ജയിലിലായിരുന്ന തമിഴ്നാട് സ്വദേശി മോചിതനായി
text_fieldsറിയാദ്: മൊബൈൽ സിം വാങ്ങുന്നതിനായി വിരലടയാളം സ്വീകരിച്ചവർ തന്റെ രേഖകൾ ദുരുപയോഗം ചെയ്തു നടത്തിയ തട്ടിപ്പിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശി മുഹമ്മദ് സഫ്വാൻ മൂന്നുമാസത്തെ ജയിൽവാസത്തിന് ശേഷം മോചിതനായി. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഫൈനൽ എക്സിറ്റ് വിസക്ക് അപേക്ഷിച്ചപ്പോഴാണ് ആഭ്യന്തര വകുപ്പിൽനിന്ന് സേവനങ്ങൾ തടഞ്ഞതായി ഇദ്ദേഹത്തിന് അറിയാൻ കഴിഞ്ഞത്.
വിവരങ്ങൾ അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ സഫ്വാനെ അന്വേഷണത്തിനായി കസ്റ്റഡിയിലെടുക്കുകയും ജയിലിലടക്കുകയുമായിരുന്നു. മൊബൈൽ നമ്പർ ഉപയോഗിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പിനാണ് സഫ്വാൻ അറസ്റ്റിലായതെന്ന് അധികൃതർ അറിയിച്ചു.
മാസങ്ങൾക്കുമുമ്പ് റിയാദ് ബത്ഹയിലെ മൊബൈൽ കടയിൽനിന്ന് സിം കാർഡ് വാങ്ങിയിരുന്നു. വിരലടയാളം ശരിയായില്ലെന്നു പറഞ്ഞ് മൂന്നുതവണ ആവർത്തിച്ച് ഇലക്ട്രോണിക് ഡിവൈസിൽ വിരലടയാളം രേഖപ്പെടുത്തിപ്പിച്ചിരുന്നു. അന്ന് മറ്റ് അസ്വാഭാവികതയൊന്നും തോന്നിയില്ല.
എന്നാൽ തന്റെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് മറ്റുള്ളവർ നടത്തിയ തട്ടിപ്പിലാണ് താൻ നിയമക്കുരുക്കിൽ അകപ്പെട്ടതെന്ന് അറിഞ്ഞപ്പോഴാണ് ബത്ഹയിൽ വിരലടയാളം നൽകിയത് സഫ്വാൻ ഓർത്തെടുത്തത്. പക്ഷേ, ഇക്കാര്യം അന്വേഷിച്ചു ബോധ്യം വരുന്നതുവരെ സഫ്വാൻ ജയിൽവാസം അനുഭവിക്കേണ്ടിവന്നു.
ജാമ്യത്തിൽ ഇറങ്ങാൻ അവസരം ലഭിച്ചെങ്കിലും ജാമ്യത്തിലെടുക്കാൻ സ്പോൺസർ തയാറാകാത്തതിനാൽ വീണ്ടും ജയിലിലേക്ക് തിരിച്ചയച്ചു. മൂന്നുമാസത്തെ ജയിൽ വാസത്തിന് ശേഷം വീണ്ടും സ്റ്റേഷനിലെത്തിച്ചെങ്കിലും സ്പോൺസർ ജാമ്യത്തിലിറക്കാൻ തയാറായില്ല.
അതേ സ്റ്റേഷനിൽ കസ്റ്റഡിയിലുള്ള മറ്റൊരു മലയാളി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ കുടുംബം സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെട്ടതോടെയാണ് സഫ്വാന്റെ മോചനത്തിന് വഴിയൊരുക്കിയത്. എംബസി അനുമതി പത്രം നൽകിയതിന്റെ അടിസ്ഥാനത്തിൽ സിദ്ധീഖ് പൊലീസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ സഫ്വാന് ജാമ്യം ലഭിച്ചു.
എന്നാൽ സഫ്വാന് നാട്ടിലേക്ക് പോകണമെങ്കിൽ കേസ് പൂർണമായും അവസാനിക്കണം. ഇതിനായുള്ള ശ്രമത്തിലാണ് സിദ്ധീഖ് തുവ്വൂർ. ഔദ്യോഗിക ഏജൻസികളിൽനിന്നല്ലാതെ മൊബൈൽ സിം കാർഡുകൾ വാങ്ങരുതെന്നും കമ്യൂണിക്കേഷൻ സ്പേസ് ആൻഡ് ടെക്നോളജി (സി.എസ്.ടി) കമീഷൻ വെബ്സൈറ്റ് വഴി ഇഖാമയിൽ എത്ര സിം കാർഡുണ്ടെന്ന് ഇടക്ക് പരിശോധിച്ച് തങ്ങളുടേതല്ലാത്ത സിം കാർഡ് കാൻസൽ ചെയ്യണമെന്നും സൈബർ കുറ്റങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പൊതുസമൂഹം അതിജാഗ്രത പുലർത്തണമെന്നും കെ.എം.സി.സി ജീവകാരുണ്യവിഭാഗം ചെയർമാൻ സിദ്ദീഖ് തുവ്വൂർ പ്രവാസികളെ ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.