അറബ്ലോകത്ത് ചൂടേറും ചർച്ചയായി ‘ആടുജീവിതം’
text_fieldsദമ്മാം: മലയാളികളുടെ വായനയെയും കാഴ്ചയെയും കണ്ണീരിലാഴ്ത്തുകയും ത്രസിപ്പിക്കുകയും ചെയ്ത തീക്ഷ്ണാനുഭവങ്ങളുടെ ‘ആടുജീവിതം’ദേശാതിർവരമ്പുകൾ ഭേദിച്ച് ചർച്ച ചെയ്യപ്പെടുന്നു. അറബ് ലോകത്താകെ ഇപ്പോൾ ചൂടേറിയ ചർച്ചാവിഷയമാണത്. 2011ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ നോവൽ വായിച്ചത് ലക്ഷങ്ങളാണ്. മരുഭൂ ജീവിതത്തിന്റെ ദുരിതങ്ങളിൽ വെന്തുരുകിയ നജീബ് എല്ലാവരുടെയും വേദനയായി.
അത് സിനിമയായപ്പോൾ അത് കൂടുതൽ ഹൃദയസ്പർശിയായി. കൂടുതൽ ആളുകളിലേക്ക് ആ വേദന പടർന്നു. കേരള ചലച്ചിത്ര പുരസ്കാരങ്ങളുൾപ്പടെ നേടി ഈ സിനിമ വലിയ അലയൊലികൾ തീർക്കുമ്പോൾ മറ്റൊരു തരത്തിൽ അത് അറബ് ലോകത്തും ചർച്ച ചെയ്യപ്പെടുകയാണ്. നോവൽ സൗദിയിൽ വിതരണം ചെയ്യപ്പെട്ടിരുന്നില്ല. സിനിമക്കും പ്രദർശനാനുമതി കിട്ടിയില്ല. ഒറ്റപ്പെട്ട സംഭവത്തെ സാമാന്യവത്കരിച്ച് സൗദിയുടെ നല്ല പ്രതിഛായയെ വികലമാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ആടുജീവിതമെന്ന സിനിമയെന്നാണ് ഉയരുന്ന ആരോപണം.
സുൽത്താൻ അൽ നായിഫ് എന്ന മാധ്യമപ്രവർത്തകനാണ് ‘എക്സി’ൽ ആദ്യ വിമർശനശരം തൊടുത്തത്. ഒറ്റപ്പെട്ട സംഭവത്തെ അറബ് പെതൃകത്തെയും ജനതയേയും ക്രൂരന്മാരാക്കാനുള്ള പാശ്ചാത്യ ശ്രമങ്ങൾക്ക് എരിവ് പകരാനുള്ള ശ്രമമാണുണ്ടായത് എന്ന ആ വിമർശനത്തെ ഒരുപാടാളുകൾ ഏറ്റുപിടിച്ചു. സിനിമയിൽ ക്രൂരനായ സ്പോൺസറായി വേഷമിട്ട ഒമാനി കലാകാരൻ താലിബ് അൽബലൂഷിക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. എക്സിലും ടിക്ടോക്കിലും സ്നാപ്പ് ചാറ്റിലുമെല്ലാം സാധാരണക്കാരും പ്രമുഖരുമുൾപ്പടെ ആയിരക്കണക്കിന് പേരാണ് വിമർശന വീഡിയോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സൗദിയിൽ ദീർഘകാലമായി കഴിയുന്ന നിരവധി വിദേശികളും സിനിമയുടെ പ്രമേയത്തിനെതിരെ രംഗത്ത് വരുന്നുണ്ട്. താലിബ് അൽബലൂഷി അറബ് ജനതക്കുണ്ടായ വിഷമത്തിൽ മാപ്പ് ചോദിച്ചെന്ന വാർത്തകളും ഇതിനിടെ വന്നു.
രാജ്യത്തിന്റെ മഹത്തായ പാരമ്പര്യവും വിദേശികളോടുള്ള ഉദാരസമീപനവും സിനിമയിൽ മോശമായി ചിത്രീകരിച്ചു എന്നതടക്കമുള്ള വിമർശനങ്ങളാണ് പ്രധാനമായും ശക്തിപ്പെടുന്നത്. സൗദി നയതന്ത്ര ഉദ്യോഗസ്ഥനായ അബ്ദുറഹ്മാൻ അൽ ഹുമൈദി സമാനമായ വിമർശനമാണ് ഉന്നയിച്ചത്. ആടുജീവിതത്തിലേത് തീർത്തും ഒറ്റപ്പെട്ട സംഭവമാണ്. അതിനെ സാമാന്യവൽക്കരിക്കുന്നത് ശരിയല്ല. ലോകത്തെവിടെയും ഇത്തരം സംഗതികൾ സംഭവിക്കാം. സിനിമയിലൂടെ സൗദിയുടെ സംസ്കാര സമ്പന്നതയെയും ഉദാരസമീപനത്തെയും മോശമായി ചിത്രീകരിക്കുന്നതിന് മനഃപൂർവമായ ശ്രമമാണുണ്ടായിരിക്കുന്നത്. ചിത്രം ഞാനും കണ്ടു. പത്തുമുപ്പത് വർഷം മുന്നേ നടന്ന ഒറ്റപ്പെട്ട സംഭവത്തെ എടുത്തുകാട്ടി സാമാന്യവൽക്കരിക്കാനാണ് അതിൽ ശ്രമിക്കുന്നത്. വിവാദങ്ങൾ സൃഷ്ടിച്ച് സിനിമക്ക് അത് അർഹിക്കാത്ത പ്രാധാന്യവും മാധ്യമശ്രദ്ധയും ഉണ്ടാക്കിക്കൊടുക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഹുമൈദി പറയുന്നു.
അതേസമയം, അറബ് മേഖലയിൽനിന്നുള്ളവർ തന്നെ ഒരു വിഭാഗം ഈ വിമർശനങ്ങളെ പ്രതിരോധിക്കുന്നുമുണ്ട്. ഈ സിനിമയെ ഒരു ഒറ്റപ്പെട്ട സംഭവമായി കാണണമെന്നും ആവശ്യമില്ലാത്ത വിമർശനങ്ങൾ ഉയർത്തുന്നത് സിനിമക്ക് കൂടുതൽ പബ്ലിസിറ്റി നൽകാനാണ് ഉപകരിക്കുകയെന്നുമാണ് അവർ പറയുന്നത്.
നോവലിലെ കഥ സൗദിയിൽ അല്ല നടക്കുന്നതെന്ന വാദമാണ് നോവലിസ്റ്റ് ബെന്യാമിനുള്ളത്. സൗദിയിൽ ഉപയോഗിക്കാത്ത ‘അർബാബ്’എന്ന പ്രയോഗമാണ് അദ്ദേഹം അതിന് തെളിവായി ‘ഗൾഫ് മാധ്യമ’ത്തിന് നേരത്തെ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. റിയാദ് എയർപ്പോർട്ടിൽനിന്ന് പിക്കപ്പിൽ കയറ്റിക്കൊണ്ടുപോകുമ്പോൾ നജീബ് ഉറങ്ങിപ്പോവുകയാണ്. തിരിച്ചെത്തുമ്പോഴും അതാണവസ്ഥ. ഇതിനിടയിൽ അയാൾ എത്തിപ്പെട്ട ഏതോ ഭൂഭാഗത്തിലാണ് കഥ നടക്കുന്നത്. അത് മരൂഭൂമിയുള്ള എവിടെയുമാകാമെന്ന വാദമാണ് ബെന്യാമിൻ മുന്നോട്ട് വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.