യു.കെയിലെ ബിരുദദാന ചടങ്ങില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി മലയാളി വിദ്യാർഥിനി
text_fieldsജിദ്ദ: എം.ബി.എ ബിരുദദാന ചടങ്ങിൽ ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ജിദ്ദ ഇന്ത്യൻ സ്‌കൂൾ മുൻ വിദ്യാർഥിനിയും മലയാളിയുമായ സഫ മറിയം. യു.കെയിലെ പ്രസ്റ്റണ്‍ ലങ്കാഷയര്‍ സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം നടന്ന ബിരുദദാന ചടങ്ങിലാണ് തൃശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശിയും ജിദ്ദ ആസ്ഥാനമായുള്ള ഹൊറൈസണ്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ ശാക്കിർ ഹുസൈന്റെ മകളും മുൻ ജിദ്ദ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനിയുമായ സഫ മറിയം ശ്രദ്ധ നേടിയത്.
ബിരുദദാന ചടങ്ങില്‍ അനുവദിക്കപ്പെട്ട വസ്ത്രമല്ലാതെ മറ്റൊന്നും ധരിക്കരുതെന്ന സര്‍വകലാശാലയുടെ കർശന നിർദേശമുണ്ടായിട്ടും ഏത് വസ്ത്രം ധരിക്കണമെന്നത് തന്റെ അവകാശമാണെന്ന സഫയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ സര്‍വകലാശാല അധികൃതര്‍ വഴങ്ങുകയായിരുന്നു. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഫിയ ധരിച്ചുകൊണ്ടാണ് സഫ ബിരുദം സ്വീകരിച്ചതും തുടർന്നുള്ള ഫോട്ടോ സെഷനിലും മറ്റും പങ്കെടുത്തതും. സഫയുടെ ഉറച്ച തീരുമാനത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അനൗണ്‍സര്‍ കൂടിയായ അവതാരകനും മറ്റുള്ളവരും പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. ഫലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട് യു.കെയിൽ നടന്ന വിവിധ റാലികളിലും പരിപാടികളിലും സ്ഥിരമായി പങ്കെടുക്കുമായിരുന്നു സഫ മറിയം.
പ്ലസ് ടു വരെ ജിദ്ദ ഇന്ത്യന്‍ സ്‌കൂളിലായിരുന്നു സഫ മറിയം പഠിച്ചിരുന്നത്. ജിദ്ദയിലെ ഇമാം ബുഖാരി ഇൻസ്റ്റിട്യൂട്ടിൽ നിന്നും മതവിദ്യാഭ്യാസം നേടിയ സഫ, മലർവാടി, സ്റ്റുഡന്റ്സ് ഇന്ത്യ തുടങ്ങിയ വേദികളിലും സജീവ പ്രവർത്തകയായിരുന്നു. ഫറോക് ഇര്‍ഷാദിയ കോളേജില്‍ നിന്ന് മാസ് കമ്യൂണിക്കേഷന്‍സ് ആന്റ് ജേര്‍ണലിസത്തില്‍ ബിരുദമെടുത്ത ശേഷമാണ് പ്രസ്റ്റണ്‍ ലാങ്കഷയര്‍ സര്‍വകലാശാലയില്‍ ഉപരിപഠനത്തിനെത്തിയത്. സാഹസിക യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന സഫ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ജോര്‍ദാനിലും സഞ്ചരിച്ചിട്ടുണ്ട്. യു.കെയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചിട്ടുണ്ട്. യു.കെ ആരോഗ്യ മന്ത്രാലയത്തില്‍ ജോലിയില്‍ പ്രവേശിച്ച സഫ നല്ലൊരു ഫുട്ബാൾ കമ്പക്കാരിയും മെസ്സിയുടെ ആരാധികയുമാണ്. ബിരുദദാന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പിതാവ് ശാക്കിർ ഹുസൈനും യു.കെയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.