ഇഹ്സാൻ വഴി സമാഹരിച്ചത് 850 കോടി റിയാൽ
text_fieldsറിയാദ്: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സൗദി ആരംഭിച്ച ദേശീയ പ്ലാറ്റ്ഫോം ‘ഇഹ്സാൻ’ 850 കോടി റിയാൽ സമാഹരിച്ചു. 2021ൽ പ്ലാറ്റ്ഫോം ആരംഭിച്ച ശേഷമുള്ള സംഭാവനകളുടെ കണക്കാണിത്. ദാതാക്കളുടെ എണ്ണം 1.67 കോടിയായി. പങ്കാളികളായ സിവിൽ സൊസൈറ്റി സംഘടനകളുടെ എണ്ണം 2121 ആണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംഭാവനകളുടെ തോതിലുണ്ടായ വർധനാനിരക്ക് സെക്കൻഡിൽ മൂന്ന് സംഭാവനകൾ എന്ന നിരക്കിൽ 41 ശതമാനമാണ്. 2024ലെ ഏറ്റവും ഉയർന്ന സംഭാവനകളുടെ പ്രവാഹമുണ്ടായത് അറഫ ദിനത്തിലാണ്. അന്ന് 17,91,349 സംഭാവനകളാണ് ലഭിച്ചത്.
2024ൽ പ്ലാറ്റ്ഫോമിന്റെ ഏറ്റവും പുതിയ പ്രോഗ്രാമുകളിലും പദ്ധതികളിലും ശ്രദ്ധേയമായത് സൗദിയിലെ ആദ്യത്തെ വഖഫ് ആശുപത്രിയായ അൽ സലാം എൻഡോവ്മെന്റ് പദ്ധതിയാണ്. മദീന മസ്ജിദുന്നബവിയുടെ പടിഞ്ഞാറ് മുറ്റത്തിനോട് ചേർന്നുള്ള തന്ത്രപ്രധാനവും സുപ്രധാനവുമായ സ്ഥലത്താണ് അൽ സലാം ആശുപത്രി സ്ഥിതിചെയ്യുന്നത്.
സന്ദർശകർക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണം നൽകുന്നതിൽ അൽ സലാം ആശുപത്രി ശ്രദ്ധിക്കുന്നു. പ്രതിവർഷം 10 ലക്ഷത്തിലധികം സന്ദർശകർക്കും ആഴ്ചയിൽ 4000 എമർജൻസി കേസുകൾക്കും പ്രതിവാരം 300 തീവ്രപരിചരണ കേസുകൾക്കും പ്രതിവാരം 400 ഡയാലിസിസിനും സേവനം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.