ലോകത്തിന്റെ ഭക്ഷണ വൈവിധ്യങ്ങൾക്കായി ജുബൈലിൽ ഒരു തെരുവ്
text_fieldsജുബൈൽ: വ്യവസായ നഗരത്തിലെ യാന്ത്രിക ജീവിതത്തിനിടെ ആസ്വാദ്യതയുടെ രുചിഭേദങ്ങൾ തേടുന്ന പ്രവാസിക്ക് ജുബൈൽ നഗരം പറുദീസയൊരുക്കുന്നു. ഒരു തെരുവ് മുഴുവൻ വൈവിധ്യങ്ങൾ നിറഞ്ഞ രുചിക്കൂട്ടുകൾ നിറച്ച് സ്വാഗതമരുളുകയാണ് ജുബൈൽ കിംസ് ആശുപത്രിക്ക് സമീപത്തെ ഒരു ഭാഗത്തായുള്ള നിരവധി ഭക്ഷണശാലകൾ.
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ പട്ടണമായ ജുബൈലിൽ നിരവധി പുതിയ റസ്റ്റാറന്റുകളാണ് ഉയരുന്നത്. സൗദിയുടെ ‘വിഷൻ 30’മായി ബന്ധപ്പെട്ട വിവിധ പ്രോജക്ടുകളുടെ ഭാഗമായി ഒരുപാടാളുകൾ ജോലിക്കും മറ്റുമായി ജുബൈലിൽ എത്തുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ.
റിയൽ എസ്റ്റേറ്റ് മേഖലയിലും ഈ ചലനം കാണാൻ സാധിക്കും. പ്രധാനമായും അറബിക്, തുർക്കിഷ്, ഇന്ത്യൻ, ഇറാഖി, പാകിസ്താനി, ബംഗാളി, അഫ്ഗാനി വിഭവങ്ങളാണ് സുലഭം. വളരെ ചെറിയ ചുറ്റളവിൽതന്നെ എല്ലാ നാടുകളുടെയും തനത് രുചികളുമായി റസ്റ്റാറന്റുകളുണ്ടെന്നതാണ് ഈ തെരുവിന്റെ പ്രത്യേകത.
മലയാളികൾ ധാരാളം താമസിക്കുന്നതിനാൽ കേരളത്തിന്റെ തനത് വിഭവങ്ങളുൾപ്പടെ വിളമ്പുന്ന മലയാളി റസ്റ്റാറന്റുകളും ഒട്ടും കുറവല്ല. കിങ് ഫൈസൽ റോഡിൽ കിംസ് ആശുപത്രി പരിസരത്ത് ഒരു കിലോമീറ്ററിനുള്ളിൽ തന്നെ പത്തോളം റസ്റ്റാറന്റുകൾ പ്രവർത്തിക്കുന്നു.
മലബാർ-കോഴിക്കോടൻ വിഭവങ്ങൾക്ക് പുറമെ ചൈനീസ് വിഭവങ്ങളും ഇവിടെ ലഭ്യമാണ്. ഇവിടത്തെ ചായക്കടകളിൽ സമോവർ ചായക്ക് വേണ്ടി ക്യൂ നിൽക്കുന്ന കാഴ്ച ഏതൊരു മലയാളിയിലും ഗൃഹാതുരതയുണർത്തും എന്നതിൽ അതിശയോക്തിയില്ല.
ചായയും കുടിച്ചു സൗഹൃദം പങ്കുവെക്കുന്ന കാഴ്ച ഇവിടെ പുതുമയല്ല. പല റസ്റ്റാറന്റുകളിലും കുടുംബങ്ങൾക്കും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ബർത്ത്ഡേ പാർട്ടികൾ, മറ്റു ആഘോഷങ്ങൾ എന്നിവക്കുള്ള ഹാളുകളും ഉണ്ട്.
ജുബൈൽ നഗരകേന്ദ്രത്തിൽനിന്നും അകലെയായി പല കമ്പനികളുടെയും ലേബർ ക്യാമ്പുകൾ ഇവിടെയുണ്ട്. എല്ലാ അവധി ദിവസങ്ങളിലും കൂട്ടമായി ആളുകൾ വലിയ ബസുകളിൽ ഇവിടെയെത്തും. പകൽസമയം പാർക്കുകളിലും ബീച്ചുകളിലും ചെലവഴിച്ച് ഒരാഴ്ചക്ക് ആവശ്യമായ പർച്ചേസ് എല്ലാം കഴിഞ്ഞ് ഇഷ്ടപ്പെട്ട ഭക്ഷണവും കഴിച്ച് വയറും മനസ്സും നിറച്ചാണ് ഓരോരുത്തരും തിരികെ ക്യാമ്പിലേക്ക് പോവുക.
ഇവിടെയുള്ള ഫിഷ് മാർക്കറ്റ് പരിസരങ്ങളിൽ ഫ്രഷായ മത്സ്യങ്ങൾ വാങ്ങി തൊട്ടടുത്ത ഗ്രില്ലിങ് കടകളിൽ കൊടുത്താൽ മിനിറ്റുകൾക്കകം ഗ്രിൽ ചെയ്തു കിട്ടും. മസാലകൾ ചേർത്തും ഓവനിൽ പൊരിച്ചും ഒക്കെ പല രീതിയിൽ ലഭിക്കും. വളരെ ചുരുങ്ങിയ ചെലവിൽ വളരെ രുചികരമായ മത്സ്യങ്ങൾ ഫ്രഷായി കഴിക്കാം എന്നത് ഇവിടത്തെ പ്രത്യേകതയാണ്. മറ്റൊരു തീരദേശ പട്ടണമായ മത്സ്യബന്ധനത്തിന് പേരുകേട്ട ഖത്വീഫും ഇവിടെ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെയാണ്.
ജുബൈലിലെ റസ്റ്റാറന്റ് വിഭവങ്ങളിൽ എല്ലാ തരം മത്സ്യങ്ങളും ലഭ്യമാണ്. ചെമ്മീൻ ചാകര ആരംഭിച്ചതിനാൽ പല വകഭേദങ്ങളിലുള്ള ചെമ്മീൻ വിഭവങ്ങൾ എല്ലായിടത്തും ലഭ്യമാണ്. ആവി പറക്കുന്ന രുചിയേറും വിഭവങ്ങൾ മുന്നിലേക്കെത്തുമ്പോൾ കടുത്ത ചൂടും ഈർപ്പവും മറന്ന് തളികകൾക്കിരുപുറവും സൗഹൃദങ്ങൾ തളിർക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.