അവശനായ കൊല്ലം സ്വദേശി എട്ടുവർഷത്തിനുശേഷം നാട്ടിലേക്ക്
text_fieldsഅബ്ഹ: രോഗവും നിയമക്കുരുക്കുംമൂലം ദുരിതക്കയത്തിലായ മലയാളി എട്ടുവർഷത്തിനുശേഷം നാട്ടിലേക്ക്. പ്രമേഹം മൂർച്ഛിച്ച് തീർത്തും അവശനിലയിലായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി റാഫിയാണ് ഖമീസ് മുശൈത്തിലെ ഒരുകൂട്ടം മലയാളികളുടെ ശ്രമഫലമായി നാട്ടിലേക്ക് തിരിച്ചത്. 15 വർഷത്തിലധികമായി പ്രവാസിയായ റാഫി എട്ടുവർഷമായി നാട്ടിൽ പോയിരുന്നില്ല. തന്റെ കീഴിൽനിന്ന് ഒളിച്ചോടിയെന്ന് കാണിച്ച് പാസ്പോർട്ട് ഡയറക്ടറേറ്റിന് (ജവാസത്ത്) പരാതി നൽകി ഒളിച്ചോടിയെന്ന (ഹുറൂബ്) കേസിൽപെടുത്തുകയായിരുന്നു. ഇതുകാരണം നാട്ടിൽ പോകാനാവാത്ത നിയമക്കുരുക്കിലായി പോവുകയായിരുന്നു. അതിനിടയിലാണ് പ്രമേഹം കലശലായത്. കാലിനെ പഴുപ്പ് ബാധിച്ച് മുറിവ് ഉണങ്ങാത്ത സ്ഥിതിയായപ്പോൾ നാട്ടിൽപോയി വിദഗ്ധ ചികിത്സ തേടാൻ ഇവിടെ പരിശോധിച്ച ഡോക്ടർ നിർദേശിക്കുകയായിരുന്നു. തുടർന്ന് നാട്ടിൽ പോകാൻ ശ്രമം നടത്തിയെങ്കിലും 'ഹുറൂബ്' കുരുക്ക് തടസ്സമായി. ഇദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ഹൈദർ തൃശൂർ, പ്രസാദ് നാവായിക്കുളം എന്നിവർ ഒ.ഐ.സി.സി ദക്ഷിണമേഖല പ്രസിഡൻറും ജിദ്ദ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫയർ മെംബറുമായ അഷ്റഫ് കുറ്റിച്ചലിന്റെ സഹായം തേടി. അദ്ദേഹം നാടുകടത്തൽ കേന്ദ്രവുമായി ബന്ധപ്പെട്ട് എക്സിറ്റ് നേടി. തുടർന്ന് വിമാനടിക്കറ്റിനും നാട്ടിൽ ചികിത്സിക്കാനുമുള്ള പണവും വിവിധ പ്രവാസി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ചേർന്ന് സമാഹരിച്ച് നൽകി. മുജീബ് കരുനാഗപ്പള്ളി, അക്ബർ പുന്നല, കരീം കരുനാഗപ്പള്ളി, സെയ്ദ് അലവി ചിറയിൻകീഴ്, അൻസാദ് കുന്നിക്കോട്, വിജയൻ മാവേലിക്കര, സെയ്ദ് തിരുവനന്തപുരം, സുഭാഷ് ഓച്ചിറ, ശ്യാം കൊല്ലം എന്നിവരുടെ ശ്രമഫലമായാണ് വേഗത്തിൽ നാട്ടിലേക്ക് പോകാൻ ആവശ്യമായ നടപടികൾ പൂർത്തിയാക്കാനായത്. റാഫിക്ക് ഭാര്യയയും രണ്ട് മക്കളുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.