രക്ഷപ്പെട്ടത് വധശിക്ഷയിൽനിന്ന്
text_fieldsറിയാദ്: റഷ്യയിലെ യുദ്ധത്തടവുകാരെ മോചിപ്പിച്ച് റിയാദിലെത്തിക്കാൻ നടത്തിയ ഇടപെടലിനും സൗദിയിൽ താമസ സൗകര്യമേർപ്പെടുത്താൻ കാട്ടിയ സൗമനസ്യത്തിനും ജന്മനാട്ടിലെത്താൻ യാത്രാനടപടികൾ സുഗമമാക്കിയതിനും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന് നന്ദിപറയാൻ വാക്കുകളില്ലെന്ന് നാട്ടിലെത്തിയ മൊറോക്കൻ വിദ്യാർഥിയും കുടുംബവും.
യുക്രെയ്നിൽ 'കൂലിപ്പടയാളി' പ്രവർത്തനം നടത്തിയതിന് റഷ്യൻ സൈന്യം പിടികൂടി വധശിക്ഷക്ക് വിധിച്ച മൊറോക്കൻ വിദ്യാർഥി ഇബ്രാഹീം സഅദൂനും കുടുംബവും സ്വഭവനത്തിൽ വാർത്താ സംഘത്തോട് പ്രതികരിക്കുകയായിരുന്നു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ മധ്യസ്ഥതയെ തുടർന്നാണ് റഷ്യൻ സൈന്യം യുക്രെയ്നിൽനിന്ന് അറസ്റ്റ് ചെയ്ത് റഷ്യ തടവിൽ പാർപ്പിച്ചിരുന്ന വിവിധ രാജ്യക്കാരായ 10 പേരെ ഈമാസം 22 ന് വിട്ടയച്ചത്.
അവരെല്ലാം റിയാദിലെത്തിയ ശേഷമാണ് സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. അതിലൊരാളായിരുന്നു യുക്രെയ്നിൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന ഇബ്രാഹിം സഅദൂൻ. റഷ്യൻ അധിനിവേശത്തോടെ പഠനം തടസ്സപ്പെട്ട ഇബ്രാഹിം യുക്രെയ്നോടുള്ള സ്നേഹത്താൽ റഷ്യക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കുചേരുകയായിരുന്നു. ശനിയാഴ്ച രാത്രി എട്ടോടെ കാസാബ്ലാങ്ക അന്തർദേശീയ വിമാനത്താവളത്തിൽ ഇറങ്ങിയ ഇബ്രാഹീമിനെ സ്വീകരിക്കാൻ പിതാവ് താഹിർ സഅദൂനടക്കം വൻ ജനാവലിയും മാധ്യമപ്പടയും എത്തിയിരുന്നു. റഷ്യൻ സൈന്യത്തിനെതിരെയുള്ള പോരാട്ടത്തിൽ പശ്ചാത്താപമില്ലെന്നും നീതി മാത്രമായിരുന്നു അതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഇബ്രാഹിം പറഞ്ഞു. മകന്റെ തിരിച്ചുവരവിൽ അതിയായ സന്തോഷമുണ്ടെന്നും അതിന് സഹായിച്ച സൗദി, മൊറോക്കൻ അധികൃതരോട് നന്ദിയുണ്ടെന്നും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ഇടപെടലിന് പ്രത്യേകം നന്ദി പറയുകയാണെന്നും താഹിർ സഅദൂൻ പറഞ്ഞു.
തടവിൽ കഴിഞ്ഞതിന്റെ മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം തേടിയ ശേഷം മകൻ മൊറോക്കോയിൽ പഠനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.