ഒമ്പതാമത് സൗദി ചലച്ചിത്രോത്സവം; മേയ് നാല് മുതൽ
text_fieldsദമ്മാം: സൗദി ചലച്ചിത്രോത്സവത്തിന്റെ ഒമ്പതാം പതിപ്പ് കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾചർ (ഇത്റ)യിൽ മേയ് നാലിന് ആരംഭിക്കും. ഇത്തവണ കോമഡി സിനിമകളാണ് പ്രധാന പ്രമേയം. സൗദി സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള ചലച്ചിത്ര കമീഷന്റെ പിന്തുണയോടെയാണ് ചലച്ചിത്രോത്സവം അരങ്ങേറുന്നത്. സൗദിയിൽ സിനിമ വ്യവസായം ആരംഭിച്ചശേഷം ചലച്ചിത്ര കമീഷന്റെ അനുമതിയോടെ അരങ്ങേറുന്ന രണ്ടാമത്തെ ചലച്ചിത്രോത്സവമാണിത്.
സൗദിയെ ലോക സിനിമയുടെ കേന്ദ്രമാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് അതിദൂരം സഞ്ചരിച്ച സൗദി സിനിമയുടെ ഗരിമ കൂടി ഒമ്പതാമത് ചലച്ചിത്രോത്സവത്തിൽ പ്രകടമാകും. ഇത്തവണ പുതിയ ഒമ്പത് അവാർഡുകൾ കൂടി മേളയിൽ ഉൾപ്പെടുത്തി. 360 സിനിമകളാണ് മേളയിൽ രജിസ്റ്റർ ചെയ്തത്.
കാവ്യാത്മക സിനിമ എന്നതായിരുന്നു എട്ടാം സെഷനിലെ പ്രമേയം. സിനിമയുടെ ദൃശ്യവിസ്മയ രൂപവത്കരണത്തിൽ ഈ പ്രമേയം ഏറെ പങ്കുവഹിച്ചതായും സംഘാടകർ പറഞ്ഞു.
അതുകൊണ്ടുതന്നെ ഈ വർഷത്തെ പ്രമേയം സൗദി സിനിമകൾക്ക് പുതിയ മാനം സൃഷ്ടിക്കുന്നതിനുള്ള പ്രചോദനമാകുമെന്ന് കരുതുന്നു. മേളയോടൊപ്പം അറബ് സിനിമാ ലോകത്തിന് ശ്രദ്ധേയ സംഭാവന നൽകിയ പ്രതിഭകളെ മേളയിൽ ആദരിക്കും. ഈജിപ്ഷ്യൻ സിനിമ നിർമാതാവും 34 ഫീച്ചർ ഫിലിമുകളുടെ ഉപജ്ഞാതാവുമായ സൗദി ചലച്ചിത്ര നിർമാതാവ് സാലിഹ് അൽഫൗസാൻ, നിരവധി അന്താരാഷ്ട്ര സിനിമ കൃതികൾ അറബിയിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ അമിൻ സാലെ എന്നിവരെ മേളയിൽ ആദരിക്കും.
സെമിനാറുകൾ, നൂതന പരിശീലന ശിൽപശാലകൾ, മികച്ച അന്താരാഷ്ട്ര ചിത്രങ്ങളുടെ പ്രദർശനം എന്നിവകൊണ്ട് സമ്പന്നമാകും ഇത്തവണത്തെ മേള. ചലച്ചിത്ര വ്യവസായ മേഖലയിൽ അറബ് ലൈബ്രറിയെ സമ്പന്നമാക്കുന്നതിൽ 18 സിനിമാ സംബന്ധിയായ പുസ്തകങ്ങൾ ഫെസ്റ്റിവൽ പുറത്തിറക്കും. ഇതിൽ ലോക സിനിമ പ്രതിഭകൾ എഴുതിയ വിവർത്തന പുസ്തകങ്ങളും ഉൾപ്പെടും. മേള നടക്കുന്ന എട്ടു ദിവസവും 24 മണിക്കൂറും തത്സമയം ഓൺലൈനിലൂടെ മേളയുടെ ഭാഗമാകാൻ പ്രേക്ഷകർക്ക് സൗകര്യമുണ്ടാകും.
2008ൽ സൗദി ചലച്ചിത്രോത്സവം ആരംഭിച്ചശേഷമുള്ള അതിപ്രധാന മേളയായിരുന്നു കഴിഞ്ഞ വർഷം നടന്ന എട്ടാം പതിപ്പ്. ശേഷം സൗദി സിനിമയുടെ അതിദ്രുത വളർച്ചയെ പ്രതിഫലിപ്പിക്കുന്നതാകും ഒമ്പതാം പതിപ്പ്. സൗദി സിനിമകൾ ശൈശവ ദശവിട്ട് കൗമാരത്തിലേക്ക് കടന്നതിന്റെ കാഴ്ച കൂടിയായിരിക്കും എട്ടാമത് ചലച്ചിത്രോത്സവമെന്ന് മേളയുടെ ഡയറകട്ർ അഹമ്മദ് അൽ മുല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.