ജീസാൻ മലനിരകളിലെ മുല്ലപ്പൂക്കളുടെ പറുദീസ
text_fieldsജിസാൻ: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറ് ചെങ്കടലിനോട് ചേർന്ന ഹരിത ചാരുതീരമാണ് ജീസാൻ പ്രവിശ്യ. ഒരു ഭാഗത്ത് കടലും മറുഭാഗത്ത് ആകാശ ചുംബികളായ മലനിരകളും അതിരിടുന്ന ഈ മനോഹര മേഖലയിൽ കുന്നിൻ ചരിവുകളിലും താഴ്വരകളിലും വിടരുന്നത് മുല്ലപ്പൂക്കളുടെ പറുദീസയാണ്.
പ്രദേശത്തെ നല്ല വരുമാനം നൽകുന്ന കൃഷിയാണ് മുല്ലപ്പൂ. പ്രാദേശികവും അല്ലാത്തതുമായ എല്ലാ വിശേഷ അവസരങ്ങളിലും ഇവിടത്തെ ആളുകൾ പ്രത്യേകിച്ച് സ്ത്രീകൾ മുല്ലപ്പൂ അണിയുന്നത് പരമ്പരാഗത ശീലമാണ്.
പ്രാദേശിക ജനതയുടെ തനത് പാരമ്പര്യ ആചാരങ്ങളിൽ അവിഭാജ്യ ഘടകമാണ് മുല്ലപ്പൂ. അതുകൊണ്ടുതന്നെ പ്രാചീനകാലം മുതലേ മുല്ല പരമ്പരാഗത കൃഷിയിനങ്ങളിൽപെടുന്നു. പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം ഈ കൃഷിയെ പരിപോഷിപ്പിക്കാൻ പല ഉത്തേജന പദ്ധതികളും നടപ്പാക്കിവരുന്നു.
ആയിരത്തോളം തോട്ടങ്ങളിലായി അഞ്ച് തരത്തോളം മുല്ലച്ചെടികളാണ് കൃഷി ചെയ്യുന്നത്. പ്രതിവർഷം 600 ടൺ മുല്ലപ്പൂ ഉൽപാദിപ്പിക്കുന്നു. പ്രാദേശികമായി ‘ഹാല ട്രീ’ എന്നറിയപ്പെടുന്ന അറേബ്യൻ മുല്ല, ‘വൈറ്റ് ജാസ്മിൻ ഗ്രോവ്’ എന്ന പേരിലറിയപ്പെടുന്ന വെള്ള മുല്ല എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
വർഷത്തിൽ ഏറിയകൂറും മഴയും തണുപ്പുമുള്ള പ്രദേശമായതിനാൽ തഴച്ചുവളരുന്ന മുല്ലക്ക് നല്ല തൂവെള്ള നിറവും സുഗന്ധവുമുണ്ട്. രാജ്യത്ത് മുല്ലപ്പൂ കൃഷി വർധിപ്പിക്കാൻ മന്ത്രാലയം നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഫലമായി കൂടുതൽ കർഷകർ ഇതിന്റെ കൃഷിക്കായി മുന്നോട്ട് വരുന്നുണ്ട്. ഉയർന്ന വിപണിമൂല്യമുള്ള ഇനങ്ങൾ കൃഷി ചെയ്യുന്നതിൽ അവർ ശ്രദ്ധ പുലർത്തുകയാണ്.
അതുകൊണ്ട് രാജ്യത്ത് മാത്രമല്ല പുറത്തും ജീസാൻ മുല്ലപ്പൂക്കൾക്ക് നല്ല ഡിമാൻഡാണ്. പ്രദേശവാസികളുടെ ജീവിതാചാരങ്ങളിൽ മുല്ലപ്പൂ ചെടികൾക്കും പൂക്കൾക്കും വലിയ പങ്കാണുള്ളത്. പൂവിന്റെ സുഗന്ധം ആസ്വദിക്കുന്നതോടൊപ്പം വിവിധ ആഘോഷാവസരങ്ങളിൽ ശരീരത്തിലണിയാനും മറ്റും മുല്ലപ്പൂ ഉപയോഗിക്കുന്നു. അത് പാരമ്പര്യത്തിന്റെ പ്രതീകമായി മാറുന്നു.
ബാലികമാരും യുവതികളുമൊക്കെ പണ്ടുമുതലേ മുല്ലമൊട്ടും മുല്ലപ്പൂവും കൊരുത്ത് മാലയാക്കി അണിയുന്നത് പരമ്പരാഗത രീതിയാണ്. അതിപ്പോഴും തുടരുന്നു. വിവാഹ വേളകളിലും മറ്റു സാംസ്കാരിക പാരമ്പര്യ പരിപാടികളിലുമൊക്കെ മുല്ലപ്പൂ പ്രധാന അലങ്കാരവസ്തുവാണ്. ഇവിടെയെത്തുന്ന അതിഥികൾക്ക് മുല്ലപ്പൂകൊണ്ട് ബൊക്കയും മാലയുമൊക്കെ നൽകുന്ന പതിവുമുണ്ട്.
ജിസാനിലെ സമ്പന്നവും ഫലഭൂയിഷ്ഠവുമായ പർവത മേഖലകളിലെ മണ്ണ് മുല്ലപ്പൂ കൃഷിക്കും വിവിധ സുഗന്ധവ്യഞ്ജന വിളകൾക്കും അനുയോജ്യമാണ്. കുരുമുളകിന്റെ വിവിധതരങ്ങളും ഇവിടെ കൃഷി ചെയ്ത് നൂറുമേനി കൊയ്യുന്നു. രാജ്യത്തെ ഉയർന്ന ഗുണമേന്മയുള്ള സുഗന്ധോൽപ്പന്നങ്ങൾ ജിസാൻ മേഖലയിലാണ് അധികവും കൃഷി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.