കോവിഡ് കാലത്തെ ഒരു യാത്ര
text_fieldsഏകദേശം 100 ദിവസം. ബിഗ് ബോസ് ഹൗസിലെ മത്സരാർഥികളെ പോലെ പുറംലോകം കാണാതെ വീട്ടുതടങ്കലിലായിരുന്നു നമ്മൾ. നിയമങ്ങൾക്ക് അയവുവന്നപ്പോൾ പുറത്തിറങ്ങി. ഒരുപാട് തയാറെടുപ്പുകൾ വേണ്ടിവന്നു ഒന്ന് പുറത്തുപോകാൻ. കുട്ടികളുള്ളതുകൊണ്ട് പ്രത്യേക ശ്രദ്ധ. മാസ്ക് െവച്ചതുകൊണ്ട് രണ്ടുകണ്ണുകൾ മാത്രമായി എന്ത് ഫോട്ടോ. പണ്ടൊക്കെ യാത്ര പോകുമ്പോൾ ഇവിടെ കാണാൻ ഈ മരുഭൂമിയല്ലേ ഉള്ളൂ എന്നുപറഞ്ഞ് ഫോണിൽ കുത്തിയിരുന്ന ഞാൻ ഈ ജുബൈൽ നഗരത്തിനും പ്രാന്തപ്രദേശങ്ങൾക്കും ഇത്രയും സൗന്ദര്യമോ എന്ന് അറിയാതെ ചോദിച്ചു പോയി. കോവിഡ് കൊണ്ടുവന്ന ഒരു മാറ്റമേ... ഒരുപാട് തവണ സഞ്ചരിച്ച ഇടങ്ങളിലൂടെ പോകുമ്പോഴും ആദ്യമായി കാണുന്ന അനുഭൂതി. പക്ഷികൾ സ്വൈര്യവിഹാരം നടത്തുന്നു. അവ എന്നെ നോക്കി കൊഞ്ഞനം കാണിക്കുന്നതായി തോന്നി. ഇനി നീ കൂട്ടിൽ കിടക്ക് എന്നുപറഞ്ഞിട്ട് പോകുംപോലെ. മാളുകളിലെല്ലാം തിരക്കുണ്ട്. എങ്കിലും സാമൂഹിക അകലം പാലിക്കുന്നുണ്ട്. ചിലർ തന്നെ കൊറോണ ബാധിക്കില്ല എന്ന മട്ടിൽ മാസ്കും ഗ്ലൗസും ഇല്ലാതെ... പതിയെയാണെങ്കിലും നമ്മൾ വൈറസിനൊപ്പം ജീവിക്കുക എന്ന ആശയം ഉൾക്കൊള്ളാനും പ്രാവർത്തികമാക്കാനും തുടങ്ങിയിരിക്കുന്നു. നമ്മുടെ കോസ്റ്റ്യൂം ഇനി മാസ്കും ഗ്ലൗസും കൂടെ ചേർന്നതാണ്.
പോയ കാര്യങ്ങൾ നിർവഹിച്ച് ഒരുപാട് ചുറ്റിത്തിരിയാതെ തിരിച്ച് പഴയ ഫ്ലാറ്റ് മുറിയിൽ. അപ്പോൾ പ്രവേശന കവാടം എന്നോട് എന്തോ മന്ത്രിക്കുന്നതുപോലെ തോന്നി. ഒരു പക്ഷേ 'തിരിച്ചു വന്നു അല്ലെ'എന്നായിരിക്കും. നമ്മുടെയൊക്കെ പഴയകാലം ഓർക്കുമ്പോൾ മനസ്സിൽ ഒരു തേങ്ങൽ. ഇനി ഒരിക്കലും മടങ്ങിവരില്ല എന്നറിയാമെങ്കിലും വെറുതെ മോഹിക്കുവാൻ മോഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.