സുശക്തമായ കുടിയേറ്റ നിയമം കാലഘട്ടത്തിെൻറ ആവശ്യം -ഡോ. ഇരുദയരാജൻ
text_fieldsറിയാദ്: സുശക്തമായ കുടിയേറ്റ നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സി.ഡി.എസ് മുൻ പ്രഫസറും ‘ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്മെൻറ് കേരള’യുടെ അധ്യക്ഷനുമായ ഡോ. ഇരുദയരാജൻ പറഞ്ഞു. ‘പ്രവാസിയുടെ ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങൾ: നിയമവിദഗ്ധരുടെ പങ്ക്’ എന്ന വിഷയത്തിൽ പ്രവാസി ലീഗൽ സെൽ (പി.എൽ.സി) കേരള ചാപ്റ്റർ സംഘടിപ്പിച്ച വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 1983 മുതലുള്ള ഇന്ത്യൻ കുടിയേറ്റ നിയമം കാലഹരണപ്പെട്ടെന്നും കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ പരിഷ്കരിച്ച പുതിയ കുടിയേറ്റ നിയമമാണ് ഇന്നിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികൾ എരിഞ്ഞുതീരുന്ന മെഴുകുതിരികൾ പോലെയാണെന്ന് തന്റെ ദീർഘകാലത്തെ അനുഭവത്തിൽ പറയാനാകുമെന്ന് ഡോ. രാജൻ പറഞ്ഞു. പ്രകാശം പരത്തുന്ന വിദേശവാസത്തിനുശേഷം മടങ്ങിവരുന്ന ബഹുഭൂരിപക്ഷം പ്രവാസികളുടെയും ജീവിതം ദുരിതപൂർണമാണ്.
കോവിഡ് കാലഘട്ടത്തിൽ 15 ലക്ഷം പ്രവാസികളാണ് മടങ്ങിവന്നത്. നിരവധിപേർ വിദേശങ്ങളിൽ മരണപ്പെട്ടു. മടങ്ങിവന്നവരുടെ പുനരധിവാസത്തിനുവേണ്ട സർക്കാർ നടപടികൾ കാര്യക്ഷമമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.എൽ.സി കേരള ചാപ്റ്റർ പ്രസിഡൻറ് പി. മോഹനദാസ് (മുൻ ജില്ലാ ജഡ്ജ്, മുൻ മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ) വെബിനാർ ഉദ്ഘാടനം ചെയ്തു. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഡോ. രാജൻ ഉത്തരം നൽകി.
പി.എൽ.സി ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് അബ്രഹാം മോഡറേറ്റർ ആയിരുന്നു. ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ സ്വാഗതവും തൽഹത്ത് പൂവച്ചൽ നന്ദിയും പറഞ്ഞു. യു.കെ. ചാപ്റ്റർ പ്രസിഡൻറ് അഡ്വ. സോണിയ സണ്ണി, ഗ്ലോബൽ പ്രതിനിധി സുധീർ തിരുനിലത്ത്, ഇൻറർനാഷനൽ കോഓഡിനേറ്റർ ഹാഷിം പെരുമ്പാവൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.