മലയാളി സാമൂഹിക പ്രവർത്തകരുടെ സഹായം; നിയമക്കുരുക്കിലായ തമിഴ്നാട് സ്വദേശി നാട്ടിലേക്കു മടങ്ങി
text_fieldsദമ്മാം: സ്പോൺസർ ഇഖാമ പുതുക്കാത്തതിനാൽ ദുരിതത്തിലായ തമിഴ്നാട് സ്വദേശി നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്കു മടങ്ങി. തമിഴ്നാട് കന്യാകുമാരി സ്വദേശി മാരിയ ശെൽവമാണ് ദുരിതങ്ങൾക്കൊടുവിൽ നാടണഞ്ഞത്.
ദമ്മാമിൽ ഒരു കരാർ കമ്പനിയിൽ മേസനായി വർഷങ്ങളായി ജോലി ചെയ്യുകയായിരുന്നു മാരിയ ശെൽവം. എന്നാൽ, പിന്നീട് കമ്പനി ചുവപ്പു വിഭാഗത്തിൽപെട്ടതോടെ, ഇഖാമ പുതുക്കാൻ കഴിയാതെയായി. ഇഖാമ കാലാവധി കഴിഞ്ഞിട്ടും പുതുക്കാൻ കഴിയാതായതോടെ, താമസസ്ഥലത്തിനു പുറത്തിറങ്ങാനോ ജോലി ചെയ്തു ജീവിക്കാനോ പറ്റാത്ത അവസ്ഥയിലായി. ഏതാണ്ട് ഒരു വർഷത്തോളം അദ്ദേഹത്തിന് ജോലിയെടുക്കാൻ കഴിയാതായി.
സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞിട്ടും സ്പോൺസർ അദ്ദേഹത്തെ വിധിക്കു വിട്ടുകൊടുത്ത്, പൂർണമായും കൈയൊഴിഞ്ഞ അവസ്ഥയായിരുന്നു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളും നേരിട്ടിരുന്നു. സുഹൃത്തുക്കൾ നൽകിയ വിവരമനുസരിച്ചാണ് നവയുഗം സാംസ്കാരികവേദി ആക്ടിങ് പ്രസിഡൻറും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചത്. മഞ്ജുവും ഭർത്താവും നവയുഗം ജീവകാരുണ്യപ്രവർത്തകനുമായ പത്മനാഭൻ മണിക്കുട്ടനും മാരിയ ശെൽവത്തെ നേരിട്ടു കണ്ട് സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കി.
തുടർന്ന് അവർ ഈ വിവരങ്ങൾ ഇന്ത്യൻ എംബസിയെ അറിയിച്ചശേഷം, മാരിയ ശെൽവത്തെ ലേബർ കോടതിയിൽ കൊണ്ടുപോയി, ഫൈനൽ എക്സിറ്റിനുവേണ്ടി അപേക്ഷ സമർപ്പിച്ചു. അവിടത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി, ഡീപോർട്ടേഷൻ സെൻററിൽ എത്തിച്ച് അവിടെനിന്ന് എക്സിറ്റ് നടപടികൾ പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.