കാറപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം
text_fieldsദമ്മാം: കാർ ഈന്തപ്പന മരത്തിലേക്ക് ഇടിച്ചുകയറി സുഹൃത്തുക്കളായ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഒരേ കെട്ടിടത്തിലെ വിവിധ ഫ്ലാറ്റുകളിൽ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശികളും ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുമായ ഇബ്രാഹിം അസ്ഹർ (16), ഹസ്സൻ റിയാസ് (18), അമ്മാർ (13) എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ഇബ്രാഹിം അസ്ഹറും ഹസ്സൻ റിയാസും അപകടസ്ഥലത്തുതന്നെ മരിച്ചു. ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മാറിന്റെ നില ഗുരുതരമായി തുടരുന്നു.
ദമ്മാം ഗവർണർ ഹൗസിന് മുന്നിലുള്ള റോഡിൽ ചൊവ്വാഴ്ച വൈകീട്ടാണ് ദമ്മാമിനെ നടുക്കിയ അപകടമണ്ടായത്. വൈകീട്ട് സുഹൃത്തുക്കൾ മൂന്നു പേരും അമ്മാറിന്റെ പിതാവിന്റെ മസ്ദ കാറുമായി പുറത്തേക്ക് പോയതായിരുന്നു. ഡ്രൈവിങ് ലൈസൻസുള്ള ഹസൻ റിയാസാണ് കാർ ഓടിച്ചിരുന്നത്. അതിവേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലുള്ള ഈന്തപ്പനയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് മൂവരേയും പുറത്തെടുത്തത്.
മൂഹമ്മദ് യൂസുഫ് റിയാസ്-റിസ്വാന ബീഗം ദമ്പതികളുടെ മകനാണ് മരിച്ച ഹസൻ റിയാസ്. ഹൈദരാബാദ് ബഹാദുർപുര സ്വദേശി മുഹമ്മദ് അസ്ഹർ, സഹീദ ബീഗം ദമ്പതികളുടെ മകനാണ് ഇബ്രാഹിം അസ്ഹർ. ഇരുവരുടേയും മൃതദേഹങ്ങൾ ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മെഡിക്കൽ കോംപ്ലക്സിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അമ്മാർ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. വിദ്യാർഥികളുടെ മരണം ദമ്മാമിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.