ഹജ്ജ്, ഉംറ സേവനത്തിന് അനുവദിക്കുന്ന താൽക്കാലിക തൊഴിൽ വിസ വിൽപന നടത്തിയാൽ 50,000 സൗദി റിയാൽ പിഴ
text_fieldsറിയാദ്: ഹജ്ജ്, ഉംറ സേവനങ്ങൾക്കായി അനുവദിക്കുന്ന ‘താൽക്കാലിക തൊഴിൽ വിസ’ വിൽക്കുകയോ മറ്റുള്ളവർക്ക് വിട്ടുകൊടുക്കുകയോ അല്ലെങ്കിൽ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്താൽ സാമ്പത്തിക പിഴയടക്കം കടുത്ത ശിക്ഷ. 50,000 റിയാലിൽ കവിയാത്ത പിഴയോ അല്ലെങ്കിൽ അഞ്ച് വർഷത്തേക്ക് ഹജ്ജ്, ഉംറ സേവനങ്ങളിൽ പങ്കെടുക്കുന്നതിൽനിന്നുള്ള വിലക്കോ നേരിടേണ്ടി വരുമെന്ന് മാനവ വിഭശേഷി മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്‍റെ ശിപാർശ പ്രകാരം അടുത്തിടെ സൗദി മന്ത്രിസഭ അംഗീകാരം നൽകിയതാണ് ഹജ്ജ്, ഉംറ സേവനങ്ങൾക്കായുള്ള താൽക്കാലിക തൊഴിൽ വിസ. ഈ വിസക്ക് അപേക്ഷിക്കുന്ന ഏതൊരാളുടെയും വിലാസം, രജിസ്റ്റർ ചെയ്ത ഡാറ്റ, മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് വഴി സമർപ്പിച്ച രേഖകൾ എന്നിവ തെറ്റാണെന്ന് തെളിയിക്കപ്പെട്ടാൽ അല്ലെങ്കിൽ സീസൺ സമയത്ത് സ്ഥാപനങ്ങളുടെ ആസ്ഥാനം അടച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടുമെന്നും ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നുണ്ട്. 15,000 റിയാലിൽ കവിയാത്ത പിഴയാണ് ഇതിന് ചുമത്തുക. കൂടാതെ ലംഘനങ്ങളുടെ എണ്ണത്തിനനുസരിച്ച് പിഴ ഇരട്ടിയാകും. ഹജ്ജ്, ഉംറ സീസണുകളിൽ അഴിമതി വിരുദ്ധ അതോറിറ്റിക്ക് പുറമെ മാനവവിഭവശേഷി-സാമൂഹിക വികസനം, ആഭ്യന്തരം, വിദേശകാര്യം, ധനകാര്യം എന്നീ മന്ത്രാലയങ്ങളിൽനിന്നുള്ള ഒന്നോ അതിലധികമോ മേൽനോട്ട സമിതികൾ രൂപവത്കരിക്കും. എന്തെങ്കിലും നിയമലംഘനങ്ങൾ ഉണ്ടായാൽ അത് നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഈ സമിതികൾ ബാധ്യസ്ഥരാണ്. താൽക്കാലിക തൊഴിൽ വിസയിലെത്തുന്നവർക്ക് ഹജ്ജ് നിർവഹിക്കാൻ അനുവാദമില്ലെന്നും വിസയിൽ അറബിയിലും ഇംഗ്ലീഷിലും ‘ഹജ്ജിന് സാധുതയുള്ളതല്ല’ എന്ന വാചകം രേഖപ്പെടുത്തണമെന്നും വ്യവസ്ഥയിലുണ്ട്.
ഹജ്ജ്, ഉംറ സേവനങ്ങൾക്കുള്ള താൽക്കാലിക തൊഴിൽ വിസ മറ്റൊരു ആവശ്യത്തിനോ സ്ഥിരജോലിക്കോ വേണ്ടിയുള്ള താൽക്കാലിക തൊഴിൽ വിസയാക്കി മാറ്റാൻ പാടില്ല. എല്ലാ വർഷവും ദുൽഹജ്ജ് ആദ്യ ദിവസം ഉപയോഗിക്കാത്ത ഹജ്ജ്, ഉംറ സേവനങ്ങൾക്കുള്ള താൽക്കാലിക തൊഴിൽ വിസകൾ മന്ത്രാലയം സ്വയമേവ റദ്ദാക്കും. അല്ലെങ്കിൽ ഈ തീയതിക്ക് മുമ്പ് വിസ അപേക്ഷകൻ അത് റദ്ദാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹത്തിന് അടച്ച ഫീസ് വീണ്ടെടുക്കാനുള്ള അവകാശമുണ്ടെന്നും വ്യവസ്ഥയിലുണ്ട്. വിസ അപേക്ഷകൻ ഓരോ തൊഴിലാളിക്കും 2000 റിയാൽ എന്ന തോതിൽ സാമ്പത്തിക ഗാരണ്ടി മന്ത്രാലയത്തിന് സമർപ്പിക്കണം.
വിസയിലെത്തുന്നവരെ സ്വദേശത്തേക്ക് മടക്കി അയക്കുന്നതിനുള്ള ചെലവുകൾ വഹിക്കുന്നതിനാണിത്. നിർദ്ദിഷ്ട കാലയളവിനുള്ളിൽ അദ്ദേഹം രാജ്യത്ത് നിന്ന് പോയതിെൻറയോ വിസ റദ്ദാക്കിയതിെൻറയോ തെളിവ് മന്ത്രാലയത്തിന് നൽകിയാൽ ഗാരണ്ടി റീഫണ്ട് ചെയ്യും. താൽക്കാലിക തൊഴിൽ വിസ സാധുത കാലയളവ് ഇഷ്യു ചെയ്ത തീയതി മുതൽ ഒരു വർഷമാണ്. താമസ കാലയളവ് രാജ്യത്തേക്ക് പ്രവേശിച്ച തീയതി മുതൽ 90 ദിവസമാണ്. എന്നാൽ അടുത്ത മൂന്നുമാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ അനുവാദമുണ്ട്. എന്നാൽ ആ കാലാവധിയും അതായത് ആറു മാസം പൂർത്തിയാകുന്നതിന് മുമ്പ് വിസ ഉടമ രാജ്യം വിടണം.
താൽക്കാലിക തൊഴിൽ വിസയിൽ ഉൾപ്പെടുന്ന ഉദ്ദേശ്യങ്ങളും തൊഴിലുകളും വിസ പ്രകാരം റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികൾക്കുള്ള സാങ്കേതികവും തൊഴിൽപരവുമായ ആവശ്യകതകൾ നിർണയിക്കുന്നതിനുള്ള ചുമതല ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് മാനവ വിഭവശേഷി മന്ത്രാലയത്തിനായിരിക്കും. മന്ത്രാലയമായിരിക്കും താൽക്കാലിക തൊഴിൽ വിസ അപേക്ഷകൾ പഠിക്കുകയും അവയുടെ എണ്ണം നിർണയിക്കുകയും നിർദ്ദിഷ്ട വ്യവസ്ഥകൾക്കനുസൃതമായി ആവശ്യമായ പെർമിറ്റുകൾ നൽകുകയും ചെയ്യുക. താത്കാലിക തൊഴിൽ വിസക്കുള്ള അപേക്ഷകൻ വിസ അനുവദിക്കുന്നതിന് മുമ്പ് ഇരുകക്ഷികളും ഒപ്പിട്ട തൊഴിൽ കരാറിെൻറയും ഇൻഷുറൻസിെൻറയും പകർപ്പ് വിദേശത്തുള്ള എംബസികൾക്ക് സമർപ്പിച്ചിരിക്കണമെന്നും വ്യവസ്ഥകളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.