യാഥാർഥ്യബോധം ഇല്ലാത്ത ബജറ്റ്
text_fieldsസംസ്ഥാന ബജറ്റ് യാഥാർഥ്യബോധം തീരെ തീണ്ടാത്തതായി. അപ്രായോഗികവും നിരാശജനകവുമാണ്. കേരളജനതയെ വിഡ്ഢികളാക്കുന്നതുമാണ്. എന്നത്തെയും ഇടതുപക്ഷ സർക്കാറിെൻറ ബജറ്റ് പോലെതന്നെ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ പ്രഖ്യാപിക്കുക എന്നല്ലാതെ അതിനുള്ള വരുമാനസ്രോതസ്സ് എവിടെയും പ്രതിപാദിക്കുന്നില്ല. ഏപ്രിൽ അവസാന വാരമോ മേയ് ആദ്യവാരമോ കേരളത്തിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിനുള്ള ഒരു ഇലക്ഷൻ മാനിഫെസ്റ്റോ ആയി മാത്രമേ ബജറ്റിനെ കാണാൻ കഴിയൂ.
പ്രവാസികളെ എന്നും കറവപ്പശുക്കളായി കാണുന്ന ഈ സർക്കാർ കോവിഡ് കാലത്ത് പ്രവാസികളോട് കാണിച്ച അവഗണനയും അനീതിയും ഈ ബജറ്റിലും തുടർന്നിരിക്കുന്നു എന്നത് തികച്ചും പ്രതിഷേധാർഹമാണ്. മടങ്ങിവരുന്ന പ്രവാസികൾക്ക് ആറു മാസത്തെ ശമ്പളം കൊടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്നും പ്രഖ്യാപനമായിതന്നെ നിൽക്കുമ്പോഴാണ് പുതിയ കുറെ വാഗ്ദാനങ്ങൾ. പ്രവാസികൾക്ക് നൈപുണ്യ വികസനത്തിന് 100 കോടി രൂപ. അതായത്, പ്രവാസി തിരിച്ചു നാട്ടിൽ വന്നാലും നാട്ടിൽ നിൽക്കാൻ സമ്മതിക്കില്ല.
വീണ്ടും കയറ്റി അയക്കാനുള്ള പദ്ധതി ആവിഷ്കരിക്കും എന്നർഥം. കഴിഞ്ഞ ബജറ്റിലെ 50 ശതമാനം പ്രഖ്യാപനങ്ങൾപോലും നടപ്പിൽവരുത്താൻ കഴിയാത്ത സർക്കാർ കമ്മി ബജറ്റ് ഒഴിവാകും എന്നു പറഞ്ഞിട്ട് ഒഴിവാക്കിയില്ല എന്നു മാത്രമല്ല, 60 വർഷത്തെ പൊതുകടം അഞ്ചു വർഷംകൊണ്ട് പിണറായി സർക്കാർ ഇരട്ടിയാക്കി. റവന്യൂ വരുമാനം വർധിപ്പിക്കാൻ മദ്യവിൽപനയും ലോട്ടറി ടിക്കറ്റ് വിൽപനയും കിഫ്ബിയും മാത്രം അറിയാവുന്ന ഇടതുപക്ഷ സർക്കാർ കേരളത്തിൽ വ്യവസായശാലകളുടെ അപര്യാപ്തത പരിഹരിക്കുന്നതിനോ തൊഴിൽരഹിതർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോ ഉള്ള പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
റബറിെൻറ താങ്ങുവില കൂട്ടിയത് വെറും 20 രൂപയാണ്. ഇത് തികച്ചും അപര്യാപ്തമാണ്. മത്സ്യത്തൊഴിലാളികളോടും പഴയ പ്രഖ്യാപനങ്ങൾ ഒന്നും നടപ്പാക്കാതെ വീണ്ടും വീണ്ടും വാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്നു. തകർന്ന കശുവണ്ടി മേഖലയിലും കയർ മേഖലയിലും ഉണർവേകുന്ന പദ്ധതികളും ഉൾക്കൊള്ളിച്ചിട്ടില്ല. കേരളത്തിൽ അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭം, മഹാമാരി തുടങ്ങിയവയെ അതിജീവിക്കുന്നതിനുള്ള പദ്ധതികളോ നിർദേശങ്ങളോ ഒന്നും തന്നെ ഈ ബജറ്റിൽ കാണാൻ കഴിയുന്നില്ല.
അർഹതപ്പെട്ട ഓരോ കുടുംബത്തിനും 6000 രൂപ വീതം നൽകുമെന്ന് ഐക്യജനാധിപത്യ മുന്നണിയുടെ കരടുപത്രികയിൽ പറഞ്ഞതിനെ ഇത്രയും തുക എങ്ങനെ കൊടുക്കും എന്ന് വിമർശിച്ച സർക്കാറും പാർട്ടിയുമാണ് ഏകദേശം 30,000 രൂപ വില വരുന്ന ലാപ്ടോപ് കേരളത്തിലെ എല്ലാ വീടുകളിലും കൊടുക്കുമെന്ന് പറയുന്നത്. ഇന്ത്യയിൽ കമ്പ്യൂട്ടർ വരുന്നതിനെ എതിർക്കുകയും ബഹിഷ്കരിക്കുകയും ചെയ്ത അതേ ഇടതുപക്ഷംതന്നെ ഇന്നു കേരളത്തെ ഡിജിറ്റലൈസ് ചെയ്യുന്നു എന്ന് പറയുമ്പോൾ അതിലുള്ള വിരോധാഭാസം കാലം അവർക്ക് കാത്തുവെച്ച കാവ്യനീതി മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.