വാദി ലജബെന്ന സുന്ദര താഴ്വര
text_fieldsജീസാൻ: മനോഹരമായ കടലോരങ്ങളും വിസ്മയമായ കുന്നുകളും ധാരാളമുള്ള തെക്കുപടിഞ്ഞാറൻ സൗദിയിലെ ജീസാനിൽ സന്ദർശകരെ ആകർഷിക്കുന്ന പ്രകൃതിസുന്ദര പ്രദേശമാണ് വാദി ലജബ് (ലജബ് താഴ്വര). ജീസാനിൽനിന്ന് 130 കിലോമീറ്റർ അകലെ അൽ റെയ്തിനടുത്താണ് ഈ സുന്ദര താഴ്വര.
ജീസാൻ-ബെയ്ഷ് ഹൈവേയിൽ മഹല്ലയിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് അൽ ഹഖൂ വഴി പോയാൽ അൽ റെയ്തിലെത്താം. വാദി ലജബ് നൽകുന്ന കുളിർമയും നയനാനന്ദകരമായ കാഴ്ചകളും ആസ്വദിക്കാൻ സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ ദൈനംദിനം ഇവിടെ എത്തുന്നു. 300 മീറ്ററോളം ഉയരത്തിൽ തലയെടുപ്പുള്ള രണ്ട് പർവതങ്ങൾ നെടുകെ പിളർന്നപോലെ ഇടുങ്ങിയ വഴിയോര മലമ്പാതയിലൂടെ അങ്ങോട്ടുള്ള യാത്ര ദുർഘടവും സാഹസികവും ഒപ്പം ഹൃദ്യമായ കാഴ്ചാനുഭവവുമാണ്.
ചെങ്കുത്തായ കയറ്റവും ഇറക്കവും ഹെയർ പിൻ വളവുകളും കടന്ന് മലമടക്കുകൾക്കിടയിൽ പ്രകൃതിയൊരുക്കിയ നടപ്പാതകളിലൂടെ നടന്നുകയറണം. ഈ പ്രകൃതിദത്ത പാത കരിങ്കൽ ചീളുകൾ പാകി അധികൃതർ സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. അഞ്ച് കിലോമീറ്ററോളം വിശാലമായ താഴ്വരയുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ സഞ്ചാരികളുടെ മനസ്സ് നിറക്കും. മലഞ്ചെരിവുകളിൽനിന്ന് പ്രവഹിക്കുന്ന ചെറുതും വലുതുമായ തെളിനീരുറവകൾ, മത്സ്യങ്ങളും മറ്റു ജലജീവികളും പുളച്ചുമറിയുന്ന കൊച്ചുതടാകങ്ങൾ, പച്ചവിരിച്ച് മനോഹരമായ പ്രകൃതി ഭംഗിയൊരുക്കി ഇടതൂർന്ന് നിൽക്കുന്ന വ്യത്യസ്തയിനം മരങ്ങൾ, ചെറുതും വലുതുമായ ജീവജാലങ്ങൾ, പക്ഷികളുടെ കൂജനം, നീരൊഴുക്കുകളുടെ കളകളാരവങ്ങൾ തുടങ്ങി എല്ലാം ഏറെ ഹൃദ്യമാണ്. സ്ഫടികംപോലെ തെളിമയാർന്ന ജലമുള്ള പൊയ്കകളിൽ ചരൽക്കല്ലുകളുടെയും മറ്റും കാഴ്ചകൾ പോലും വേറിട്ട മനോഹാരിതയാണ്.
ജലാശയങ്ങളിൽ നീന്താനും കുളിക്കാനും കൂടി സൗകര്യമുള്ളത് ഉപയോഗപ്പെടുത്തുന്നതിലൂടെ സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് ലഭിക്കുന്നത്. ആകാശം മുട്ടിനിൽക്കുന്ന പർവതങ്ങൾ. ഇവയുടെ പാർശ്വഭിത്തികളിൽ വെള്ളമൊഴുക്കിലൂടെ രൂപാന്തരം പ്രാപിച്ച പ്രകൃതിശില്പങ്ങളും. ആഭ്യന്തര ടൂറിസം ഭൂപടത്തിൽ രേഖപ്പെട്ട സവിശേഷ സ്ഥാനം കൂടിയാണ് വാദി ലജബ്. ഇവിടം സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം പ്രഭാതമാണ്. വൈകുന്നേരങ്ങളിൽ കാലാവസ്ഥാ വ്യതിയാനംമൂലം ചിലപ്പോൾ സന്ദർശനംതന്നെ പ്രയാസകരമായി മാറാം. മാത്രമല്ല, ഇടതൂർന്നു നിൽക്കുന്ന മരങ്ങളുള്ള പ്രദേശത്ത് നാലു മണിയാകുമ്പോഴേക്കുതന്നെ ഇരുൾവീഴും. ഇത് സഞ്ചാരികൾക്ക് പ്രയാസം സൃഷ്ടിക്കും. വാദി ലജബിന് സമീപം കടകൾ കുറവായതിനാൽ ആവശ്യമായ ഭക്ഷണവും മറ്റും മുൻകൂട്ടി കരുതിയേ യാത്ര പുറപ്പെടാവൂ. മലഞ്ചെരിവിന്റെ താഴ്ഭാഗത്തെ മനോഹരമായ വ്യൂ പോയന്റിലെത്താൻ ഫോർ വീൽ വാഹനങ്ങൾതന്നെ വേണം. മറ്റു വാഹനങ്ങൾ താഴ്വരയിൽ അതിനുള്ള പ്രത്യേക ഭാഗത്ത് പാർക്ക് ചെയ്യണം. ശേഷം ഒരു കിലോമീറ്ററോളം നടന്നാണ് നല്ല കാഴ്ചകളുള്ള ഭാഗത്ത് എത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.