കിങ് ഫഹദ് കോസ്വേ വഴി യാത്രാനടപടി എളുപ്പമാക്കാൻ ‘അബ്ഷിർ ട്രാവൽ’
text_fieldsജിദ്ദ: ദമ്മാമിൽനിന്ന് കിങ് ഫഹദ് കോസ്വേ വഴി ബഹ്റൈനിലേക്ക് പോകുന്നവർക്ക് പാസ്പോർട്ട് നടപടി എളുപ്പമാക്കുന്നതിന് സൗദി ജവാസത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ‘അബ്ഷിർ ട്രാവൽ’ എന്ന സേവനം ആരംഭിച്ചു. റിയാദിൽ നടക്കുന്ന അബ്ഷിർ ഫോറം എട്ടാം സമ്മേളനത്തിലാണ് പുതിയ സേവനങ്ങൾ പാസ്പോർട്ട് വകുപ്പ് പ്രഖ്യാപിച്ചത്. പൗരന്മാർ, വിദേശി താമസക്കാർ, സന്ദർശകർ എന്നിവരുൾപ്പെടെയുള്ളവർക്ക് കൂടുതൽ സേവനം നൽകുന്നതിനാണ് പുതിയ ആപ്ലിക്കേഷനുകൾ അബ്ഷിർ പ്ലാറ്റ്ഫോമിൽ ആരംഭിച്ചിരിക്കുന്നത്.
ബഹ്റൈനിലേക്ക് പുറപ്പെടുന്നതിന് കിങ് ഫഹദ് കോസ്വേ പാസ്പോർട്ട് കേന്ദ്രത്തിലേക്ക് വരുന്നതിന് മുമ്പ് അപ്പോയ്ൻമെന്റ് ബുക്ക് ചെയ്യാൻ പൗരന്മാരെയും താമസക്കാരെയും പ്രാപ്തമാക്കുന്നതാണ് ‘അബ്ഷിർ ട്രാവൽ’ സേവനമെന്ന് പാസ്പോർട്ട് വക്താവ് മേജർ നാസർ അൽ ഉതൈബി പറഞ്ഞു.
കിങ് ഫഹദ് കോസ്വേയിലെ തിരക്ക് സംബന്ധിച്ച് ഗുണഭോക്താവിനെ ഇതിലൂടെ അറിയിക്കും. കാത്തിരിപ്പ് സമയം കുറക്കാനും സാധിക്കും. പാസ്പോർട്ട് അപ്പോയ്ൻമെന്റ് ബുക്ക് ചെയ്യാനും കൂടെയുള്ളവരുടെ എല്ലാ വിശദാംശങ്ങളും ചേർക്കാനും കഴിയുമെന്ന് വക്താവ് പറഞ്ഞു. സ്വദേശികൾക്ക് പാസ്പോർട്ട് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനും ഫീസ് അടക്കുന്നതിനുമുള്ള സേവനവും പ്ലാറ്റ്ഫോമിൽ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ബാങ്ക് വഴി മാത്രമായിരുന്നു ഫീസ് അടക്കാൻ സാധിച്ചിരുന്നത്. പുതിയ സംവിധാനം വന്നതോടെ ഗുണഭോക്താവിന് പാസ്പോർട്ട് പുതുക്കുന്ന പ്രക്രിയ സുഗമമാകുമെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.