സൗദി പൊതുനിക്ഷേപ നിധിക്ക് കീഴിൽ 92 പുതിയ കമ്പനികൾ സ്ഥാപിച്ചു -ഗവർണർ അൽ റുമയാൻ
text_fieldsറിയാദ്: പ്രാദേശിക സമ്പദ് വ്യവസ്ഥയിൽ നിക്ഷേപം നടത്തുന്നതിൽ സൗദി അറേബ്യയുടെ പൊതുനിക്ഷേപ നിധി (പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് - പി.ഐ.എഫ്) ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് ഗവർണർ യാസർ ബിൻ ഉസ്മാൻ അൽ റുമയാൻ പറഞ്ഞു. പി.ഐ.എഫിന് കീഴിൽ 92 പുതിയ കമ്പനികളാണ് സ്ഥാപിച്ചത്.
നിയോം, ഖിദ്ദിയ, റെഡ്സീ എന്നിവ അതിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ്. മിക്ക പദ്ധതികളും നിലവിൽ വാണിജ്യ പ്രവർത്തനങ്ങളിൽ മുന്നേറുകയാണ്.
‘അനന്തമായ ചക്രവാളം... നാളെയെ രൂപപ്പെടുത്താൻ ഇന്നത്തെ നിക്ഷേപം’ എന്ന തലക്കെട്ടിൽ റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് അന്താരാഷ്ട്ര സമ്മേളനത്തിലെ ഒരു ഡയലോഗ് സെഷനിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അൽ റുമയാൻ ഇക്കാര്യങ്ങൾ പറഞ്ഞത്. പ്രാദേശിക, അന്തർദേശീയ കമ്പനികളുമായി പി.ഐ.എഫ് വലിയ നിക്ഷേപ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്.
അതിനാൽ ഫണ്ട് അതിെൻറ നിക്ഷേപങ്ങൾ ഉപയോഗിക്കുന്ന രീതിയിൽ ഗുണപരമായ മാറ്റമുണ്ട്. നിക്ഷേപ നിധിയുടെ നിയന്ത്രിത ആസ്തികളുടെ വലുപ്പം 900 ശതകോടി ഡോളറിൽ അധികമായിട്ടുണ്ട്. ആഗോളതലത്തിലെ നിക്ഷേപം 30 ശതമാനം വരെയെത്തി. ഇത് 18 ശതമാനം മുതൽ 20 ശതമാനം വരെ കുറയ്ക്കാൻ പദ്ധതിയിടുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഫണ്ടിന് നിക്ഷേപമുണ്ടെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആഗോള കേന്ദ്രമാകാൻ സൗദി ആഗ്രഹിക്കുന്നതാണ് ഇതിന് കാരണമെന്നും അൽ റുമയാൻ ചൂണ്ടിക്കാട്ടി.
സൗദി സമ്പദ് വ്യവസ്ഥ സാക്ഷ്യം വഹിക്കുന്ന വമ്പിച്ച കുതിച്ചുചാട്ടത്തെക്കുറിച്ച് അൽ റുമയാൻ സൂചിപ്പിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് സൗദി. 2022-ൽ ഏഴ് ശതമാനത്തിൽ കൂടുതൽ വളർച്ചാനിരക്കുള്ള ജി20 രാജ്യങ്ങളിൽ ഏറ്റവും വേഗതയേറിയ രാജ്യമായിരുന്നു സൗദി.
തുടക്കം മുതൽ പൊതുനിക്ഷേപ ഫണ്ട് പ്രവർത്തനത്തിനും പുരോഗതിക്കും പരിഹാരത്തിനുമുള്ള പരിവർത്തന ശക്തിയായി മാറിയിട്ടുണ്ട്. 2017-ൽ ആരംഭിച്ചതു മുതൽ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റിവിന്റെ ഇടപാടുകളുടെ മൂല്യം 125 ശതകോടി ഡോളർ കവിഞ്ഞുവെന്നും അൽ റുമയാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.