അടുത്ത വർഷത്തെ ഹജ്ജ്; പ്രാഥമിക തയാറെടുപ്പ് ചർച്ച ചെയ്യാൻ സൗദി ഹജ്ജ് കമ്മിറ്റി യോഗം ചേർന്നു
text_fieldsമക്ക: അടുത്ത വർഷത്തെ ഹജ്ജ് (2025)ന്റെ പ്രാഥമിക തയാറെടുപ്പ് ചർച്ച ചെയ്യാനായി സൗദി ഹജ്ജ് കമ്മിറ്റി (സി.എച്ച്.സി) കഴിഞ്ഞ ദിവസം മക്കയിൽ യോഗം ചേർന്നു. മക്ക ഡെപ്യൂട്ടി അമീറും സി.എച്ച്.സി ഡെപ്യൂട്ടി ചെയർമാനുമായ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ ഹജ്ജ് വേളയിൽ കൈവരിച്ച നല്ല ഫലങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഇത്തവണത്തെ ഹജ്ജ് ഓപറേഷൻ സിസ്റ്റം അടുത്ത ഹജ്ജ് സീസണിലും ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചു. അടുത്ത വർഷത്തെ ഹജ്ജ് വേളയിൽ പുണ്യപ്രദേശങ്ങളിൽ ആവശ്യമായ വികസനവും തീർഥാടകരുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അവർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനുമുള്ള മാർഗങ്ങളും യോഗം അവലോകനം ചെയ്തു. കര, കടൽ, വ്യോമ മാർഗങ്ങൾ വഴിയുള്ള തീർഥാടകരുടെ യാത്രയുടെ നിലവിലെ അവസ്ഥയും പുരോഗതി വേണ്ടുന്ന മേഖലയിലെ കാര്യങ്ങളും യോഗം ചർച്ച ചെയ്തു. 2024ലെ ഹജ്ജ് വേളയിൽ സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിലേയും കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലെയും ഉദ്യോഗസ്ഥരും കമ്മിറ്റിയംഗങ്ങളും നടത്തിയ പരിശ്രമങ്ങൾക്ക് മക്ക അമീർ ഖാലിദ് ബിൻ ഫൈസലിന്റെ നന്ദിയും അഭിനന്ദനവും അമീർ സഊദ് ബിൻ മിഷാൽ യോഗത്തിൽ അറിയിച്ചു.
അടുത്ത വർഷത്തെ ഹജ്ജ് സീസണിലേക്കുള്ള പ്രാഥമിക ക്രമീകരണങ്ങൾ ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ വർഷത്തെ ഹജ്ജ് സീസണിന്റെ നേട്ടങ്ങൾ മന്ത്രി എടുത്തുപറയുകയും നടപ്പാക്കിയ വിവിധ പദ്ധതികൾ വൻ വിജയമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ഹജ്ജ് സീസണിൽ ഡിജിറ്റൽ പരിവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.