ജി 20 പാർലമെൻറ് തലവന്മാരുടെ ഉച്ചകോടി; സൗദി ശൂറാ കൗൺസിൽ സ്പീക്കറും സംഘവും ന്യൂഡൽഹിയിൽ
text_fieldsജിദ്ദ: ന്യുഡൽഹിയിൽ നടക്കുന്ന ജി 20 രാജ്യങ്ങളിലെ പാർലമെൻറ് തലവന്മാരുടെ ഒമ്പതാമത് ഉച്ചകോടിയിൽ സൗദി ശൂറാ കൗൺസിൽ സ്പീക്കറുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പങ്കെടുത്തു. ‘ഒരു ദേശത്തിനും ഒരു കുടുംബത്തിനും ഒരു ഭാവിക്കുമുള്ള പാർലമെൻറുകൾ’ എന്ന പേരിൽ ഇൻറർ പാർലമെൻററി യൂനിയന്റെ സഹകരണത്തോടെ നടക്കുന്ന ഉച്ചകോടിയിലാണ് സ്പീക്കർ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ആലുശൈഖിന്റെ നേതൃത്വത്തിൽ സൗദി ശൂറാ പ്രതിനിധി സംഘം പങ്കെടുത്തത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇൻറർ പാർലമെൻററി യൂനിയൻ പ്രസിഡൻറ് ഡുവാർട്ടെ പച്ചെക്കോ എന്നിവരുടെ സാന്നിധ്യത്തിൽ ജി 20 അംഗരാജ്യങ്ങളുടെയും പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെയും പാർലമെൻറ് തലവന്മാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
രാജ്യം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ മികവും എല്ലാ തലങ്ങളിലുമുള്ള ആഗോള നേതൃത്വവും കണക്കിലെടുക്കുമ്പോൾ ആഗോള ഫോറങ്ങൾ, ഉച്ചകോടികൾ, പ്രാദേശിക, അന്തർദേശീയ സമ്മേളനങ്ങൾ എന്നിവയിൽ സജീവമായി പങ്കെടുക്കാൻ സൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ നേതൃത്വത്തിലെ സൗദി ഭരണകൂടം വലിയ താൽപര്യവും പ്രതിബദ്ധതയുമാണ് കാണിക്കുന്നതെന്ന് പത്രപ്രസ്താവനയിൽ സ്പീക്കർ ശൈഖ് ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം ആലുശൈഖ് പറഞ്ഞു.
ഔദ്യോഗിക, പാർലമെൻററി തലങ്ങളിൽ ജി20 -യിൽ സൗദി അംഗത്വം നേടിയത് ആഗോള ഊർജ വിപണികളുടെ സ്ഥിരത വർധിപ്പിക്കുന്നതിൽ രാജ്യം വഹിക്കുന്ന നേതൃപരമായ പങ്കിന്റെ സ്ഥിരീകരണമാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. ലോകത്ത് ഊർജം ഉൽപ്പാദിപ്പിക്കുകയും ഉപഭോഗം ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ കണക്കിലെടുക്കുകയും ആഗോള വില സന്തുലനാവസ്ഥ നിലനിർത്തുകയും ചെയ്തുകൊണ്ടാണിത്. ലോകത്ത് സൗദിയുടെ സാമ്പത്തിക ഭദ്രതയും മികവും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സുരക്ഷിതത്വവും സമാധാനവും കൈവരിക്കുന്നതിന് രാജ്യം നടത്തുന്ന ഗൗരവവും ക്രിയാത്മകവുമായ ശ്രമങ്ങളുമെല്ലാം ലോകത്ത് സൗദിയുടെ സ്ഥാനം ബലപ്പെടുത്തുന്നു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പങ്കാളിത്തത്തിൽ ഇന്ത്യയിൽ നടന്ന 18-ാമത് ജി 20 ഉച്ചകോടിയിൽ സൗദി അറേബ്യയുടെ സജീവ പങ്കാളിത്തവും അത് നേടിയ ഫലങ്ങളും ശൂറ കൗൺസിൽ സ്പീക്കർ സൂചിപ്പിച്ചു.
ഉദ്ഘാടനത്തിനുശേഷം സ്പീക്കർ ശൈഖ് ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം ആലുശൈഖിന്റെ നേതൃത്വത്തിൽ സൗദി പ്രതിനിധി സംഘം പാർലമെൻറ് തലവന്മാരുടെ ഒമ്പതാമത് ഉച്ചകോടിയുടെ വിവിധ സെഷനുകളിൽ പങ്കെടുത്തു. ജി 20 അംഗ രാജ്യങ്ങൾ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.
പൊതു ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ജനങ്ങളുടെ ജീവിതത്തിന്റെ പരിവർത്തനം, സ്ത്രീകൾ നയിക്കുന്ന വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ ത്വരിതപ്പെടുത്തൽ, സുസ്ഥിര ഊർജ പരിവർത്തനം തുടങ്ങിയവ ചർച്ച ചെയ്തതിലുൾപ്പെടും. ശൂറാ കൗൺസിൺ അസിസ്റ്റൻറ് സ്പീക്കർ ഡോ. ഹനാൻ ബിൻത് അബ്ദുറഹീം അൽ അഹ്മദി, ഡോ. അബ്ദുൽ അസീസ് ബിൻ ഇബ്രാഹിം അൽമുഹന്ന, ഡോ. ഖാലിദ് ബിൻ അബ്ദുൽ മുഹ്സിൻ അൽമുഹൈസിൻ, ഡോ. റീമ ബിൻത് സാലിഹ് അൽയഹ്യ, ഉസാമ ബിൻ യാസിൻ അൽഖയാരി, ഡോ. ഹൈഫ ബിൻത് ഹമൂദ് അൽഷമ്മരി എന്നീ ശൂറാ കൗൺസിൽ അംഗങ്ങളാണ് സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.