46 വർഷം പിന്നിട്ട പ്രവാസത്തിന് വിരാമം; ശംസുദ്ദീൻ പെരുമ്പിലാവ് നാട്ടിലേക്ക്
text_fieldsറിയാദ്: 46 വർഷം പിന്നിട്ട സുദീർഘമായ പ്രവാസത്തിന് സാമൂഹിക പ്രവർത്തകൻ തൃശൂർ പെരുമ്പിലാവ് സ്വദേശി ശംസുദ്ദീൻ വിരാമം കുറിക്കുന്നു. റിയാദ് റബ്അയിലെ അൽ അലന്ദ ട്രേഡിങ് കമ്പനി റിയാദ് ബ്രാഞ്ച് ഇൻ ചാർജ് പദവിയിൽനിന്ന് വിരമിച്ചാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. 46 വർഷം മുമ്പ് ബഹ്റൈനിൽ നിന്നാരംഭിച്ച പ്രവാസം ദുബൈയിലും സൗദിയിലുമായി പടരുകയായിരുന്നു.
35 വർഷം ജിദ്ദയിലും റിയാദിലുമായി ജോലി ചെയ്തു. തനിമ സാംസ്കാരിക വേദിയുടെ കീഴിൽ വിവിധ സാമൂഹിക സേവന മേഖലകളിൽ സജീവമായിരുന്നു. ജമാഅത്ത് ഇസ്ലാമി അംഗം കൂടിയാണ്. ബഹ്റൈനിൽ കേരള ഇസ്ലാമിക് സെൻറർ, കേരള മുസ്ലിം ജമാഅത്ത് എന്നിവയിൽ പ്രവർത്തിച്ചിരുന്നു.
ജനങ്ങളോട് അടുത്ത് പെരുമാറാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും അദ്ദേഹം പ്രയത്നിച്ചിരുന്നു. നാട്ടിലെത്തിയാൽ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമാകാനാണ് തീരുമാനം.
മികച്ച അധ്യാപികക്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡ് ജേതാവായ സഫിയ ടീച്ചറാണ് (റിട്ടയേർഡ്, അൻസാർ സ്കൂൾ പെരുമ്പിലാവ്) ഭാര്യ. മക്കൾ: ഡോ. സുമയ്യ ശംസുദ്ദീൻ (ഇ.എസ്.ഐ. ആശുപത്രി, തൃശൂർ), സഫ ശംസുദ്ദീൻ (ദുബൈ), ശാഹിദ് ശംസുദ്ദീൻ (ബംഗളുരു). തനിമ റിയാദ് റബുഅ ഏരിയാകമ്മിറ്റി ശംസുദ്ദീൻ പെരുമ്പിലാവിന് യാത്രയയപ്പ് നൽകി.
യാത്രയയപ്പ് യോഗത്തിൽ ഏരിയ പ്രസിഡൻറ് അംജദ് അലി അധ്യക്ഷത വഹിച്ചു. സോണൽ പ്രസിഡന്റ് സദറുദ്ദീൻ കീഴിശ്ശേരി, റഷീദ് വാഴക്കാട്, ബഷീർ പാണക്കാട്, ജഹാംഗീർ, വിനോദ്, അബൂബക്കർ, റഹ്മത്തുല്ല, സിദ്ദീഖ്, അയ്യൂബ്, മുജീബ്, ഷഫീഖ്, ഷാഹിദ്, റോഷൻ എന്നിവർ സംസാരിച്ചു. മറുപടി പ്രസംഗത്തിൽ ശംസുദ്ദീൻ പെരുമ്പിലാവ് യാത്രയയപ്പിന് നന്ദിയും പ്രവാസി സുഹൃത്തുക്കൾക്ക് പ്രാർഥനയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.