ഹജ്ജിന് 25,000ത്തോളം മലയാളി തീർഥാടകർ, നയിക്കാൻ 108 വളൻറിയർമാർ
text_fieldsമക്ക: കേരളത്തിലെ മൂന്ന് എംബാർക്കേഷൻ പോയിൻറുകൾ വഴി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ 18,201ഉം സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിലെത്തിയതും ഉൾപ്പടെ 25,000ത്തോളം തീർഥാടകർ ഹജ്ജ് കർമങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു. ഇവർ വ്യാഴാഴ്ച രാത്രിയോടെ മിനായിലേക്ക് പുറപ്പെടും.
ഇന്ത്യൻ ഹജ്ജ് മിഷെൻറ മാർഗനിർദേശങ്ങൾക്ക് കീഴിലാണ് ഇവരുടെ ചലനങ്ങൾ. പൊലീസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി കേരളത്തിലെ വിവിധവകുപ്പുകളിൽ നിന്നെത്തിയ സർക്കാർ ജീവനക്കാരായ 108 വളൻറിയർമാരാണ് മലയാളി തീർഥാടകരെ നയിക്കുന്നത്. പ്രത്യേകം പരിശീലനം ലഭിച്ച ഈ വളൻറിയർമാർ ഹജ്ജ് ദിനങ്ങളിൽ ഹാജിമാർക്ക് തുണയാവും.
വളൻറിയർ ക്യാപ്റ്റൻ കാസർകോട് സ്വദേശി കെ.എ. മുഹമ്മദ് സലീമിനാണ് നേതൃത്വം. കഴിഞ്ഞദിവസം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി വളൻറിയർമാരുമായി യോഗം ചേർന്നിരുന്നു. വളൻറിയർമാർക്ക് ആവശ്യമായ നിർദേശങ്ങൾ അദ്ദേഹം പരിപാടിയിൽ പങ്കുവെച്ചു. ഇത്തവണ കൂടുതൽ തയ്യാറെടുപ്പുകളാണ് സൗദി ഭരണകൂടം ഹാജിമാർക്കായി ഒരുക്കിയിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഇത്തവണ 3,600ഓളം ‘ആൺതുണയില്ലാ’ വനിതാ തീർഥാടകരും ഹജ്ജിനുണ്ട്. ഇവർക്ക് ആവശ്യമായ സേവനം ചെയ്യുന്നതിനായി 18 വനിതാ വളൻറിയർമാർ ഒപ്പമുണ്ട്. ആൺ തുണയില്ലാതെ എത്തുന്ന തീർഥാടകർക്ക് വേണ്ട നിർദേശങ്ങളും സഹായങ്ങളും ചെയ്യുകയാണ് നാട്ടിൽ നിന്നെത്തിയ വനിത വളൻറിയർമാരുടെ ജോലി.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലെത്തിയ തീർഥാടകർക്ക് ബലികൂപ്പൺ, അദാഹി കൂപ്പൺ എന്നിവ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ഭൂരിഭാഗം ഹാജിമാരും ബസ്മാർഗമാണ് ഹജ്ജ് പ്രദേശങ്ങളിൽ യാത്ര ചെയ്യുക. മാശായിർ മെട്രോ സ്റ്റേഷന് അടുത്തുള്ള ടെൻറുകളിലുള്ള മലയാളി തീർഥാടകർക്ക് മെട്രോ സംവിധാനവും ലഭിക്കും. സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിലെത്തിയ നാലു തീർഥാടകർ കഴിഞ്ഞ ദിവസങ്ങളിലായി വിവിധ രോഗങ്ങൾ ബാധിച്ച് മരണപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.