അബ്ദുല്ല ഭക്ഷണവും പരിചരണവും നൽകി: സ്നേഹം തിരികെ നൽകി പ്രാവുകളും പൂച്ചകളും
text_fieldsദമ്മാം: അബ്ദുല്ലയുടെ നിഴൽവെട്ടം കാണുേമ്പാഴേ അവർ ഓടിയടുക്കും. അവരുടെ പ്രിയപ്പെട്ട അബ്ദുല്ലയെത്തുന്നത് തങ്ങളെ സ്നേഹത്തോടെ പരിചരിച്ച് തീറ്റ നൽകാനാെണന്ന് അവർക്കറിയാം. അൽ ഖോബാറിൽ താമസിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥി അബ്ദുല്ലക്ക് പൂച്ചകളും പ്രാവുകളും ജീവിതത്തിെൻറ ഭാഗം തന്നെയാണ്. അവയെ ലാളിക്കുകയും പരിചരിക്കുകയും ചെയ്യുേമ്പാൾ തിരികെ കിട്ടുന്ന സ്നേഹത്താൽ മതിമറക്കുകയാണ് ഈ കരുണയുള്ള ബാലൻ.
വീട്ടിലും പരിസരങ്ങളിലുമുള്ള നിരവധി പൂച്ചകളും തുഖ്ബ ഖബർസ്ഥാനിലെ നൂറുകണക്കിന് പ്രാവുകളുമാണ് അബ്ദുല്ലയെ കാത്തിരിക്കുന്നത്. എട്ടു പൂച്ചകളെയാണ് സ്വന്തം വീട്ടിൽ വളർത്തുന്നത്. ചിലർ തങ്ങളുടെ ഗർവ് കാണിക്കാൻ വളർത്തുന്ന വിലയേറിയ മുന്തിയ ഇനം പൂച്ചകളല്ലയിവ.
അവയിൽ പലതിനും അബ്ദുല്ല ദാനം നൽകിയ ജീവിതത്തിെൻറ കഥയുണ്ട് പറയാൻ. കോവിഡ് കാലത്ത് അടുത്തുള്ള ബക്കാലയിൽ സാധനം വാങ്ങാൻ പോയപ്പോൾ പരിസരത്ത് കണ്ടത് ദേഹമാകെ വ്രണങ്ങൾ വന്ന് വേദനയിൽ പുളയുന്ന പൂച്ചയെ ആണ്. അസുഖം വന്നതോടെ തൊട്ടടുത്ത വീട്ടുകാർ ഉപേക്ഷിച്ചതാെണന്ന് ബക്കാലയിലെ ജീവനക്കാരൻ പറഞ്ഞു. അബ്ദുല്ല മറ്റൊന്നും ആലോചിച്ചില്ല.
അതിനെയുമെടുത്ത് മൃഗാശുപത്രിയിലേക്ക് പോയി. കോവിഡ്കാലമായതിനാൽ അവിടെ പ്രവർത്തനമുണ്ടായിരുന്നില്ല. നിരാശനാവാതെ വീട്ടിലേക്ക് കൊണ്ടുവന്നു കുളിപ്പിച്ച് വൃത്തിയാക്കി മരുന്നുകൾ പുരട്ടി ശുശ്രൂഷിച്ചു. ഏതാണ്ട് ഒരുമാസം കഴിഞ്ഞപ്പോഴേക്കും രോഗമൊക്കെ മാറി. തന്നെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതിെൻറ സ്നേഹമാകും അബ്ദുല്ല പോകുന്നിടങ്ങളിലെല്ലാം ഒരു നിഴൽപോലെ അവനും പിന്തുടരും. കുടുംബവുമൊത്ത് ഔട്ടിങ്ങിന് പോകുന്നതിനിടയിലാണ് ഒരുവർഷം മുമ്പ് മഴയിൽ കുതിർന്ന് വിറച്ചുനിൽക്കുന്ന മറ്റൊരു പൂച്ച അബ്ദുല്ലയുടെ ശ്രദ്ധയിൽപെട്ടത്.
കാറിൽനിന്നിറങ്ങി അവനെയും ഒപ്പം കൂട്ടി. ഇങ്ങനെ പലയിടങ്ങളിൽനിന്നായി ലഭിച്ച എട്ടു പേർ കൂട്ടിനുണ്ട്. കൂടാതെ, പരിസരങ്ങളിലുള്ള മിക്ക പൂച്ചകൾക്കും ആഹാരം എത്തിച്ചുകൊടുക്കുന്നുമുണ്ട്. അബ്ദുല്ലയുടെ പ്രവൃത്തിയെക്കുറിച്ച് അറിയാവുന്ന അടുത്ത മൃഗാശുപത്രിയിലെ ഡോക്ടർ മിക്കപ്പോഴും വീട്ടിലെത്തി സൗജന്യമായി പൂച്ചകളെ ചികിത്സിക്കാറുമുണ്ട്. എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്കാരം കഴിഞ്ഞ് വാപ്പയുമൊത്ത് അബ്ദുല്ല തുഖ്ബയിലെ ഖബർസ്ഥാനിലെത്തും. വാപ്പയുടെ ഉറ്റ സുഹൃത്തായിരുന്ന അങ്കിളിെൻറ ഖബറിനടുത്ത് ചെന്ന് പ്രാർഥിക്കും.
അപ്പോഴേക്കും അവിടത്തെ അന്തേവാസികളായ നൂറുകണക്കിന് പ്രാവുകൾ പറന്നെത്തിയിട്ടുണ്ടാകും. അവർക്കറിയാം അവർക്കുള്ള ഗോതമ്പുമണികളുമായാണ് അബ്ദുല്ല എത്തിയിരിക്കുന്നതെന്ന്. ഏറെ നേരം ഗോതമ്പുമണികളും വെള്ളവും നൽകിയിട്ടേ തിരികെപ്പോകൂ.
മകെൻറ ജീവകാരുണ്യ പ്രവൃത്തിക്ക് എല്ലാപിന്തുണയും നൽകി ഒപ്പം നിൽക്കുകയാണ് ദമ്മാമിലെ അറിയപ്പെട്ടുന്ന സാമൂഹിക പ്രവർത്തകരായ സി.കെ. ഷെഫീക്കും ഭാര്യ സജിതയും. സഹോദരിമാരായ ആമിനയും ആയിഷയും അബ്ദുല്ലക്ക് കട്ട സപ്പോർട്ടുമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.