ജിദ്ദയിൽ പെട്രോൾ വിതരണ കേന്ദ്രത്തിൽ തീപിടിത്തം
text_fieldsജിദ്ദ: ജിദ്ദയിലെ പെട്രോൾ വിതരണ കേന്ദ്രത്തിലെ ഇന്ധന ടാങ്കിലുണ്ടായ തീപിടിത്തത്തിനു പിന്നിൽ യമൻ വിമത സായുധസംഘമായ ഹൂതികളാണെന്ന് തെളിഞ്ഞതായി സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി പറഞ്ഞു. ഇറാൻ പിന്തുണേയാടെ ഹൂതികൾ നടത്തുന്ന അതിക്രമമാണ് സംഭവത്തിനു പിന്നിൽ. സൗദി അറേബ്യയെയല്ല, മറിച്ച് ആഗോള സമ്പദ്വ്യവസ്ഥയുടെ നെട്ടല്ലിനെതന്നെയാണ് ഭീകരസംഘം ഉന്നമിടുന്നത്. ആഗോള ഉൗർജസുരക്ഷയെ തകർക്കലാണ് ലക്ഷ്യം.
അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ ഇന്ധന സംസ്കരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നേരേത്ത നടത്തിയ ഭീകരാക്രമണങ്ങളുടെ തുടർച്ചയാണിത്. ക്രൂസ് മിസൈലും സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകളും ഉപയോഗിച്ച് അബ്ഖൈഖ്, ഖുറൈസ് പെട്രോളിയം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത് ഹൂതികളാണെന്നും അതിനു പിന്നിൽ ഇറാനിയൻ ഭരണകൂടമാണെന്നും തെളിഞ്ഞതാണ്. മനുഷ്യജീവനും സ്വത്തുക്കളും സാമ്പത്തിക സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ആസൂത്രിതമായി നടത്തുന്ന അക്രമം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ്.
യുദ്ധക്കുറ്റമാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സഖ്യസേന സ്വീകരിക്കുമെന്നും ശത്രുതാപരവും തീവ്രവാദപരവുമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന ഭീകരസംഘങ്ങളെ അന്താരാഷ്ട്ര മാനുഷിക നിയമത്തിനനുസൃതമായി കൈകാര്യം ചെയ്യുമെന്നും വക്താവ് കൂട്ടിച്ചേർത്തു. തിങ്കളാഴ്ച പുലർച്ച മൂന്നോടെയാണ് ജിദ്ദയുടെ വടക്കുഭാഗത്തെ പെട്രോൾ വിതരണ കേന്ദ്രത്തിലെ ഇന്ധന ടാങ്കിൽ തീപിടിത്തമുണ്ടായതെന്ന് ഉൗർജ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. അഗ്നിശമനസേന തീ കെടുത്തുകയായിരുന്നു. ആളുകൾക്ക് പരിക്കോ ജീവഹാനിയോ സംഭവിച്ചില്ല. ഇന്ധനവിതരണത്തെ ബാധിച്ചിട്ടില്ലെന്നും വ്യത്തങ്ങൾ പറഞ്ഞു. ഭീരുത്വം നിറഞ്ഞ ആക്രമണത്തെ രാജ്യം ശക്തമായി അപലപിക്കുന്നു എന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.