പുണ്യമാസത്തിലെ ശരറാന്തലായി ചില മനുഷ്യർ
text_fields-നൗഫൽ പാലക്കാടൻ
റിയാദ്: അറബ് വീടുകളുടെ കവാടങ്ങളിലും സ്വീകരണമുറിക്ക് അരികിലും റമദാൻരാവുകളിലെ ദീപ്തസാന്നിധ്യമാണ് ഫാനൂസ് എന്ന് വിളിക്കുന്ന ശരറാന്തൽ. പെരുന്നാൾപ്പിറവി ദൃശ്യമാകുംവരെ ഫാനൂസിന്റെ നേർത്ത വെളിച്ചം വീട്ടുമുറ്റത്ത് തെളിയും. വൈദ്യുതിവെളിച്ചമില്ലാത്ത കാലത്ത് ഗ്രാമങ്ങളിലും നഗരങ്ങളിലും ഉപയോഗിച്ചിരുന്ന ഫാനൂസ്, സൂര്യപ്രഭപോലെ എൽ.ഇ.ഡി ലാമ്പുകൾ തെളിയുന്ന ഇക്കാലത്തും അറബികൾ ഉപയോഗിക്കുന്നത് ഗൃഹാതുരതകളെ തെളിയിച്ചെടുക്കാനും തനത് സംസ്കാരം മുറുകെ പിടിക്കാനുമാണ്.
ഇരുണ്ടകാലേത്തക്ക് വെളിച്ചം പ്രസരിപ്പിച്ച ശരറാന്തലുകളെപ്പോലെ ചില മനുഷ്യരുമുണ്ട് അറേബ്യയിൽ. വീടിന്റെ കൂറ്റൻ കവാടങ്ങൾ മലർക്കെ തുറന്നിട്ട് സാധാരണക്കാരായ പ്രദേശവാസികളെ ഇഫ്താറിനായി ക്ഷണിക്കുകയാണ് അത്തരത്തിലൊരു സൗദി പൗരൻ ഇവിടെ. ഇഫ്താർ സമയത്തിന് അരമണിക്കൂർ മുമ്പ് കവാടം തുറന്നിടും.
ശുഭ്രവസ്ത്രം ധരിച്ചു ഗേറ്റിനു മുന്നിൽ നിന്ന് ആ മനുഷ്യസ്നേഹി നിരത്തിലൂടെ നടന്നുപോകുന്നവരെ വീട്ടിലേക്ക് ക്ഷണിക്കും. അവരുടെ ദേശമോ ഭാഷയോ മതമോ ആതിഥേയൻ തിരക്കാറില്ല. 'അഹ്ലൻ വ സഹ്ലൻ യാ ളുയൂഫ്'(സുസ്വാഗതം പ്രിയ അതിഥി) എന്ന അഭിസംബോധനയോടെ വരവേൽക്കും. ആ സമയത്ത് റോഡിലൂടെ പോകുന്ന വാഹനയാത്രക്കാരും ഇദ്ദേഹത്തിന്റെ അതിഥികളാവും.
അവരെയും വിളിച്ച് വീട്ടുമുറ്റത്ത് വിരിച്ച സുപ്രക്ക് ചുറ്റുമിരിത്തും. വിഭവങ്ങൾ പലതുണ്ടാകും. മധുരപാനീയങ്ങളും മുന്തിയ ഇനം ഈത്തപ്പഴവും വിഭവസമൃദ്ധമായ ഭക്ഷണവും. കൂടെ ആതിഥേയന്റെ നിറചിരിയോടെയുള്ള ഹൃദ്യമായ സൽക്കാരവും.
റിയാദ് നഗരത്തിൽനിന്ന് 450 കിലോമീറ്റർ അകലെ ഹഫർ അൽബാത്വിനിലാണ് ഈ മനുഷ്യസ്നേഹിയുടെ വിരുന്നൂട്ടൽ. 10 വർഷമായി മുടങ്ങാതെ തുടരുകയാണ് ഇത്. സ്രഷ്ടാവിനോടുള്ള ആരാധനക്കൊപ്പം സൃഷ്ടികളോടുള്ള കടമ നിർവഹിക്കുകയാണ് ഈ സഹൃദയൻ. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന അസംഖ്യം പ്രവാസികൾക്ക് അനുഗ്രഹമാണ് വിരുന്ന്. മുടങ്ങാതെ തുടരാൻ ദൈവം ആരോഗ്യവും സമ്പത്തും നൽകണേ എന്ന് പ്രാർഥിച്ചാണ് അതിഥികളുടെ മടക്കം.
ഇരുകാലുകളും തളർന്ന മാലിക് അൽബദവി എന്ന ഭിന്നശേഷിക്കാരൻ സൗദിയുടെ വടക്കേ അതിർത്തിയായ അറാറിൽനിന്നാണ്.
അറാറിലെ സാമൂഹിക പ്രവർത്തകർക്കൊപ്പം ചേർന്ന് വൈകുന്നേരങ്ങളിൽ ചക്രക്കസേരയിൽ തെരുവിൽ ഇഫ്താർ ഭക്ഷണപ്പൊതി നൽകുന്നതിനും ഭക്ഷണം പാക്ക് ചെയ്യുന്നതിനും മുന്നിൽതന്നെയുണ്ടാകും മാലിക്. ഈ പ്രവർത്തനങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അഭിവാദ്യങ്ങൾ അർപ്പിച്ചും പ്രാർഥന ചൊരിഞ്ഞും മാലിക്കിന്റെ ചിത്രത്തിന് താഴെ ട്വീറ്റുകൾ നിറയുകയാണ്. ജീവിതം ഇരുളടഞ്ഞുപോയ അസംഖ്യം മനുഷ്യരിലേക്ക് ശരറാന്തലായി വെളിച്ചം പകരുന്ന മാലികിനെയും ഹഫർ അൽബാത്വിനിലെ നല്ല ആതിഥേയനെയും പോലുള്ള മനുഷ്യരുടെ കാരുണ്യത്തിൽ ഭദ്രമാണ് ഈ ലോകമെന്ന് വാഴ്ത്തുകയാണ് സമൂഹമാധ്യമങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.