റിയാദ് സീസൺ കപ്പ് കാണാനുള്ള ഒറ്റ ടിക്കറ്റ് ആഗോള ലേലത്തിന്
text_fieldsജിദ്ദ: ഈ മാസം 19ന് റിയാദിൽ നടക്കുന്ന റിയാദ് സീസൺ കപ്പ് ഫുട്ബാൾ മത്സരം കാണാൻ ഒരു ടിക്കറ്റ് ബാക്കി. ‘സങ്കൽപ്പത്തിനപ്പുറം’ എന്ന് പേരിട്ട ആ ഒരൊറ്റ ടിക്കറ്റ് ആഗോള ലേലത്തിന് വെച്ചിരിക്കുകയാണ് സംഘാടകരായ ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി. ലേലം വിളി ആരംഭിക്കുന്നത് 10 ലക്ഷം റിയാലിൽ നിന്നാണ്. അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പി.എസ്.ജിയും അൽ ഹിലാൽ-അൽ നസ്ർ ക്ലബ് സംയുക്ത ടീമുമാണ് റിയാദ് സീസൺ കപ്പിന് വേണ്ടി പോരാടുന്നത്.
ടിക്കറ്റ് ലേലത്തിൽ പിടിക്കുന്ന ആൾക്ക് കളി കാണാൻ മാത്രമല്ല വിവിധ ആനുകൂല്യങ്ങളും അസുലഭാവസരങ്ങളുമാണ് ലഭിക്കുന്നത്. രണ്ട് ടീമുകൾക്കൊപ്പം ഉച്ചഭക്ഷണമോ അത്താഴമോ കഴിക്കാനുള്ള അവസരമാണ് ഒന്ന്. വിജയിച്ച ടീമിന് ട്രോഫി നൽകാനും ടീമംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനും കഴിയും. ഇരുടീമുകളുടെയും ഡ്രസ്സിങ് റൂമിൽ പ്രവേശിക്കാനാവും. ആദ്യമായാണ് സൗദിയിൽ നടക്കുന്ന ഒരു പരിപാടിയുടെ ഒറ്റ ടിക്കറ്റ് ലേലം ചെയ്യാൻ പോകുന്നത്. ഈ മാസം 17 വരെയാണ് ലേലം നടക്കുന്നതെന്നും ആലുശൈഖ് പറഞ്ഞു. ലേലത്തിൽ നിന്നുള്ള വരുമാനം സൗദി ചാരിറ്റി വിങ്ങായ ‘ഇഹ്സാനി’ന് നൽകും.
19-ാം തീയതി നടക്കുന്ന മത്സരം കാണാനുള്ള ടിക്കറ്റുകൾ സ്വന്തമാക്കാൻ വൻ തിരക്കാണ് അനുഭവപ്പെട്ടതെന്നും ഓൺലൈൻ ബുക്കിങ് ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയെന്നും ആലുശൈഖ് പറഞ്ഞു. ടിക്കറ്റ് ആവശ്യപ്പെട്ട് 170 രാജ്യങ്ങളിൽനിന്ന് 20 ലക്ഷം ആളുകളാണ് ഓൺലൈൻ ബുക്കിങ്ങിന് ശ്രമം നടത്തിയതെന്നും തുർക്കി ആലുശൈഖ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മികച്ച ഭരണനേതൃത്വത്തിെൻറ പിന്തുണയോടെ സൗദി അറേബ്യയിൽ എല്ലാം സാധ്യമാണ്.
റിയാദ് സീസൺ കപ്പ് ഒരു ചരിത്ര സംഭവമായി മാറും. ഫുട്ബൾ ചരിത്രത്തിൽ അഭൂതപൂർവമായ സംഭവമായിരിക്കും. ടിക്കറ്റുകൾ നിമിഷങ്ങൾക്കുള്ളിൽ പൂർണമായും വിറ്റുതീർന്നു. ടിക്കറ്റ് വിൽപന സംവിധാനം നിർത്തി. ഓരോ സെക്കൻഡിലും ടിക്കറ്റുകളുടെ ആവശ്യം 10,000 മുതൽ 15,000 വരെ വർധിച്ചിരുന്നതായും ആലുശൈഖ് സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.