അബീർ എക്സ്പ്രസ് പ്രവാസി ചാമ്പ്യൻസ് ട്രോഫി; സബീൻ എഫ്.സി, ബ്ലാസ്റ്റേഴ്സ് എഫ്.സി ഫൈനലിൽ
text_fieldsജിദ്ദ: പ്രവാസി വെൽഫെയർ 10ാം വാർഷികത്തോടനുബന്ധിച്ച് സൗദി പടിഞ്ഞാറൻ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിച്ച ‘അബീർ എക്സ്പ്രസ് പ്രവാസി ചാമ്പ്യൻസ് ട്രോഫി’ ഇലവൻസ് ഫുട്ബാൾ ടൂർണമെന്റിലെ സെമി ഫൈനലുകൾ കഴിഞ്ഞ ആഴ്ച നടന്നു. വസീരിയ അൽ തആവുൻ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ശക്തരായ ചാംസ് സബീൻ എഫ്.സിയും അബീർ ആൻഡ് ടെക്സോപാക്ക് ബ്ലാസ്റ്റേഴ്സ് എഫ്.സിയും ഫൈനലിൽ പ്രവേശിച്ചു. വെറ്ററൻസ് വിഭാഗം ഫൈനലിൽ സമാ യുനൈറ്റഡ് ഫുട്ബാൾ ലവേഴ്സ്, ജിദ്ദ ഫ്രൈഡേ ഫ്രണ്ട്സിനെയും, ജൂനിയർ വിഭാഗം ഫൈനലിൽ അംലാക് ആരോ ടാലൻറ് ടീൻസ്, സ്പോർട്ടിങ് യുനൈറ്റഡിനെയും നേരിടും.
വെറ്ററൻസ് വിഭാഗത്തിലെ രണ്ടാം സെമി ഫൈനലിൽ ജിദ്ദ ഫ്രൈഡേ ഫ്രണ്ട്സ് ടൈ ബ്രേക്കറിൽ ബനിമാലിക് എഫ്.സിയെ പരാജയപ്പെടുത്തി. ഫ്രൈഡേ ഫ്രണ്ട്സ് ഗോൾകീപ്പർ ഷുഹൈബ് മാൻ ഓഫ് ദ മാച്ചായി. അൽ അബീർ മാർക്കറ്റിങ് മാനേജർ കുഞ്ഞാലി മാൻ ഓഫ് ദ മാച്ച് ട്രോഫി സമ്മാനിച്ചു. ജൂനിയർ വിഭാഗത്തിലെ ആദ്യ സെമിയിൽ അംലാക് ആരോ ടാലന്റ് ടീൻസ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് സോക്കർ ഫ്രീക്സിനെ പരാജയപ്പെടുത്തി. ടാലന്റ് ടീൻസിന്റെ മുഹമ്മദ് ഷിഹാൻ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. പ്രവാസി വെൽഫെയർ പ്രൊവിൻസ് ജനറൽ സെക്രട്ടറി യൂസുഫലി പരപ്പൻ ട്രോഫി നൽകി. ജൂനിയർ വിഭാഗത്തിലെ രണ്ടാം സെമിയിൽ സ്പോർട്ടിങ് യുനൈറ്റഡ് രണ്ടു ഗോളുകൾക്ക് ജെ.എസ്.സി സോക്കർ അക്കാദമിയെ പരാജയപ്പെടുത്തി. സ്പോർട്ടിങ് യുനൈറ്റഡിലെ മുഹമ്മദ് സഹാമിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. അബീർ എക്സ്പ്രസ് മാർക്കറ്റിങ് മാനേജർ ഹമീദ് മികച്ച കളിക്കാരനുള്ള ട്രോഫി നൽകി.
സിഫിന് കീഴിലുള്ള ശക്തരായ നാല് ടീമുകൾ അണിനിരന്ന സീനിയർ വിഭാഗം രണ്ടു സെമിയും കാണികൾക്ക് ആവേശകരമായ ഫുട്ബാൾ അനുഭവമായി. കേരളത്തിൽനിന്നും റിയാദ്, ദമ്മാം, യാംബു എന്നിവിടങ്ങളിൽ നിന്നുമെത്തിയ നിരവധി താരങ്ങൾ അണിനിരന്ന രണ്ടു മത്സരങ്ങളും ഉയർന്ന നിലവാരം പുലർത്തി.
അബീർ ബ്ലൂ സ്റ്റാർ സലാമത്തക് എഫ്.സിയും ടെക്സോ പാക്ക് ആൻഡ് അബീർ ബ്ലാസ്റ്റേഴ്സ് എഫ്.സിയും തമ്മിൽ നടന്ന ഒന്നാം സെമിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് ടെക്സോ പാക്ക് ആൻഡ് അബീർ ബ്ലാസ്റ്റേഴ്സ് എഫ്.സി വിജയിച്ചു. ബ്ലാസ്റ്റേഴ്സിന് വേണ്ടി പ്രതിരോധം തീർത്ത ക്യാപ്റ്റൻ ഇക്ബാൽ മത്സരത്തിൽ മാൻ ഓഫ് ദ മാച്ചായി. തനിമ സൗദി കേന്ദ്ര പ്രസിഡൻറ് നജ്മുദ്ദീൻ അമ്പലങ്ങാടൻ ട്രോഫി കൈമാറി. തുല്യശക്തികളുടെ പോരാട്ടം കണ്ട രണ്ടാം സെമിഫൈനലിൽ അറബ് ഡ്രീംസ് എ.സി.സി എഫ്.സിയും, ചാംസ് സബീൻ എഫ്.സിയും തമ്മിൽ നടന്ന പോരാട്ടത്തിൽ എക്സ്ട്രാ ടൈമും കഴിഞ്ഞു ടൈ ബ്രേക്കറിലൂടെ ചാംസ് സബീൻ എഫ്.സി വിജയം കണ്ടു. ടൈ ബ്രേക്കറിൽ എ.സി.സിയുടെ രണ്ടു ഗോളുകൾ തടുത്തിട്ട് സബീൻ എഫ്.സിക്ക് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ച ഗോൾ കീപ്പർ നിഹാലായിരുന്നു മാൻ ഓഫ് ദ മാച്ച്. ഫോക്കസ് ജിദ്ദ മേധാവി അബ്ദുൽ റഷാദ് മാൻ ഓഫ് ദ മാച്ച് ട്രോഫി നൽകി.
സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) ജനറൽ സെക്രട്ടറി നിസാം മമ്പാട്, വൈസ് പ്രസിഡൻറ് സലിം മമ്പാട്, മുൻ പ്രസിഡൻറ് ഹിഫ്സുറഹ്മാൻ, ഇസ്മായിൽ മുണ്ടക്കുളം, സലാഹ് കാരാടൻ, ഡോ. മുർഷിദ്, കബീർ കൊണ്ടോട്ടി, വാസു ഹംദാൻ, സി.ടി. ശിഹാബ്, സാദിഖലി തുവ്വൂർ, ഷെറി മഞ്ചേരി, നാസർ ഫറോക്ക്, നിസാം പാപ്പറ്റ, ഇസ്മായിൽ കല്ലായി, സക്കീർ, അബ്ദുൽ മജീദ്, അൻവർ വടക്കാങ്ങര, സി.എച്ച്. ബഷീർ, കുഞ്ഞാലി, ആലുങ്ങൽ ചെറിയ മുഹമ്മദ്, സമീർ, ഖാലിദ് എന്നിവർ വിവിധ മത്സരങ്ങളിൽ കളിക്കാരുമായി പരിചയപ്പെട്ടു. വെറ്ററൻസ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ഫൈനൽ മത്സരങ്ങൾ അടുത്ത വെള്ളിയാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.