അബൂബക്കർ മേഴത്തൂർ പ്രവാസം അവസാനിപ്പിക്കുന്നു
text_fieldsയാംബു: മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് മത, സാമൂഹിക, ജീവകാരുണ്യരംഗത്തെ സജീവപ്രവർത്തകൻ അബൂബക്കർ മേഴത്തൂർ നാട്ടിലേക്ക്. 1991ൽ ജിദ്ദ ഇസ്‍ലാമിക് പോർട്ടിൽ ജീവനക്കാരനായി പ്രവാസം ആരംഭിച്ച പാലക്കാട് തൃത്താലയിലെ മേഴത്തൂർ സ്വദേശിയായ അബൂബക്കർ ജുബൈലിലും കുറച്ചുകാലം ജോലി ചെയ്തു. പിന്നീട് പ്രവാസത്തിന്റെ നീണ്ടകാലവും യാംബുവിലായിരുന്നു.
ഗ്ലോബൽ എൻവയൺമെന്റൽ മാനേജ്‌മെന്റ് സർവിസസ് (ജെംസ്) കമ്പനിയിൽ വിവിധ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച അബൂബക്കർ കമേഴ്‌സ്യൽ ഓപറേഷൻ ഡയറക്ടര്‍ പദവിയിൽ നിന്നാണ് വിരമിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ നാഷനൽ പ്രസിഡന്റാണിപ്പോൾ. വിവിധ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യാംബു മലയാളി അസോസിയേഷന്റെ (വൈ.എം.എ) പ്രസിഡന്റായി നീണ്ടകാലം പ്രവർത്തിച്ചു. വൈ.എം.എക്ക് കീഴിൽ 'നന്മ യാംബു'വിന്റെ രൂപവത്കരണത്തിന് നേതൃപരമായ പങ്കുവഹിച്ചു.
ജാലിയാത്ത് കോഓഡിനേറ്ററായിരുന്നു. യാംബു ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ സ്ഥാപകാംഗം കൂടിയായ അദ്ദേഹം യാംബു ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ചെയർമാൻ, പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ പല സ്ഥാനങ്ങളും നിർവഹിച്ചിട്ടുണ്ട്. വൈ.എം.എയുടെ കീഴിൽ ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നും നാട്ടിൽനിന്നും കഴിയുന്ന സേവനങ്ങൾ വൈ.എം.എ യുമായി സഹകരിച്ച് ചെയ്യാൻ ശ്രമിക്കുമെന്നും അബൂബക്കർ മേഴത്തൂർ 'ഗൾഫ് മാധ്യമ' ത്തോട് പറഞ്ഞു.
അനീഷയാണ് ഭാര്യ. മക്കൾ: ഡോ. അബ്‌ദുൽ ഹഖ്, അസ്‌ലഹ (മെഡിസിൻ ഫൈനൽ വിദ്യാർഥിനി), അമീറ (ബി.ബി.എ വിദ്യാർഥിനി, ദുബൈ യൂനിവേഴ്സിറ്റി). മരുമകൻ: ഡോ. ഷെഹീം. ഈ മാസം അവസാനം നാട്ടിലേക്ക് മടങ്ങുന്ന അബൂബക്കർ മേഴത്തൂരുമായി 0567003263 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.