, കർണാടക 4,563, ആസാം 4,206, ബിഹാർ 2,800, ഡൽഹി 1,704 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അപേക്ഷകളുടെ എണ്ണം. 39 എണ്ണം മാത്രമുള്ള ഹിമാചൽ പ്രദേശിൽ നിന്നാണ് ഏറ്റവും കുറഞ്ഞ അപേക്ഷകരുള്ളത്. സാധാരണ സാഹചര്യങ്ങളിൽ ഇന്ത്യൻ തീർഥാടകർക്കുള്ള ക്വാട്ട ഏകദേശം 1.45 ലക്ഷം ആയിരുന്നു. ഓരോ വർഷവും 2.45 ലക്ഷം അപേക്ഷകളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചിരുന്നത്.
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്ക് ചില നിയന്ത്രണങ്ങൾ സൗദി ഹജ്ജ് മന്ത്രാലയം നിഷ്കർഷിച്ചിട്ടുണ്ട്. 65 വയസ്സിൽ താഴെയുള്ളവർക്ക് മാത്രമായിരിക്കും ഹജ്ജിന് അനുമതി. സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിൻ ഡോസുകൾ പൂർത്തിയാക്കണം. വിദേശ തീർത്ഥാടകർ സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. തീർത്ഥാടകരുടെയും മറ്റും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് ഹജ്ജ് മന്ത്രാലയം പുതിയ വ്യവസ്ഥകൾ നിർബന്ധമാക്കിയത്. ജൂലൈ എട്ട് മുതൽ പന്ത്രണ്ട് വരെയായിരിക്കും ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.