നനുത്ത സ്പർശമായി അബഹയിലെ 'മഞ്ഞുപാത'
text_fieldsജുബൈൽ: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ പ്രദേശത്തെ അബഹ മലനിരകൾക്ക് മുകളിൽ മഞ്ഞ് പുതച്ചുകിടക്കുന്ന കാൽനടപ്പാത (ഫോഗ് വാക്ക്വേ) വിനോദ സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാകുന്നു. മഞ്ഞിനാൽ ആവരണം ചെയ്ത മലനിരകൾ കൺകുളിർക്കെ കണ്ട്, പുക പോലെ വന്നണയുന്ന ഹിമപാളികളെ തഴുകി മലമുകളിലേക്കുള്ള നടത്തം മേഘങ്ങൾക്കിടയിലൂടെ നടക്കുന്നതായുള്ള അനുഭവം പകർന്നുനൽകും.
സൗദിയിലെ വേനൽകാലം അതിെൻറ പാരമ്യതയിൽ എത്തിനിൽക്കെ, അബഹയിലെ അൽ ദബാബ് പരിസരത്ത് സ്ഥിതിചെയ്യുന്ന 14 മീറ്റർ വീതിയുള്ള എലവേറ്റഡ് നടപ്പാത കാണാൻ ദിനവും നൂറുകണക്കിന് സഞ്ചാരികൾ എത്തുന്നു. മനോഹരമായ പർവത കാഴ്ചകൾ, ഇരിപ്പിടങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവയുൾപ്പെടുന്ന ഏഴു കിലോമീറ്റർ പ്രകൃതിയിലൂടെയുള്ള സഞ്ചാരമാണ് പകർന്നു നൽകുക.
നിറമുള്ള കല്ലുകൾ പാകി, വേലിയും വഴിയോര വിളക്കുകളും സ്ഥാപിച്ച് നടപ്പാതയെ വൃത്തിയും വെടിപ്പുമുള്ളതാക്കിയിട്ടുണ്ട്. റസ്റ്റാറൻറുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവ സേവനവും സുരക്ഷിതത്വവും വർധിപ്പിക്കുന്നു. ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും ആകർഷണീയമായ വിനോദ സഞ്ചാരകേന്ദ്രമായി മാറിക്കഴിഞ്ഞ അബഹ കുടുംബങ്ങൾക്കും കുട്ടികൾക്കും സുഹൃത്തുക്കൾക്കും അവിസ്മരണീയമായ യാത്രാനുഭവമാവുകയാണ്.
വിനോദ സഞ്ചാരമേഖലയെ വിപുലീകരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണ് അബഹയിലെ നടപ്പാത സ്ഥാപിക്കപ്പെട്ടത്. അൽ സുദ, അൽ ഹബ്ല, അൽ ഖുർആ, അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസ് പാർക്ക് എന്നിവയുൾപ്പെടെ മേഖലയിലെ വിവിധയിടങ്ങളിൽ ധാരാളമായി സഞ്ചാരികൾ എത്തുന്നുണ്ട്. അസീറിെൻറ മാത്രം പ്രത്യേകതയായ വെള്ളച്ചാട്ടങ്ങൾ ജനപ്രിയമായിക്കഴിഞ്ഞു. 350 വർഷത്തിലേറെ പഴക്കമുള്ളതും വാസ്തുവിദ്യശൈലിക്ക് പേരുകേട്ടതുമായ 'റിജൽ അൽമ' പൈതൃക ഗ്രാമത്തിനും ബല്ലാമർ, ബില്ലാസ്മാർ വനങ്ങൾക്കുമായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ അസീറിനെ ഉയർത്തിക്കാട്ടുകയും അവിടുത്തെ മികച്ച ടൂറിസം പദ്ധതികളെ പ്രശംസിക്കുകയും ചെയ്തു. സമാനതകളില്ലാത്ത പ്രകൃതിദത്ത സൗന്ദര്യങ്ങളും അതുല്യമായ സാംസ്കാരിക പൈതൃകവും അസീർ വാഗ്ദാനം ചെയ്യുന്നുവെന്ന് സംഘടന സെക്രട്ടറി ജനറൽ സുറാബ് പൊളോളികാഷ്വിലി വ്യക്തമാക്കി. വിനോദസഞ്ചാരികൾക്കും ഈ മേഖലയിലെ സന്ദർശകർക്കും 'സ്പിരിറ്റ് ഓഫ് സൗദി പ്ലാറ്റ്ഫോം' നൽകുന്ന ടൂറിസ്റ്റ് സേവനങ്ങളുടെ പ്രയോജനം നേടാം. ഹൈക്കിങ്, പർവതാരോഹണം തുടങ്ങിയ സാഹസിക പ്രവർത്തനങ്ങളടക്കം വിവിധ പ്രദേശങ്ങൾ സന്ദർശിക്കാനുള്ള അവസരവും നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.