സൗദിയുടെ ഒമ്പതാമത് ദുരിതാശ്വാസ വിമാനം സുഡാനിൽ
text_fieldsറിയാദ്: ആഭ്യന്തരസംഘർഷം മൂലം ദുരിതത്തിലായ സുഡാനിലേക്ക് സാധന സാമഗ്രികളുമായി റിയാദിൽനിന്നുള്ള ഒമ്പതാമത്തെ വിമാനം പോർട്ട് സുഡാൻ വിമാനത്താവളത്തിലിറങ്ങി. സൈനിക ഏറ്റുമുട്ടലിൽ വഴിയാധാരമായ സുഡാൻ ജനതക്ക് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ് റിലീഫ്) പ്രഖ്യാപിച്ച 1000 കോടി ഡോളറിന്റെ മാനുഷിക സഹായത്തിന്റെ ഭാഗമായാണ് ഒമ്പതാമത്തെ വിമാനം എത്തിയത്.
30 ടൺ ഭക്ഷ്യവസ്തുക്കളും വസ്ത്രവും മരുന്നും മെഡിക്കൽ ഉപകരണങ്ങളുമാണ് വിമാനത്തിലുള്ളത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശപ്രകാരം ‘സാഹിം’ പ്ലാറ്റ്ഫോം വഴി ആരംഭിച്ച ധനസമാഹരണം ലക്ഷ്യമാക്കിയതിന്റെ 94 ശതമാനം പൂർത്തീകരിച്ചു. 9256 പേരാണ് ഇതിലേക്ക് സഹായമെത്തിച്ചത്.
ഇതിനിടെ തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം 9.45ന് അവസാനിക്കുന്ന വെടിനിർത്തൽ നീട്ടുന്നത് സംബന്ധിച്ച് ധാരണയിലെത്താനും ചർച്ചകൾ തുടരാനും സൗദി അറേബ്യയും അമേരിക്കയും സുഡാനിലെ സൈനിക കക്ഷികളോട് ആവശ്യപ്പെട്ടു. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം വഴി പ്രസിദ്ധീകരിച്ച സംയുക്ത ആഹ്വാനത്തിലാണ് മാനുഷിക ക്രമീകരണങ്ങളും സിവിലിയൻ സുരക്ഷയും മുൻനിർത്തി ഹ്രസ്വകാല വെടിനിർത്തൽ കരാർ നീട്ടാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കാലാവധി നീട്ടുന്നത് സുഡാനീസ് ജനതയ്ക്ക് ആവശ്യമായ മാനുഷിക സഹായം എത്തിക്കുന്നത് തുടരാൻ അവസരമൊരുക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. സൗദി- യു.എസ് സംയുക്ത ശ്രമത്തിന്റെ ഭാഗമായി ഒരാഴ്ച മുമ്പ് ജിദ്ദയിൽ നടന്ന ചർച്ചയിലാണ് താൽക്കാലിക വെടിനിർത്തൽ നടപ്പിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.