ജീവിതത്തിനും തൂക്കുകയറിനുമിടയിൽ റഹീം; കേസ് പൊതുശ്രദ്ധയിലെത്തിച്ചത് 2007ൽ ‘ഗൾഫ് മാധ്യമം’
text_fields‘ഗൾഫ് മാധ്യമം’ റിയാദ് ലേഖകൻ നജീം കൊച്ചുകലുങ്ക് എഴുതുന്നു
റിയാദ്: 2006 ഡിസംബറിലാണ് സൗദി ബാലൻ അനസ് അൽ ശഹ്രിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമും ബന്ധുവും നല്ലളം സ്വദേശിയുമായ മുഹമ്മദ് നസീറും റിയാദിലെ ജയിലിലാകുന്നത്. 2007 ജൂലൈയിൽ മറ്റൊരു കൊലപാതക കേസിലെ പ്രതിയെ കാണാൻ ഈ ലേഖകനും സഹപ്രവർത്തകൻ ഷക്കീബ് കൊളക്കാടനും റിയാദ് മലസിലെ സെൻട്രൽ ജയിലിൽ ചെല്ലുന്നതുവരെ ഈ സംഭവം പൊതുസമൂഹം അറിഞ്ഞിരുന്നില്ല.
വളരെ യാദൃച്ഛികമായി അവിടെ സന്ദർശക ഗാലറിയിൽ രണ്ട് ലേയർ കമ്പിയഴികൾക്കപ്പുറം നിന്ന നസീർ ഞങ്ങൾ മലയാളികളാണെന്ന് മനസ്സിലാക്കി ഇങ്ങോട്ട് പരിചയപ്പെടുകയായിരുന്നു. എന്താണ് നിങ്ങളുടെ കേസ് എന്നന്വേഷിച്ചപ്പോൾ സൗദി ബാലൻ മരിച്ച കേസ് ആണെന്നും ഏഴു മാസമായി വിചാരണത്തടവിലാണെന്നും നസീർ പറഞ്ഞു. ഞാൻ എന്റെ മൊബൈൽ നമ്പർ ഒരു തുണ്ട് കടലാസിൽ എഴുതി കമ്പിയഴികൾക്കിടയിലൂടെ അകത്തേക്ക് എറിഞ്ഞുകൊടുത്തു. ഫോൺ വിളിക്കാൻ സൗകര്യം ലഭിച്ചയുടനെ നസീർ എന്നെ വിളിച്ചു. ഞാൻ തിരികെ വിളിച്ച് മുഴുവൻ വിവരങ്ങളുമെടുത്തു.
അടുത്ത ദിവസം ‘ഗൾഫ് മാധ്യമം’ അത് വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അതിനുശേഷം റഹീമും നസീറും നിരന്തരം ഞാനും ഷക്കീബുമായി ബന്ധപ്പെടാറുണ്ടായിരുന്നു; പിന്നീട് മറ്റ് മാധ്യമപ്രവർത്തകരുമായും. അവർക്ക് അതൊരു ആശ്വാസ കിളിവാതിൽ ആയി മാറുകയായിരുന്നു. കേസ് നടപടി മുന്നോട്ടുപോയി. 2011ലാണ് വിചാരണ പൂർത്തിയായി റിയാദ് ക്രിമിനൽ കോടതി പബ്ലിക് റൈറ്റ് പ്രകാരം തടവു ശിക്ഷയും പ്രൈവറ്റ് റൈറ്റ് പ്രകാരം വധശിക്ഷയും വിധിക്കുന്നത്.
ഇതോടെ നാട്ടുകാരും കെ.എം.സി.സിയുടെ മുൻകൈയിൽ റിയാദിലെ പ്രധാന പ്രവാസി സംഘടനകളും സാമൂഹികപ്രവർത്തകരും വധശിക്ഷ ഒഴിവാക്കിക്കാനും ഇരുവരെയും ജയിൽ മോചിതരാക്കാനുമുള്ള ശ്രമവുമായി രംഗത്തുവന്നു. നിയമസഹായ സമിതി രൂപവത്കരിച്ച് ഇന്ത്യൻ എംബസിയെ സമീപിച്ചു. അന്നത്തെ അംബാസഡർ തൽമീസ് അഹമ്മദ് നയതന്ത്ര ചാനൽ വഴി മോചനസാധ്യതകൾ ആരാഞ്ഞു.
ആ സമയത്ത് റിയാദിലെത്തിയ അന്നത്തെ വിദേശ സഹമന്ത്രി ഇ. അഹമ്മദ് ഇക്കാര്യത്തിൽ സാധ്യമായ ഇടപെടലുകൾ നടത്താൻ ഇന്ത്യൻ മിഷനെ ചുമതലപ്പെടുത്തി. തുടർന്ന് കെ.എം.സി.സി നേതാവ് അഷ്റഫ് വേങ്ങാട്ടിന്റെ നേതൃത്വത്തിൽ പ്രതിഭാഗം അഭിഭാഷകനെ വെച്ച് അപ്പീൽ കോടതിയെ സമീപിച്ചു. വധശിക്ഷ നടപ്പാക്കുന്നതിൽ സാവകാശം നേടാൻ അതുകൊണ്ട് കഴിഞ്ഞെങ്കിലും മേൽക്കോടതി അപ്പീൽ തള്ളി വധശിക്ഷ ശരിവെക്കുകയാണുണ്ടായത്.
ഈ കാലയളവിൽ കേസ് കൈകാര്യംചെയ്തിരുന്ന ജഡ്ജി മാറി പുതിയ ജഡ്ജി വന്നതും അതിനെടുത്ത കാലതാമസവും എല്ലാംകൂടി കൂടുതൽ സമയം കിട്ടാൻ അനുകൂല ഘടകമായി. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി പരമോന്നത നീതിപീഠം വധശിക്ഷ ശരിവെച്ചു. ഇതിനിടയിൽ ബാലന്റെ പിതാവ് മരിച്ചുപോയിരുന്നു. നേരിട്ട് കുടുംബവുമായി ബന്ധപ്പെടാൻ നിയമസഹായ സമിതി ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. റിയാദിലെ ഇന്ത്യൻ എംബസി കേസിന്റെ തുടക്കം മുതലേ നിയമപരമായ സഹായം നൽകി. എംബസിയിലെ മലയാളി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരിയെയാണ് ഇതിനായി ഔദ്യോഗികമായി ചുമതലപ്പെടുത്തിയിരുന്നത്.
റഹീമിനെ ഇതിനിടയിൽ മലസിലെ സെൻട്രൽ ജയിലിൽനിന്ന് റിയാദിലെതന്നെ അൽഹൈർ ജയിലിലേക്ക് മാറ്റി. എട്ടുവർഷം പൂർത്തിയായ 2016ൽ സഹായസമിതിയുടെ ശ്രമഫലമായി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ നസീർ നാട്ടിലേക്ക് മടങ്ങി. റഹീമിന്റെ സുപ്രീംകോടതിയിലെ അപ്പീലിൽ തീർപ്പുണ്ടാകുന്നത് 2023ലാണ്. എന്നാൽ അതിനുമുമ്പ് സഹായസമിതി വാദിഭാഗത്തെ നേരിട്ട് ബന്ധപ്പെട്ട് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള അവസാന വട്ട ശ്രമം നടത്തി. അത് പതിയെ ഫലം കണ്ടുതുടങ്ങി.
2022 സെപ്റ്റംബറിൽ ചർച്ച വിജയംകണ്ടു. ഒന്നര കോടി സൗദി റിയാൽ ദിയാധനമായി നൽകിയാൽ മാപ്പുനൽകാമെന്ന് കുടുംബം അറിയിച്ചു. ഒടുവിൽ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കുടുംബത്തിന്റെ ഈ അറിയിപ്പ് ഇന്ത്യൻ എംബസിക്ക് ലഭിക്കുന്നത് 2023 ഒക്ടോബറിലാണ്. റിയാദ് മൻസൂറയിലാണ് സൗദി കുടുംബത്തിന്റെ വീട്.
അവിടെ നിന്ന് അസീസിയയിലേക്കുള്ള യാത്രക്കിടയിലാണ് ഒരു സിഗ്നലിൽവെച്ച് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. സംഭവം ഉണ്ടായപ്പോൾ എന്തുചെയ്യണമെന്നറിയാതെ പരിഭ്രമത്തിലായ റഹീമിന് റിയാദിൽ ഒരു സഹായത്തിന് വിളിക്കാൻ നസീറിന്റെ നമ്പറേ കൈയിലുണ്ടായിരുന്നുള്ളൂ.
അങ്ങനെയാണ് ആ വിളി നസീറിന്റെ ഫോണിലേക്ക് പോകുന്നത്. നസീർ ഉടൻ സംഭവസ്ഥലത്ത് എത്തി. അവിടെ വെച്ച് ഇരുവരും ആദ്യമായി നേരിൽക്കണ്ടു. ആ കൂടിക്കാഴ്ച ജയിലിലേക്കുള്ള ഒരുമിച്ചുള്ള യാത്രയുടെ തുടക്കമാണെന്ന് അവർ അറിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.