‘ലൂസിഡി’ന്റെ സൗദിയിലെ ഫാക്ടറിയിൽ 800 കാറുകൾ അസംബിൾ ചെയ്തു
text_fieldsജിദ്ദ: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളായ ലൂസിഡ് കമ്പനി സൗദി അറേബ്യയിൽ ഇതുവരെ ഏകദേശം 800 കാറുകൾ അസംബിൾ ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഫാക്ടറി പ്രവർത്തനം ആരംഭിച്ചത്.
അമേരിക്കക്ക് പുറത്തെ ലൂസിഡിന്റെ ആദ്യത്തെ ഫാക്ടറിയായിരുന്നു ഇത്. കമ്പനിയുടെ വലിയൊരു ഭാഗം ഒാഹരി സ്വന്തമാക്കി സൗദി പബ്ലിക്ക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറ മുൻകൈയിൽ പ്രതിവർഷം 5,000 ഇലക്ട്രിക് കാറുകളുടെ പ്രാരംഭ ഉൽപാദന ശേഷി ലക്ഷ്യമിട്ടാണ് ജിദ്ദ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ പ്രവർത്തനമാരംഭിച്ചത്.
200ലധികം സ്വദേശി ജീവനക്കാർ കമ്പനിയിൽ ഇപ്പോൾ പരിശീലനം നേടുകയാണ്. അമേരിക്കയിലാണ് വാഹനത്തിന്റെ ഭാഗങ്ങൾ നിർമിക്കുന്നതെന്നും അതിന്റെ അസംബ്ലിങ് പ്രക്രിയ മാത്രമാണ് സൗദിയിൽ ഇപ്പോൾ നടക്കുന്നതെന്നും ലൂസിഡ് കമ്പനി ഗ്ലോബൽ വൈസ് പ്രസിഡൻറ് ഫൈസൽ സുൽത്താൻ പറഞ്ഞു.
സൗദി ഫാക്ടറിയിൽ ബാറ്ററി വീണ്ടും കണക്ട് ചെയ്യുക, ടയറുകൾ സ്ഥാപിക്കുക, കാറിന്റെ പ്രവർത്തനം പരിശോധിക്കുക തുടങ്ങിയ ജോലികളാണ് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രതിദിനം 16 മുതൽ 20 വരെ വാഹനങ്ങളാണ് നിർമിക്കുന്നത്. ഇലക്ട്രിക് കാർ വ്യവസായത്തിനായി ഒരു കേന്ദ്രം സൃഷ്ടിക്കാനുള്ള സർക്കാറിന്റെ പദ്ധതികളുടെ ഭാഗമായാണ് സൗദിയിൽ ലൂസിഡ് കമ്പനി ആരംഭിച്ചത്. കമ്പനിയിൽ സൗദി നിക്ഷേപ ഫണ്ടിന്റെ കോടിക്കണക്കിന് നിക്ഷേപമുണ്ടെന്നും ഫൈസൽ സുൽത്താൻ പറഞ്ഞു.
10 വർഷത്തിനുള്ളിൽ ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വരെ വാങ്ങുമെന്ന് സൗദി സർക്കാർ തീരുമാനിച്ചിരുന്നു. ശുദ്ധമായ ഊർജത്തെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ കണ്ടെത്താനും കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുമുള്ള പ്രതിജ്ഞ നിറവേറ്റുന്നതിനുള്ള ആദ്യ ചുവടുവെപ്പിന്റെ ഭാഗമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.