അബഹ ബസപകടം: ഉംറ ഓഫിസുകളിൽ പരിശോധന
text_fieldsഅബഹ: നിരവധി ജീവൻ അപഹരിച്ച അബഹ ചുരത്തിലെ ബസ് അപകടത്തെത്തുടർന്ന് അസീർ മേഖലയിലെ ഉംറ ഏജൻസികളിൽ അധികൃതരുടെ പരിശോധന. അനധികൃതമായി പ്രവർത്തിച്ചിരുന്ന നിരവധി ജനറൽ സർവിസ്, ഉംറ ഓഫിസുകൾ അടച്ചുപൂട്ടി.
ഖമീസ് മുശൈത്തിലെ ‘ബറക്ക’ എന്ന ഉംറ ഏജൻസിയുടെ തീർഥാടകരുമായി മക്കയിലേക്ക് പുറപ്പെട്ട ബസാണ് അബഹക്കും മഹായിലിനുമിടയിലെ ഷഹാർ അൽറാബത് ചുരത്തിൽ ഇടിച്ചുമറിഞ്ഞ് കത്തി 21 പേരുടെ മരണത്തിനും 26 പേരുടെ പരിക്കിനും ഇടയായത്. ഇതേത്തുടർന്നാണ് ഖമീസ് മുശൈത്ത് ബലദിയ (മുനിസിപ്പാലിറ്റി) ഉദ്യോഗസ്ഥർ കർശന പരിശോധനയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 50ഓളം ഏജൻസി ഓഫിസുകളാണ് ഖമീസ് മുശൈത്ത് പട്ടണത്തിൽ തുറന്നത്. ഇതിൽ ഭൂരിപക്ഷവും മതിയായ അനുമതികളോ രേഖകളോ ഇല്ലാതെ അധികൃതമായി പ്രവർത്തിക്കുന്നതായിരുന്നു. പരിശോധനയിൽ അനധികൃതമെന്ന് കണ്ടെത്തിയവയാണ് ചൊവ്വാഴ്ച അധികൃതർ അടച്ചുപൂട്ടിയത്.
ബസ് അപകടത്തെത്തുടർന്ന് ഉംറ സർവിസ് സ്ഥാപനങ്ങളും സർവിസുകളും ബസുകളും ജീവനക്കാരെയും കർശന പരിരോധനക്ക് വിധേയമാക്കണമെന്ന് ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ നിരവധിപേർ ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്ച വൈകീട്ട് 4.30ഓടെയാണ് ബസ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് ചുരം റോഡിന്റെ വലിയ വളവിൽ കൈവരി തകർത്ത് കുഴിയിലേക്കുമറിഞ്ഞ് തീപിടിച്ച് കത്തിയമരുകയായിരുന്നു. ബസിലുണ്ടായിരുന്ന തീർഥാടകരിൽ രണ്ട് ഇന്ത്യക്കാരും അഞ്ച് യമനികളും രണ്ട് സുഡാൻ പൗരന്മാരും ഓരോ ഈജിപ്ഷ്യൻ, പാകിസ്താൻ പൗരന്മാരും കഴിഞ്ഞാൽ ബാക്കിയെല്ലാം ബംഗ്ലാദേശുകാരാണ്. ഇതിൽ 21 പേർ മരിച്ചു. ബാക്കി 26 പേർക്ക് പരിക്കേറ്റു.
മുഹമ്മദ് ബിലാൽ, റാസാ ഖാൻ എന്നീ ഇന്ത്യൻ പൗരന്മാരാണ് ബസിലുണ്ടായിരുന്നത്. രണ്ടുപേരും പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവർ മഹായിൽ ജനറൽ ആശുപത്രി, അബഹയിലെ അസീർ ആശുപത്രി, അബഹ സ്വകാര്യ ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.