ജന്മദിനം പോലുള്ള വിശേഷ അവസരങ്ങൾ ആഘോഷിക്കുന്നതിൽ തെറ്റില്ലെന്ന് സൗദി പണ്ഡിത കൗൺസിൽ മുൻ അംഗം
text_fieldsജിദ്ദ: ഒരു മുസ്ലീം തന്റെയോ തന്റെ പ്രിയപ്പെട്ടവരുടെയോ ജന്മദിനം പോലുള്ള ഏതെങ്കിലും വിശേഷ അവസരങ്ങൾ ആഘോഷിക്കുന്നതിൽ തെറ്റില്ലെന്ന് സൗദി അറേബ്യയിലെ മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിൽ മുൻ അംഗം ഡോ. ഖൈസ് ബിൻ മുഹമ്മദ് അൽ ശൈഖ് മുബാറക് പറഞ്ഞു.
വാർഷികാഘോഷങ്ങൾ, ഒരാളുടെ നേട്ടങ്ങൾ അല്ലെങ്കിൽ കുട്ടികളുടെ നേട്ടങ്ങൾ, യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദമോ മറ്റോ ഉന്നത നേട്ടം കൈവരിക്കൽ, അതുപോലുള്ള മറ്റ് അവസരങ്ങൾ എന്നിവയുടെ കാര്യത്തിലും ആഘോഷങ്ങൾ തെറ്റല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ ആഘോഷങ്ങൾ ഏതെങ്കിലും മതഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ നിരോധനമുള്ളതല്ലെന്നതിനാൽ അടിസ്ഥാനപരമായി അതെല്ലാം അനുവദനീയമാണ്.
അത്തരം സന്ദർഭങ്ങളെ പാരമ്പര്യങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായാണ് കണക്കാക്കുന്നത്. അവയ്ക്ക് മതപരമായ വിലക്കുകളുമായി യാതൊരു ബന്ധവുമില്ല. ഖുർആനിലോ പ്രവാചക പാരമ്പര്യങ്ങളിലോ ഒരു മതഗ്രന്ഥത്തിലൂടെയോ നിരോധിക്കപ്പെട്ട കാര്യങ്ങളല്ല അവയൊന്നുമെന്നും ഡോ. ഖൈസ് ബിൻ മുഹമ്മദ് അൽ ശൈഖ് മുബാറക് പറഞ്ഞു.
വിശുദ്ധ ഖുർആനിലും പ്രവാചക ചര്യയിലും അനുശാസിക്കുന്ന ആരാധനയേക്കാൾ അധികമായ ഒരു പുതിയ ആരാധനാക്രമം നിരോധിക്കേണ്ടതാണെന്ന് പണ്ഡിതന്മാർ ഏകകണ്ഠമായി സമ്മതിച്ചിട്ടുണ്ട്. ഒന്നും ചേർക്കാനോ നീക്കം ചെയ്യാനോ അനുവദനീയമല്ലാത്ത ഇസ്ലാമിലെ മതപരമായ ആചാരങ്ങളുടെ വിഭാഗത്തിൽ ഇത്തരം ആഘോഷങ്ങൾ ഉൾപ്പെടുന്നില്ലെന്ന് അൽ മുബാറക് ചൂണ്ടിക്കാട്ടി.
മുസ്‌ലിംകൾക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ ഒരു ഓർമ്മപ്പെടുത്തലിനും മാർഗനിർദേശത്തിനും വേണ്ടി പ്രവാചകന്റെ ഹിജ്റ പോലുള്ള അവസരങ്ങൾ ഓർത്തെടുക്കുന്നതിലും തെറ്റൊന്നുമില്ലെന്ന് ഡോ. അൽ മുബാറക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.