കരുണവറ്റാത്തവരുടെ കനിവിൽ അബ്ദുറഹ്മാൻ നാടണയും
text_fieldsസുലൈമാൻ വിഴിഞ്ഞം
റിയാദ്: കഴിഞ്ഞ എട്ടുമാസമായി ജോലി നഷ്ടപ്പെട്ടും ആരോഗ്യ കാരണങ്ങളാലും പ്രയാസപ്പെട്ടിരുന്ന മലയാളിക്ക് സാമൂഹിക പ്രവർത്തകർ തുണയായി.
35 വർഷമായി സൗദിയിലുള്ള കാസർകോട് സ്വദേശി അബ്ദുറഹ്മാനാണ് (60) നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയത്. കഴിഞ്ഞ നാല് വർഷമായി റിയാദിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന അബ്ദുറഹ്മാൻ എട്ടുമാസം മുമ്പാണ് രോഗബാധിതനായത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം ജോലി ചെയ്യാൻ കഴിയാതായി.
രണ്ടര വർഷമായി സ്പോൺസറുടെ നിസ്സഹകരണം മൂലം ഇഖാമ പുതുക്കാൻ കഴിയാതിരുന്ന അബ്ദുറഹ്മാന് നാട്ടിലേക്ക് മടങ്ങാനും കഴിയാത്ത അവസ്ഥയിൽ വിഷമിക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകൻ സുലൈമാൻ വിഷയത്തിൽ ഇടപെടുകയും സാമൂഹിക പ്രവർത്തകരുടെ സഹായം അഭ്യർഥിക്കുകയുമായിരുന്നു.
ഒടുവിൽ കൂട്ടായ പരിശ്രമത്തിൽ നിയമ തടസ്സങ്ങൾ ഒഴിവാക്കി തർഹീൽ വഴി ഫൈനൽ എക്സിറ്റ് നേടി. ആരോഗ്യ പ്രശ്നങ്ങൾ പ്രയാസപ്പെടുത്തിയിരുന്ന അബ്ദുറഹ്മാന് റിയാദിലെ അൽറയാൻ ആശുപത്രിയിലെ ഡോ. സഫീർ ഖാൻ ചികിത്സക്കുള്ള സൗകര്യങ്ങൾ ഒരുക്കി.
നിയമ തടസ്സങ്ങൾ മാറ്റിക്കിട്ടുന്നതിന് സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ഹുസൈൻ ദവാദ്മി, നിഹ്മത്തുല്ല, നിസാം മലസ്, സിദ്ദീഖ് നെടുങ്ങോട്ടൂർ, സുഹൈൽ കൂടാളി എന്നിവർ രംഗത്തുണ്ടായിരുന്നു. സൗദി മീഡിയ സിസ്റ്റം കമ്പനിയിലെ മലയാളി കൂട്ടായ്മ വിമാനടിക്കറ്റ് സൗജന്യമായി നൽകി.
കാസർകോട് സ്വദേശി അബ്ദുല്ലയും സുഹൃത്തുക്കളും നൽകിയ സമ്മാനങ്ങളുമായി അടുത്തദിവസം റിയാദിൽനിന്ന് കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് ചാർട്ടേഡ് വിമാനത്തിൽ അബ്ദുറഹ്മാൻ നാട്ടിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.