ജിദ്ദ ചരിത്രമേഖലയിൽ 9,000 ഭവന യൂനിറ്റുകൾ ഒരുക്കും
text_fieldsജിദ്ദ: പൗരാണിക ജിദ്ദ മേഖലയിൽ 9,000 ഭവന യൂനിറ്റുകൾ ഒരുക്കുന്നു. ലണ്ടനിലെ വേൾഡ് ട്രാവൽ ഫെയറിൽ പങ്കെടുക്കവേ സൗദി പൊതു നിക്ഷേപനിധി ഉടമസ്ഥതയിലുള്ള ‘തത്വീർ അൽബലദ്’ കമ്പനിയുടെ സി.ഇ.ഒ ജമീൽ ഗസ്നവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒന്നിലധികം പദ്ധതികളിലൂടെ ജിദ്ദയിൽ 1800 ഹോട്ടൽ മുറികൾ, 10 ലക്ഷത്തിലധികം ചതുരശ്ര മീറ്റർ റീട്ടെയിൽ, ഓഫിസ് സ്ഥലം എന്നിവയും ഒരുക്കാൻ കമ്പനി ലക്ഷ്യമിടുന്നുവെന്ന് ഗസ്നവി സൂചിപ്പിച്ചു.
പൗരാണിക ജിദ്ദ മേഖലയുടെ ഒരു പ്രധാന ഡെവലപ്പർ എന്ന നിലയിൽ, ഹോട്ടൽ, റെസിഡൻഷ്യൽ, ഓഫിസ്, റീട്ടെയിൽ കെട്ടിടങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനും പുനർനിർമിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനുമൊപ്പം അവിടെ സന്ദർശകർക്ക് സൗകര്യമൊരുക്കാനും നിയന്ത്രിക്കാനും പ്രവർത്തിക്കുന്ന കമ്പനിയാണ് തത്വീർ അൽബലദ്.
പ്രാദേശികവും അന്തർ ദേശീയവുമായ നിക്ഷേപകരെയും നടത്തിപ്പുകാരെയും ആകർഷിക്കാനും ലക്ഷ്യമിടുന്നു. കെട്ടിടങ്ങളുടെ പുനരുദ്ധാരണവും സ്ഥലത്തിന്റെ രൂപകൽപനയും വികസനവും ചരിത്രപരമായ ഹോട്ടലുകളാക്കി മാറ്റുന്നവ ഉൾപ്പെടെയുള്ള ആസ്തികളുടെ നടത്തിപ്പ് കമ്പനിയുടെ ഉത്തരവാദിത്തത്തിൽ ഉൾപ്പെടുന്നുവെന്ന് ഗസ്നവി ചൂണ്ടിക്കാട്ടി.
സാമ്പത്തിക വളർച്ചക്കും തൊഴിലിനും വിനോദത്തിനും അനുയോജ്യമായ അന്തരീക്ഷം ഒരുക്കലാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സന്ദർശകരുടെ എണ്ണം കൂട്ടുന്നതിനും ഇത് സഹായിക്കും. ജിദ്ദയിൽ അഞ്ച് പുരാതന സൂഖുകളും 600 ലധികം ചരിത്ര കെട്ടിടങ്ങളും 36 പുരാതന പള്ളികളും ഉൾപ്പെടുന്നുവെന്നും ഗസ്നവി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.