തമിഴ്നാട് സ്വദേശിയെ ജിസാനിൽ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsജിസാൻ: സാംതയിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തഞ്ചാവൂർ കുംഭകോണം സ്വദേശി സ്റ്റീഫൻ അഗസ്റ്റിെൻറ (47) മൃതദേഹമാണ് താമസസ്ഥലത്തിന് സമീപം ഒഴിഞ്ഞ പ്രദേശത്ത് കണ്ടെത്തിയത്. സമീപത്തെ സ്വദേശി പൗരനാണ് ഇദ്ദേഹം മരിച്ചുകിടക്കുന്ന വിവരം പൊലീസിൽ അറിയിച്ചത്.
ഖമീസ് മുശൈത്തിൽനിന്ന് ഇലക്ട്രിക്, പ്ലംബിംഗ് ജോലികൾക്കായി ജിസാൻ സാംതയിലേക്ക് വന്നതായിരുന്നു സ്റ്റീഫൻ. വാരാന്ത്യത്തിൽ കൂടെ ജോലിചെയ്യുന്നവർ ഖമീസിലേക്ക് മടങ്ങിയെങ്കിലും സ്റ്റീഫൻ സാംതയിൽ തന്നെ തങ്ങുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മൊബൈൽ ഓഫ് ആയിരുന്നു. ഇതോടെ സുഹൃത്തുക്കളോടൊപ്പം ഖമീസ് മുശൈത്തിൽനിന്നും സാംതയിൽ എത്തിയ ഇദ്ദേഹത്തിെൻറ സഹോദരൻ അഗസ്റ്റിൻ കനകരാജ് പൊലീസിൽ പരാതി നൽകി.
പൊലീസ് അജ്ഞാത മൃതദേഹമായി സാംത ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം സഹോദരൻ തിരിച്ചറിയുകയായിരുന്നു. സ്പോൺസറുമായി ബന്ധമില്ലാത്തതിനാൽ മൂന്ന് വർഷത്തോളമായി ഇദ്ദേഹം ഹുറൂബിലായിരുന്നു. 28 വർഷത്തോളം പ്രവാസിയായി തുടരുന്ന സ്റ്റീഫൻ കാൽ നൂറ്റാണ്ട് കാലത്തെ പ്രവാസത്തിനിടക്ക് അഞ്ചു വർഷം മുമ്പ് ഒന്നര മാസത്തെ ലീവിന് മാത്രമാണ് നാട്ടിൽ പോയത്. പിന്നീട് നാടുമായും വീടുമായും ബന്ധം പുലർത്താറില്ലായിരുന്നു. അവിവാഹിതനാണ്.
പരേതരായ അഗസ്റ്റിൻ - അന്നമ്മ ദമ്പതികളുടെ പുത്രനാണ്. സഹോദരങ്ങൾ: സുഗുമാൾ, സരോപിൻ, സർഗുണ, സത്യ, സഖില. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം സാംതയിൽ സംസ്കരിക്കുമെന്ന് അനന്തര നടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകുന്ന സാംത കെ.എം.സി.സി നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.