ചരിത്രസ്മരണയിലൂടെ 'ദർബ് സുബൈദ'യിലേക്ക് ഒരു നടത്തം
text_fieldsമക്ക: ഇറാഖിൽനിന്ന് മക്കയിലേക്കുണ്ടായിരുന്ന പൗരാണിക വാണിജ്യപാതയായ 'ദർബ് സുബൈദ'വീണ്ടും വാർത്തയിൽ നിറയുന്നു. അറബ് സാംസ്കാരിക പൈതൃക സ്മരണകളെ ഉണർത്തി ഈ പാതയിലൂടെ വ്യാഴാഴ്ച ആരംഭിച്ച സൗദി സംരംഭമായ കൂട്ടയാത്ര (ദർബ് സുബൈദ കാഫില)യാണ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്. 160ലധികം പേർ ഹൈക്കിങ്, കുതിര, ഒട്ടകം, പാരാഗ്ലൈഡിങ്, മോട്ടോർ സൈക്കിൾ, സൈക്കിൾ എന്നിവ ഉപയോഗിച്ചാണ് യാത്ര നടത്തുന്നത്. ഹാഇലിന് 230 കിലോമീറ്റർ അകലെ വടക്കുഭാഗത്തെ 'മദീനത്തു തുർബ'യിൽനിന്നാണ് യാത്രയുടെ തുടക്കം. രണ്ടാഴ്ചയോളം യാത്ര നീളും. കഴിഞ്ഞവർഷം തുടക്കമിട്ട യാത്രാപരിപാടിയുടെ രണ്ടാം പതിപ്പാണ് ഇപ്പോൾ നടക്കുന്നത്.
അബ്ബാസിയ ഖലീഫമാരിൽ അഞ്ചാമനായ ഹാറൂൺ റഷീദിന്റെ പത്നിയായ രാജ്ഞി സുബൈദയുടെ പേരിലറിയപ്പെടുന്നതാണ് 'സുബൈദ പാത'(ദർബ് സുബൈദ). വാണിജ്യ പാതയായിരുന്ന ഇതിന്റെ ശേഷിപ്പുകൾ ഇന്നും സൗദിയിലെ പല ഭാഗങ്ങളിലും ചരിത്ര സ്മാരകങ്ങളായി നിലനിൽക്കുന്നുണ്ട്. യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടംപിടിച്ച സൗദിയിൽനിന്നുള്ള 10 പൗരാണിക കേന്ദ്രങ്ങളിൽ ഒന്നാണിത്. എ.ഡി 750നും 1258നും ഇടയിൽ നിലനിന്ന അബ്ബാസിയ കാലഘട്ടത്തിൽ സുബൈദ പാത ഏറ്റവും പ്രധാനപ്പെട്ട തീർഥാടന, വാണിജ്യ റൂട്ടുകളിലൊന്നായിരുന്നു.
ഇറാഖിൽനിന്ന് മക്കയിലെത്താൻ നേരത്തേ ഉണ്ടായിരുന്ന പല വഴികളും ഏറെ ദുർഘടം പിടിച്ചതായിരുന്നു. മക്കയിലെത്തിയിരുന്ന അന്നത്തെ തീർഥാടകർക്ക് ജീവനാശവും വിപത്തും സംഭവിക്കുന്നത് പതിവായിരുന്നു. ഇത് മനസ്സിലാക്കിയ രാജ്ഞി സുബൈദ അസ്ഥിര മണൽക്കൂനകളിൽനിന്നും മോശമായ കാലാവസ്ഥയിൽനിന്നും യാത്രക്കാരെ രക്ഷിക്കുന്ന, മതിലുകളാലും വഴിയോര വിശ്രമകേന്ദ്രങ്ങളാലും അതിരുകൾ നിർണയിക്കപ്പെട്ട ഒരു പാത നിർമിക്കാൻ പദ്ധതി തയാറാക്കുകയായിരുന്നു.
ഇറാഖിലെ കൂഫയിൽനിന്ന് മക്കവരെ എത്തുന്ന ഈ പാതക്ക് 1,600 കിലോമീറ്ററിലധികം ദൂരമുണ്ട്. പാതയെ 50ലധികം ഭാഗങ്ങളായി വിഭജിച്ച് 27 സ്റ്റേഷനുകൾ നിർമിച്ചു. തീർഥാടകർക്ക് വെള്ളത്തിനായി ധാരാളം കിണറുകൾ, കുളങ്ങൾ, അതിഥി മന്ദിരങ്ങൾ, പള്ളികൾ, പൊലീസ് പോസ്റ്റുകൾ എന്നിവയും നിർമിച്ചു. സ്ഥലനിർണയാർഥം ഉയരമുള്ള മിനാരങ്ങൾ സ്ഥാപിക്കപ്പെട്ടു. സാർഥവാഹക സംഘങ്ങൾക്ക് വഴികാണിക്കാനായി പാതയോരങ്ങളിൽ വലിയ ഗോപുരങ്ങൾ സ്ഥാപിച്ച് രാത്രി തീ കത്തിച്ചു. അന്നത്തെ നിർമാണത്തിലെ വേറിട്ട വൈഭവം കാരണം നൂറ്റാണ്ടുകളോളം ഈ സുബൈദ പാത കേടുകൂടാതെ നിലനിന്നിരുന്നു.
ഇറാഖ്, ഖുറാസാൻ, ഖുർദിസ്താൻ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് ദശലക്ഷക്കണക്കിനാളുകൾക്ക് ആയിരത്തിലധികം വർഷം ഇതിലൂടെ യാത്രചെയ്യാൻ കഴിഞ്ഞു എന്നതാണ് ചരിത്രം. ആധുനിക നൂതന യാത്രാസൗകര്യങ്ങൾ വികാസം പ്രാപിച്ചതിനാൽ ക്രമേണ ഈ പാത കാലഹരണപ്പെടുകയാണുണ്ടായത്. പാതയുടെ പല ഭാഗങ്ങളിലും ഇപ്പോൾ ആധുനികമായ സൗധങ്ങളും റോഡുകളുമാണ് കാണാൻ കഴിയുക. ഏകദേശം 1300 വർഷം കഴിഞ്ഞിട്ടും സുബൈദ പാതയുടെ ശേഷിപ്പുകളായി കിണറുകളും കുളങ്ങളും മറ്റും അങ്ങിങ്ങായി നിലനിൽക്കുന്നുണ്ട്. ദുർബത് ഹാഇലിന് 20 കിലോമീറ്റർ വടക്കു കിഴക്ക് സ്ഥിതിചെയ്യുന്ന ബിർക അൽ-ബിദ്ദ, 70 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന ബിർക അൽ-അരീശ്, റഫ്ഹയുടെ 14 കിലോമീറ്റർ കിഴക്കുഭാഗത്തുള്ള ബിർക അൽ-ജുമൈമ, ബുഖായിൽനിന്ന് 50 കിലോമീറ്റർ വടക്കുകിഴക്കായി നിലകൊള്ളുന്ന ബിർക സറൂദ് എന്നിവ സുബൈദയുടെ സ്മാരകങ്ങളായി ഇന്നും നിലകൊള്ളുന്നവയാണ്. സുബൈദ ഈ പദ്ധതിക്കായി അന്നത്തെ 17 ലക്ഷം 'മിദ്ക്കാൽ'(5950 കിലോഗ്രാം ശുദ്ധ സ്വർണത്തിന് തുല്യമായത്) ചെലവഴിച്ചതായി പറയപ്പെടുന്നു.
സൗദിയിലെ അഞ്ച് പട്ടണങ്ങളിലൂടെ കടന്നുപോയിരുന്ന ഈ പാതയുടെ പല അടയാളങ്ങളും കാലത്തെ അതിജയിച്ച് ഇന്നും പല ഭാഗങ്ങളിലും കാണാം. സൗദിയുടെ വടക്കൻ അതിർത്തികൾ, ഹാഇൽ, അൽഖസീം, മദീന, മക്ക തുടങ്ങിയ ഭാഗങ്ങളിലുള്ള പൈതൃകശേഷിപ്പുകൾ സൗദി കമീഷൻ ഫോർ ടൂറിസം ആന്ഡ് നാഷനൽ ഹെറിറ്റേജ് ഇപ്പോൾ സംരക്ഷിച്ചുവരുകയാണ്.
ദേശീയ പരിവർത്തന പദ്ധതിയുടെ പൈതൃക സംരക്ഷണ പരിപാടിയിൽപെടുത്തി വിപുലമായ നവീകരണ പദ്ധതികൾ ഊർജിതമാക്കി നടപ്പാക്കിവരുകയാണ് അധികൃതർ. സുബൈദ കാഫില രണ്ടാം പതിപ്പിലൂടെ പാത കടന്നുപോകുന്ന പ്രദേശങ്ങൾ വികസിപ്പിക്കുക, പൈതൃക ശേഷിപ്പുകൾ പുനരുജ്ജീവിപ്പിക്കുക എന്നിവകൂടി ലക്ഷ്യമിടുന്നതായി കാഫിലയുടെ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുൽ അസീസ് ഉബൈദാഅ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.