ജിദ്ദയിൽ ഇന്ന് മുതൽ ഒരു മാസം ‘വണ്ടർലാൻഡ്’ വിനോദോത്സവം
text_fieldsജിദ്ദ: നിരവധി വിനോദ പരിപാടികളോടെ ഒരു മാസം നീളുന്ന ‘വണ്ടർലാൻഡ്’ വിനോദോത്സവത്തിന് തിങ്കളാഴ്ച തുടക്കം കുറിക്കും. ഡിസംബർ 10 വരെ നീളുന്ന ഫെസ്റ്റിവലിന് കിങ് അബ്ദുൽ അസീസ് റോഡിനോട് ചേർന്നുള്ള പ്രദേശമാണ് വേദിയാകുന്നത്. കുട്ടികളും മുതിർന്നവരും കുടുംബങ്ങളുമടക്കം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിരുചിക്കനുസരിച്ച് രസകരവും വൈവിധ്യവുമാർന്ന അനുഭവങ്ങൾ ഫെസ്റ്റിവൽ പ്രദാനം ചെയ്യും.
ജിദ്ദ ഇവൻറ്സ് കലണ്ടർ ഡിപ്പാർട്മെന്റാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സംസ്കാരവും വിനോദവും സമന്വയിപ്പിക്കുന്ന നൂതന രൂപകൽപനയിലൂടെ, സൃഷ്ടിപരമായ പ്രവർത്തനങ്ങളിലും സാംസ്കാരിക ഇടപെടലുകളിലും വ്യക്തികളുടെ പങ്കാളിത്തം വർധിപ്പിക്കുന്ന പ്രചോദനാത്മകമായ ഉത്സവാന്തരീക്ഷം വണ്ടർലാൻഡ് ഫെസ്റ്റിവൽ ഒരുക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
സംവേദനാത്മക ഷോകൾ, ആധുനിക ഗെയിമുകൾ, സന്ദർശകരെ ആവേശവും രസകരവും നിറഞ്ഞ അന്തരീക്ഷത്തിലെത്തിക്കുന്ന വിനോദ അനുഭവങ്ങൾ എന്നിവക്കായി രൂപകൽപന ചെയ്ത10 മേഖലകൾ ഫെസ്റ്റിവൽ സോണിൽ ഉൾപ്പെടുന്നു. സംയോജിതവും സുരക്ഷിതവുമായ വിനോദ അനുഭവം ഉറപ്പാക്കുന്നതിന് കുടുംബങ്ങൾക്ക് അനുയോജ്യമായ സൗകര്യങ്ങളും സേവനങ്ങളും ഫെസ്റ്റിവലിൽ സജ്ജീകരിച്ചിരിക്കുന്നു.
ഫോറസ്റ്റ് വണ്ടേഴ്സ്, ലെറ്റ്സ് പ്ലേ, സ്കറി സർക്കസ്, ഫൺ കാർണിവൽ, വണ്ടർ ജോബ്, ജോയ്ഫുൾ ബീച്ച്, ഫ്ലൈ ആൻഡ് എൻജോയ്, വണ്ടർ തിയറ്റർ, ഫുഡ് ആൻഡ് ബിവറേജ് സോൺ, ഷോപ്പിങ് സോൺ എന്നിവ ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്. ദിനംപ്രതി 7,000 സന്ദർശകരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫെസ്റ്റിവൽ പ്രവൃത്തിദിനങ്ങളിൽ വൈകീട്ട് നാല് മുതൽ രാത്രി 12 വരെയാണ് അരങ്ങേറുന്നത്.
വാരാന്ത്യങ്ങളിൽ പുലർച്ചെ 1.30 വരെ ഫെസ്റ്റിവൽ നീളും. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും ജീവിതനിലവാരം ഒരുപോലെ മെച്ചപ്പെടുത്തുന്നതിന് സംഭാവന നൽകുന്ന ടൂറിസം വിനോദമേഖലയെ വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് വണ്ടർലാൻഡ് വിനോദോത്സവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.