അമേരിക്കൻ കാഴ്ചകൾ സൈക്കിളിൽ കറങ്ങികണ്ട് സൗദി യുവാവ്
text_fieldsയാംബു: അമേരിക്കയിലെ കാൻസസ് സംസ്ഥാനത്തെ വിചിത നഗരത്തിലെ സർവകലാശാലയിൽ പഠിക്കുന്ന സൗദി യുവാവിൻെറ സാഹസിക സൈക്കിൾ സഞ്ചാരം ശ്രദ്ധേയമായി.അമേരിക്കൻ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും 5000 കിലോമീറ്റർ സൈക്കിൾ സവാരി നടത്തി റെക്കോഡ് നേടിയാണ് യുവാവ് സൗദിയിലും വിദേശത്തും മാധ്യമങ്ങളിൽ ഇടംപിടിച്ചത്. ബിരുദ വിദ്യാർഥിയായ സൗദി യുവാവ് ഹസൻ അൽ ഷാവിക്കാണ് അമേരിക്കയിൽ നടന്ന പ്രത്യേക ചടങ്ങിൽ ആദരവ് ലഭിച്ചത്. സൗദി പതാകയേന്തിയും രാജ്യത്തിൻെറ സാംസ്കാരിക പൈതൃകം സമൂഹത്തിന് പരിചയപ്പെടുത്തിയുമായിരുന്നു യുവാവിൻെറ സാഹസിക യാത്ര. യാത്രയുടെ ഫോട്ടോകളും വിവരങ്ങളും സൗദി പ്രാദേശിക പത്രങ്ങളും അന്താരാഷ്ട്ര പത്രങ്ങളും പ്രാധാന്യപൂർവം കൊടുത്തിട്ടുണ്ട്.
വിചിതയിലെ സർവകലാശാലയിലെ സൗദി ക്ലബാണ് ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകിയത്.ക്ലബിൻെറ സൂപ്പർവൈസർ ഡോ. ജമാൽ വാഹിബ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സൗദിയുടെ സമ്പൂർണ പരിവർത്തന പദ്ധതിയായ വിഷൻ 2030 ലക്ഷ്യംവെക്കുന്ന കായിക മേഖലയിലെ വിപ്ലവത്തിന് ഹസൻ അൽ ഷാവിയുടെ സാഹസിക സൈക്കിൾ സഞ്ചാരം ഏറെ പ്രചോദനമാകുമെന്നും യുവാക്കളുടെ കായിക മേഖല വികസിപ്പിക്കാൻ സൗദിയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് പ്രസിഡൻറ് എൻജിനീയർ ഇമാദ് അൽ ഖന്നാസ് സംസാരിച്ചു. ചടങ്ങിൽ വിദ്യാർഥിക്ക് അംഗീകാരപത്രവും പാരിതോഷികവും സമ്മാനിച്ചു. അമേരിക്കയിലെ പല പ്രമുഖരും സർവകലാശാലയിലെ വകുപ്പ് മേധാവികളും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.