തുർക്കിയിൽ സൗദി വിനോദയാത്രാസംഘത്തിന്റെ ബസ് മറിഞ്ഞ് നാലുപേർക്ക് പരിക്ക്
text_fieldsറിയാദ്: സൗദി അറേബ്യയിൽ നിന്ന് തുർക്കിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ ബസ് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. കരിങ്കടലിന്റെ കിഴക്കൻതീര പട്ടണമായ റെയ്സിലാണ് (റീസ) ഞായറാഴ്ച പുലർച്ചെ അപകടമുണ്ടായത്. പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 23 അംഗ യാത്ര സംഘത്തിൽ നാല് കുട്ടികളുമുണ്ടായിരുന്നു. അങ്കാറയിലെ സൗദി എംബസി ആശുപത്രിയിൽ പ്രവേശിപ്പിച്ച യാത്രക്കാരുടെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്. വേനലവധിക്കാലം ആസ്വദിക്കാൻ ഗൾഫുരാജ്യങ്ങളിൽ നിന്നും മറ്റുമായി നിരവധി കുടുംബങ്ങളാണ് നിലവിൽ തുർക്കിയിലുള്ളത്.
ശനിയാഴ്ച തുർക്കിയുടെ തെക്കൻ പ്രവിശ്യയിലുണ്ടായ രണ്ട് വ്യത്യസ്ത റോഡപകടങ്ങളിൽ 34 പേർ മരിക്കുകയും 12 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗാസിയാൻടെപ് പ്രവിശ്യയിൽ ബസും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർ മരിക്കുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാർഡിൻ പ്രവിശ്യയിലെ ഡെറിക്കിലാണ് രണ്ടാമത്തെ അപകടമുണ്ടായത്. മരിച്ചവർ ഏത് നാട്ടുകാരാണ് എന്നത് വ്യക്തമല്ല. നിയന്ത്രണം നഷ്ടമായ ട്രക്ക് സമീപത്തുള്ള വാഹനങ്ങൾക്കും ജനങ്ങൾക്കുമിടയിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിെൻറ സി.സി ടി.വിദൃശ്യങ്ങൾ ടർക്കിഷ് മാധ്യമങ്ങൾ പുറത്തുവിട്ടു.
രണ്ട് ദിവസത്തെ ഇടവേളയിൽ നടന്ന അപകടങ്ങളെ കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചതായി തുർക്കി നീതിന്യായമന്ത്രി ബക്കർ ബോസ്ദാഗ് ട്വിറ്ററിൽ അറിയിച്ചു. രണ്ട് അപകടങ്ങളിലുമായി മരിച്ചവരുടെ കുടുംങ്ങളെ അനുശോചനം അറിയിച്ച പ്രസിഡൻറ് റജബ് തയ്യിബ് ഉർദുഗാൻ ആഭ്യന്തര മന്ത്രി സുലൈമാൻ സൊയ്ലുവിനെ അപകടസ്ഥലങ്ങളിലേക്ക് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.